ന്യൂഡല്‍ഹി: നടിയെ അക്രമിച്ച കേസില്‍ അന്വേഷണ ഉദ്യോഗസ്ഥന്‍ ബൈജു പൗലോസിനെ വിചാരണക്കോടതിയില്‍ വിസ്തരിക്കുന്നതിന്റെ രേഖകള്‍ ഹാജരാക്കാന്‍ സുപ്രീം കോടതി നിര്‍ദേശം. സംസ്ഥാന സര്‍ക്കാരിനാണ് സുപ്രീം കോടതി നിര്‍ദേശം നല്‍കിയത്. കേസിലെ പ്രതിയായ ദിലീപിന്റെ അഭിഭാഷകന്‍ ബൈജു പൗലോസിനെ 95 ദിവസമായി ക്രോസ് വിസ്താരം നടത്തുകയാണെന്ന് പള്‍സര്‍ സുനിയുടെ അഭിഭാഷകന്‍ കോടതിയെ അറിയിച്ചു. ഇതേത്തുടര്‍ന്നാണ് വിസ്താര രേഖകള്‍ ഹാജരാക്കാന്‍ സുപ്രീം കോടതി നിര്‍ദേശിച്ചത്.
കേസിന്റെ വിചാരണ അനന്തമായി നീണ്ടു പോകുകയാണെന്ന് പള്‍സര്‍ സുനിക്ക് വേണ്ടി ഹാജരായ അഭിഭാഷകന്‍ ശ്രീറാം പറക്കാട് ചൂണ്ടിക്കാട്ടി. 95 ദിവസമായി കേസിലെ 261-ാം സാക്ഷിയെ എട്ടാം പ്രതിയുടെ അഭിഭാഷകന്‍ ക്രോസ് വിസ്താരം ചെയ്യുന്നുവെന്നും അദ്ദേഹം കോടതിയെ അറിയിച്ചു. ഇത്രയും ദിവസം ക്രോസ് വിസ്താരം നടത്തുന്നതെന്തിനെന്ന് കോടതി ആശ്ചര്യപ്പെട്ടു. തുടര്‍ന്നാണ് സംസ്ഥാന സര്‍ക്കാരിനോട് 261-ാം സാക്ഷിയായ ബൈജു പൗലോസിന്റെ ക്രോസ് വിസ്താര രേഖകള്‍ ഹാജരാക്കാന്‍ നിര്‍ദേശിച്ചത്.
പള്‍സര്‍ സുനി ഏഴ് വര്‍ഷത്തിലധികമായി ജയിലില്‍ കഴിയുകയാണെന്നും കോടതി വാക്കാല്‍ നിരീക്ഷിച്ചു. കേസില്‍ സംസ്ഥാന സര്‍ക്കാര്‍ ഹാജരാക്കുന്ന വിസ്താര രേഖകള്‍ പരിശോധിച്ച ശേഷം പള്‍സര്‍ സുനിയുടെ ജാമ്യാപേക്ഷയില്‍ സുപ്രീം കോടതി തീരുമാനമെടുക്കും. സെപ്റ്റംബര്‍ 17-നാണ് ജാമ്യ ഹര്‍ജി പരിഗണിക്കുക.
62 Less than a minute