BREAKING NEWSKERALA

നമ്പര്‍ 18 ഹോട്ടലിലെ 208,218 മുറികള്‍ ‘സ്‌പെഷ്യല്‍ വിഐപി’കള്‍ക്ക്, അവര്‍ ആര്

കൊച്ചി: മോഡലുകളുടെ ദുരൂഹമരണത്തിലൂടെ വാര്‍ത്തകളില്‍ സ്ഥാനം പിടിച്ച നമ്പര്‍ 18 ഹോട്ടലിലെ 208, 218 നമ്പര്‍ മുറികള്‍ സ്ഥിരമായി ഉപയോഗിച്ചിരുന്നതു പൊലീസ് ഉദ്യോഗസ്ഥരും ചില രാഷ്ട്രീയ നേതാക്കളും. ജില്ലയിലെ ഒരു ജനപ്രതിനിധി 218–ാം നമ്പര്‍ മുറിയില്‍ ഇടയ്ക്കിടെ രഹസ്യമായി തങ്ങിയിരുന്നതായി റിപ്പോര്‍ട്ടുണ്ട്. രജിസ്റ്ററില്‍ പേരു ചേര്‍ക്കാതെ സൗജന്യമായാണ് ഈ 2 മുറികളും റോയ് വേണ്ടപ്പെട്ടവര്‍ക്കു നല്‍കിയിരുന്നത്.
ഈ മുറികള്‍ മറ്റാര്‍ക്കും നല്‍കരുതെന്നു റോയ് ജീവനക്കാര്‍ക്കു നിര്‍ദേശം നല്‍കിയിരുന്നു. ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെയും നേതാക്കളുടെയും രഹസ്യ മദ്യപാന കേന്ദ്രം കൂടിയാണ് ഈ മുറികള്‍. യുവതികള്‍ പാര്‍ട്ടിക്ക് എത്തിയ ഒക്ടോബര്‍ 31 നു രാത്രിയില്‍ ഈ മുറിയില്‍ തങ്ങിയിരുന്ന വിഐപികളെ കണ്ടെത്താന്‍ അന്വേഷണ സംഘത്തിന് കഴിഞ്ഞിട്ടില്ല. ഹോട്ടല്‍ ഉടമ റോയിയും ജീവനക്കാരും ഇതേക്കുറിച്ചു വെളിപ്പെടുത്തിയിട്ടുമില്ല. ഹോട്ടലിന്റെ രണ്ടാം നിലയിലെ ഈ മുറിയുടെ വാതിലുകള്‍ നേരിട്ടു കാണാന്‍ കഴിയുന്ന നിരീക്ഷണ ക്യാമറ ദൃശ്യങ്ങളും ലഭ്യമല്ല.
കസ്റ്റംസും സംസ്ഥാന എക്‌സൈസ് എന്‍ഫോഴ്‌സ്‌മെന്റും ചേര്‍ന്നു മാസങ്ങള്‍ക്കു മുന്‍പ് ഇവിടെ നടത്തിയ റെയ്ഡിന്റെ വിവരം ചോര്‍ന്നതു ലോക്കല്‍ പൊലീസില്‍നിന്നാണെന്നു കസ്റ്റംസ് കണ്ടെത്തിയിരുന്നു. സംസ്ഥാന പൊലീസ് മേധാവിയെയും കസ്റ്റംസ് ഇക്കാര്യം അറിയിച്ചിരുന്നു.
208, 218 മുറികള്‍ സ്ഥിതി ചെയ്യുന്ന രണ്ടാം നിലയുടെ പിന്‍ഭാഗത്തു കൂടിയാണ് അന്നു ലഹരിമരുന്നുമായി 3 പേര്‍ താഴേക്ക് ഇറങ്ങി കടന്നു കളഞ്ഞത്. ഉന്നത പൊലീസ് ഉദ്യോഗസ്ഥരും വിഐപികളും തങ്ങിയിരുന്ന ഈ മുറികള്‍ ലഹരി മരുന്ന് ഒളിപ്പിക്കാനും പ്രതികള്‍ ഉപയോഗപ്പെടുത്തിയിട്ടുണ്ടെന്നാണ് അന്വേഷണ സംഘത്തിന്റെ നിഗമനം.

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker