തിരുവനന്തപുരം: നദികളിലെ ജലനിരപ്പ് അപകടകരമായി ഉയരുന്ന സാഹചര്യത്തില്‍ വിവിധ ജില്ലകളിലെ നദികളില്‍ കേന്ദ്ര ജല കമ്മീഷന്‍ ഓറഞ്ച്, മഞ്ഞ അലര്‍ട്ടുകള്‍ പ്രഖ്യാപിച്ചു. ഇടുക്കി ജില്ലയിലെ തൊടുപുഴ (മണക്കാട് സ്റ്റേഷന്‍), തൃശൂര്‍ ജില്ലയിലെ കരുവന്നൂര്‍ (പാലക്കടവ് സ്റ്റേഷന്‍), ഗായത്രി (കൊണ്ടാഴി സ്റ്റേഷന്‍), കീച്ചേരി (കോട്ടപ്പുറം സ്റ്റേഷന്‍), പാലക്കാട് ജില്ലയിലെ ഭാരതപ്പുഴ (കുമ്പിടി സ്റ്റേഷന്‍), കണ്ണാടിപ്പുഴ (പുദുര്‍ സ്റ്റേഷന്‍), പുലംതോട് (പുലാമന്തോള്‍ സ്റ്റേഷന്‍), മലപ്പുറം ജില്ലയിലെ കടലുണ്ടി (കാരത്തോട് സ്റ്റേഷന്‍) എന്നീ നദികളിലാണ് കേന്ദ്ര ജല കമ്മീഷന്‍ ഇന്ന് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചത്.
പത്തനംതിട്ട ജില്ലയിലെ മണിമല (കല്ലൂപ്പാറ സ്റ്റേഷന്‍), തൃശൂര്‍ ജില്ലയിലെ ചാലക്കുടി (അരങ്ങാലി സ്റ്റേഷന്‍), കോഴിക്കോട് ജില്ലയിലെ കുറ്റ്യാടി (കുറ്റ്യാടി സ്റ്റേഷന്‍), കാസറഗോഡ് ജില്ലയിലെ ചന്ദ്രഗിരി (പൂക്കയം സ്റ്റേഷന്‍), പയസ്വിനി (എരിഞ്ഞിപുഴ സ്റ്റേഷന്‍) എന്നീ നദികളിലാണ് മഞ്ഞ അലര്‍ട്ട് പ്രഖ്യാപിച്ചത്. തീരത്തോട് ചേര്‍ന്ന് താമസിക്കുന്നവര്‍ ജാഗ്രത പാലിക്കണമെന്നാണ് അറിയിപ്പ്.
വടക്കന്‍ ജില്ലകളില്‍ ഇന്നും അതിശക്ത മഴ മുന്നറിയിപ്പുണ്ട്. മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസറഗോഡ് എന്നീ അഞ്ച് ജില്ലകളിലാണ് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. ഇടുക്കി, എറണാകുളം, തൃശ്ശൂര്‍, പാലക്കാട് എന്നീ നാല് ജില്ലകളില്‍ യെല്ലോ അലര്‍ട്ടാണ്. ഇന്നും നാളെയും കൂടി വടക്കന്‍ ജില്ലകളില്‍ അതിശക്തമായ മഴ തുടരുമെന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ അറിയിപ്പ്.
85 1 minute read