BREAKINGKERALA
Trending

നദിയില്‍ ചെളിയും പാറയും, മാല്‍പെ സംഘം നടത്തിയത് അതിസാഹസിക ദൗത്യം; ഇന്നത്തെ തിരച്ചില്‍ നിര്‍ത്തി

അങ്കോല (കര്‍ണാടക): അര്‍ജുനെ കണ്ടെത്താന്‍ ഷിരൂരില്‍ എത്തിയ പ്രാദേശിക മുങ്ങല്‍വിദഗ്ധരുടെ സംഘം നദിയിലിറങ്ങി കൃത്യമായ പരിശോധന നടത്തിയതായി കാര്‍വാര്‍ എം.എല്‍.എ. സതീഷ് കൃഷ്ണ സെയില്‍. ഞായറാഴ്ച വീണ്ടും തിരച്ചില്‍ പുനരാരംഭിക്കും. കഴിഞ്ഞ 12 ദിവസമായി ശ്രമകരമായ ദൗത്യവുമായാണ് മുന്നോട്ടുപോകുന്നതെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.
നദിയുടെ ആഴത്തില്‍ സംഘം പരിശോധിച്ചിരുന്നു. ആഴത്തില്‍ ചെളിയും പാറയും കലര്‍ന്ന അവസ്ഥയിലാണ്. നദിയില്‍ നല്ല ഒഴുക്കുമുണ്ട്. വലിയ ബുദ്ധിമുട്ടാണ് തിരച്ചില്‍ ദൗത്യത്തിനെന്നാണ് മനസ്സിലാക്കാന്‍ സാധിക്കുന്നത്. എല്ലാ സാധ്യതകളും പരിശോധിക്കുന്നുണ്ട്. ഇന്ന് എന്തെങ്കിലും ഫലം ലഭിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നു. ട്രക്കിനു മുകളിലോ മനുഷ്യന് മുകളിലോ മണ്ണുംചെളിയും നിറഞ്ഞിരിക്കുകയാണെങ്കില്‍ ദൗത്യം ഏറെ ദുഷ്‌കരമാകും.
നദിയുടെ ആഴങ്ങളില്‍ മുഴുവനും മണ്ണും ചെളിയുമാണ്. തകര്‍ന്ന മരങ്ങള്‍ പോലും നദിയുടെ അടിയിലുണ്ട്. അതിനകത്തേക്ക് പോയി തിരച്ചില്‍ നടത്തുന്നവര്‍ അതീവ ശ്രദ്ധ പാലിക്കേണ്ടതുണ്ട്. ഈശ്വര്‍ മാല്‍പെ ഞായറാഴ്ചയും ദൗത്യത്തിന്റെ ഭാഗമാകുമോ എന്ന് ചര്‍ച്ചചെയ്ത് തീരുമാനിക്കും. നദിയുടെ ആഴവും ഒഴുക്കുമൊന്നും കാര്യമാക്കാതെ ദൗത്യത്തിനൊപ്പം നില്‍ക്കുന്ന വ്യക്തിയാണ് അദ്ദേഹം.
ഈശ്വര്‍ മാല്‍പെ, എസ്.പി., ജില്ലാ കളക്ടര്‍ എന്നിവര്‍ ശനിയാഴ്ച വൈകീട്ട് യോഗം ചേരുമെന്ന് കൃഷ്ണ സെയില്‍ അറിയിച്ചു. തുടര്‍ന്നുള്ള തീരുമാനങ്ങള്‍ മാധ്യമങ്ങളേയും അധികൃതരെയും അറിയിക്കും. കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയും എ.ഐ.സി.സി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാലും നിര്‍ദേശങ്ങള്‍ നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Related Articles

Back to top button