കൊല്ലം: ഇന്നലെ വരെ ഒപ്പമുണ്ടായിരുന്ന സുഹൃത്തിന് സംഭവിച്ച ദാരുണാന്ത്യത്തില്‍ കണ്ണീരോടെ വന്ദനയുടെ സുഹൃത്തുക്കളും അധ്യാപകരും. കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ അക്രമിയുടെ കുത്തേറ്റ് കൊല്ലപ്പെട്ട ഡോക്ടര്‍ വന്ദനയുടെ മൃതശരീരം കൊല്ലം അസീസിയ മെഡിക്കല്‍ കോളേജില്‍ പൊതുദര്‍ശനം തുടരുകയാണ്. വന്‍ജനാവലിയാണ് വന്ദനയെ അവസാനമായി ഒരു നോക്ക് കാണാന്‍ എത്തിച്ചേര്‍ന്നിട്ടുള്ളത്. അസീസിയ മെഡിക്കല്‍ കോളേജിലെ ഹൗസ് സര്‍ജനാണ് കൊല്ലപ്പെട്ട വന്ദന ദാസ്.
ഹൗസ് സര്‍ജന്‍സിയുടെ ഭാഗമായി ഒരു മാസത്തെ പോസ്റ്റിം?ഗിനാണ് വന്ദന കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ ഡ്യൂട്ടിക്കെത്തിയത്. ഇന്ന് രാവിലെ പൊലീസ് കസ്റ്റഡിയിലെടുത്ത് ആശുപത്രിയിലെത്തിച്ച പ്രതി ഡോക്ടറെ കുത്തിക്കൊലപ്പെടുത്തുകയായിരുന്നു. സുഹൃത്തുക്കളും വിദ്യാര്‍ത്ഥികളുമടക്കം നിരവധി പേര്‍ വന്ദനക്ക് അന്തിമോപചാരം അര്‍പ്പിക്കുന്നതിനായി എത്തിച്ചേര്‍ന്നിരുന്നു. അസീസിയ കോളേജിലെ പൊതുദര്‍ശനത്തിന് ശേഷം വന്ദനയുടെ മൃതദേഹം ജന്മനാടായ കടുത്തുരുത്തിയിലേക്ക് കൊണ്ടുപോകും. മുട്ടുചിറയിലെ വീട്ടിലേക്കാണ് മൃതദേഹം എത്തിക്കുക. നാളെ രാവിലെയാണ് സംസ്‌കാര ചടങ്ങുകള്‍ നടത്തുക.
പൊലീസ് കസ്റ്റഡിയിലുള്ള പൂയപ്പള്ളി സ്വദേശി സന്ദീപാണ് വനിതാ ഡോക്ടറെ കുത്തിക്കൊലപ്പെടുത്തിയത്. പൊലീസ് കസ്റ്റഡിയിലെടുത്ത പ്രതിയെ വൈദ്യ പരിശോധനക്ക് എത്തിച്ചപ്പോഴായിരുന്നു അക്രമമുണ്ടായത്. വീട്ടില്‍ വെച്ച് അതിക്രമങ്ങള്‍ നടത്തിയ സന്ദീപിനെ പൊലീസും ബന്ധുക്കളും ചേര്‍ന്ന് പുലര്‍ച്ചെ അഞ്ചു മണിയോടെയാണ് കൊട്ടാരക്കരയിലെ താലൂക്ക് ആശുപത്രിയിലേക്ക് വൈദ്യപരിശോധനക്കെത്തിച്ചത്. ആശുപത്രിയില്‍ വെച്ചും പ്രകോപനമൊന്നുമില്ലാതെ യുവാവ് ആക്രമണം നടത്തുകയായിരുന്നു.
സര്‍ജിക്കല്‍ ഉപകരണങ്ങളുപയോഗിച്ചുള്ള ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റ ഡോക്ടറെ പുലര്‍ച്ചെ തിരുവനന്തപുരത്തേക്ക് എത്തിച്ചതെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. അഞ്ചിലേറെ തവണയാണ് കുത്തേറ്റത്. നെഞ്ചിലേറ്റ കുത്ത് ശ്വാസകോശത്തിലേക്കും കയറി. നട്ടെല്ലിന് കുത്തേറ്റു. വനിതാ ഡോക്ടറുടെ മരണത്തെ തുടര്‍ന്ന് സംസ്ഥാന വ്യാപക പണിമുടക്കിന് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ ആഹ്വാനം ചെയ്തു.