KERALANEWS

നമ്പർ പ്ലേറ്റ് വെച്ചു, ടയറും മാറ്റി; അടിമുടി മാറ്റങ്ങളുമായി ആകാശ് തില്ലങ്കേരി ഓടിച്ച വാഹനം സ്റ്റേഷനിലെത്തിച്ചു

കൽപ്പറ്റ: ഷുഹൈബ് വധക്കേസിലെ പ്രതി ആകാശ് തില്ലങ്കേരി നിമയലംഘനം നടത്തി ഓടിച്ച വാഹനം പൊലീസ് സ്റ്റേഷനിൽ ഹാജരാക്കി. ഇന്നലെ രാത്രിയാണ് രൂപമാറ്റം വരുത്തിയ ജീപ്പ് പനമരം പൊലീസ് സ്റ്റേഷനില്‍ എത്തിച്ചത്. ആകാശ് തിലങ്കേരിക്കൊപ്പം വാഹനത്തില്‍ ഉണ്ടായിരുന്ന ഷൈജലാണ് വാഹനം സ്റ്റേഷനില്‍ എത്തിച്ചത്. കേസെടുത്തിട്ടും ഇതുവരേയും വാഹനം പിടികൂടാൻ പൊലീസിന് കഴിഞ്ഞിരുന്നില്ല.

 

അതേസമയം, രൂപമാറ്റം വരുത്തിയത് നേരെയാക്കിയാണ് വാഹനം ഹാജരാക്കിയത്. കേസെടുത്തതിന് പിന്നാലെ വാഹനം പഴയപടിയാക്കുകയായിരുന്നു. രജിസ്ട്രേഷൻ നമ്പർ പതിപ്പിച്ചതിനൊപ്പം ടയറുകളും പഴയ പടിയാക്കിയിട്ടുണ്ട്. ആകാശ് തില്ലങ്കേരിയുടെ ലൈസൻസുമായി ബന്ധപ്പെട്ട് നടപടികളുമായി മോട്ടോർ വാഹന വകുപ്പ് മുന്നോട്ട് പോവുകയാണ്. കണ്ണൂരിൽ ലൈസൻസ് ഇല്ലെന്ന് റിപ്പോർട്ട് കിട്ടിയ സാഹചര്യത്തിൽ സംസ്ഥാനത്തെ മറ്റ് ആർടിഒ, സബ് ആർടിഒ പരിധികളിൽ ലൈസൻസ് ഉണ്ടോയെന്ന് പരിശോധിക്കും. ഇതിനുള്ള നടപടി തുടങ്ങിയതായി മോട്ടോർ വാഹന വകുപ്പ് അറിയിച്ചു.

കഴിഞ്ഞ ഞായറാഴ്ചയാണ് നമ്പർ പ്ലേറ്റില്ലാത്ത, രൂപമാറ്റം വരുത്തിയ ജീപ്പിൽ സീറ്റ് ബെൽറ്റ് ധരിക്കാതെ ആകാശ് തില്ലങ്കേരി യാത്ര നടത്തിയത്. ആകാശ് തില്ലങ്കേരി സഞ്ചരിച്ച രൂപമാറ്റം വരുത്തിയ വാഹനം വയനാട് മോട്ടോർ വാഹന വകുപ്പ് തിരിച്ചറിഞ്ഞ് നടപടിയെടുത്തു. വാഹനത്തിന്‍റെ രൂപമാറ്റം വരുത്തിയത് ഉള്‍പ്പെടെയുള്ള 9 കുറ്റങ്ങളാണ് എംവിഡി ചുമുത്തിയിരിക്കുന്നത്. 45,500 രൂപ പിഴയാണ് ഈ കുറ്റങ്ങള്‍ക്കായി ചുമത്തിയിട്ടുള്ളത്. എല്ലാ കേസും വാഹന ഉടമയായ മലപ്പുറം സ്വദേശി സുലൈമാനെതിരായാണ്. വാഹനം ഓടിച്ച ആകാശ് തില്ലങ്കേരിക്കെതിരെ കേസൊന്നും എടുത്തിട്ടില്ല. ലൈസൻസ് ഇല്ലാതെ ഓടിക്കാൻ വാഹനം വിട്ടു നല്‍കിയെന്ന കേസും ഉടമക്കെതിരെയാണ്. ആകാശ് തില്ലങ്കേരിയുടെ ലൈസൻസ് വിവരങ്ങള്‍ ലഭ്യമാകാത്ത സാഹചര്യത്തിലാണ് ഈ കുറ്റം ചുമത്തിയത്.

 

മലപ്പുറം മൊറയൂർ സ്വദേശി സുലൈമാന്റെ കെ എല്‍ പത്ത് ബിബി 3724 എന്ന ജീപ്പാണ് രൂപമാറ്റം വരുത്തി രജിസ്ട്രേഷൻ നമ്പർ പോലും പ്രദ‍ർശിപ്പിക്കാതെ ആകാശ് തില്ലങ്കേരി ഓടിച്ചിരുന്നത്. ഈ വാഹനം 2021 , 2023 വ‍ർഷങ്ങളിലെല്ലാം പലതവണ നിയമലംഘനങ്ങള്‍ക്ക് പിടിയിലായിട്ടുണ്ട്. 2023 ല്‍ 25,000 പിഴയും ചുമത്തിയിരുന്നു. വയനാട് പനമരം വഴി ഓടിച്ച വാഹനം കണ്ടെത്താൻ സിസിടിവികള്‍ അടക്കം പരിശോധിച്ചെങ്കിലും ഒടുവില്‍ സാമൂഹിക മാധ്യമ അക്കൗണ്ടുകളിലൂടെയാണ് വാഹനം തിരിച്ചറിഞ്ഞത്.

Related Articles

Back to top button