കൊച്ചി: നടിയെ ആക്രമിച്ച കേസിന്റെ അന്വേഷണ മേല്‍നോട്ട ചുമതല ആര്‍ക്കാണെന്ന് അറിയിക്കാന്‍ സംസ്ഥാന പൊലീസ് മേധാവിക്ക് ഹൈക്കോടതിയുടെ നിര്‍ദ്ദേശം. ക്രൈംബ്രാഞ്ച് മേധാവിയായിരുന്ന എസ് ശ്രീജിത്തിനെ സ്ഥാനത്തുനിന്ന് നീക്കിയതോടെ നടിയെ ആക്രമിച്ച കേസിന്റെയും അന്വേഷണ ചുമതലയില്‍ നിന്നും മാറ്റിയോ എന്നതില്‍ വ്യക്തത നല്‍കണമെന്നാണ് കോടതിയുടെ നിര്‍ദ്ദേശം. ഇക്കാര്യം വ്യക്തമാക്കി ഈ മാസം 19 നകം മറുപടി നല്‍കണമെന്നും കോടതി ആവശ്യപ്പെട്ടു. പുതിയ ക്രൈംബ്രാഞ്ച് മേധാവിക്ക് കേസ് അന്വേഷണ മേല്‍നോട്ട ചുമതല നല്‍കിയിട്ടുണ്ടോ എന്നും അറിയിക്കണം. നടിയെ ആക്രമിച്ച കേസിന്റെ അന്വേഷണ ചുമതലയുള്ള എസ് ശ്രീജിത്തിനെ ക്രൈംബ്രാഞ്ച് മേധാവി സ്ഥാനത്തുനിന്ന് നീക്കിയതിനെതിരെ ബൈജു കൊട്ടാരക്കര നല്കിയ ഹര്‍ജിയിലാണ് ഹൈക്കോടതിയുടെ ഇടപെടല്‍.
അതേ സമയം, നടിയെ ആക്രമിച്ച കേസിലെ തുടരന്വേഷണം മേയ് 30 തിനകം അവസാനിപ്പിക്കണമെന്ന് ഹൈക്കോടതി നേരത്തെ അന്ത്യശാസനം നല്കിയ പശ്ചാത്തലത്തില്‍ ക്രൈംബ്രാഞ്ച് നടപടികള്‍ വേഗത്തിലാക്കിയിട്ടുണ്ട്. കേസിന്റെ വിസ്താരത്തിനിടെ സിനിമാ മേഖലയില്‍ നിന്നടക്കമുളള പ്രോസിക്യൂഷന് സാക്ഷികളായ 20 പേര് പ്രതിഭാഗത്തേക്ക് കൂറുമാറിയിരുന്നു.
ദിലീപിനെതിരായ ഗൂ!ഡാലോചനക്കുറ്റം തെളിയിക്കാന്‍ പറ്റിയ സാക്ഷികളും ഇക്കൂട്ടത്തില്‍ ഉണ്ടായിരുന്നു. കേസില്‍ നിര്‍ണായകമെന്ന് കരുതുന്ന ഇവരുടെ മൊഴി ക്രൈംബ്രാഞ്ച് വീണ്ടും രേഖപ്പെടുത്തും. നടിയെ ആക്രമിച്ചതിന് പിന്നാലെ ഒളിവില്‍പ്പോയ മുഖ്യപ്രതി പള്‍സര്‍ സുനി പിന്നീട് കൊച്ചിയിലെ കാവ്യാ മാധവന്റെ ലക്ഷ്യ എന്ന വസ്ത്രസ്ഥാപനത്തിലെത്തിയിരുന്നു. ദിലീപിനെ അന്വേഷിച്ചായിരുന്നു സുനി സ്ഥാപനത്തിലെത്തിയത്. എന്നാല്‍ വിസ്താര ഘട്ടത്തില്‍ സാക്ഷിയായ സാഗ!ര്‍ മൊഴിമാറ്റി. സാക്ഷികളെ കൂറുമാറ്റാന്‍ ദിലീപും ഒപ്പമുളളവരും ശ്രമിച്ചതിന്റെ തെളിവുകള്‍ അന്വേഷണസംഘത്തിന്റെ പക്കലുണ്ട്. ഇത് മുന്‍നിര്‍ത്തിയാണ് വീണ്ടും വിളിച്ചുവരുത്തുന്നത്. കേസിന്റെ വിസ്താരം പുനരാരംഭിക്കുമ്പോള്‍ ഈ തെളിവുകള്‍ നിരത്തി സാക്ഷികള്‍ കൂറുമാറിയതിന്റെ കാരണം കോടതിയെ ധരിപ്പിക്കാനാണ് നീക്കം.