BREAKING NEWSKERALALATEST

നമ്മുടെ കെ മുരളീധരന്‍ കോണ്‍ഗ്രസോ അതോ എല്‍ഡിഎഫോ? നാവില്‍ നിന്ന് വീണത് സര്‍ക്കാരിനെ പുകഴ്ത്തുന്ന വാക്കുകള്‍

തിരുവനന്തപുരം: കൊവിഡ് 19 സാഹചര്യത്തില്‍ സംസ്ഥാന സര്‍ക്കാര്‍ വിതരണം ചെയ്ത ഭക്ഷ്യ കിറ്റ് നിയമസഭാ തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് വിജയത്തിനു കാരണമായെന്ന പ്രതികരണവുമായി കോണ്‍ഗ്രസ് നേതാവ് കെ മുരളീധരന്‍. അന്നം എത്തിക്കുന്നവരുടെ കൂടെ ജനം നില്‍ക്കുമെന്നായിരുന്നു മുരളീധരന്റെ പ്രതികരണം. വിവാദങ്ങള്‍ ജനങ്ങള്‍ ശ്രദ്ധിക്കില്ലെന്നും കോണ്‍ഗ്രസില്‍ അടിമുടി പൊളിച്ചെഴുത്ത് വേണമെന്നും മുരളീധരന്‍ ആവശ്യപ്പെട്ടു.
ലോക്ക് ഡൗണ്‍ കാലത്ത് വിശക്കുന്നവരുടെ മുന്നില്‍ അന്നമെത്തിച്ചവരുടെ കൂടെയാണ് ജനം നിന്നതെന്ന് മുരളീധരന്‍ പറഞ്ഞു. ഈ സമയത്ത് ആരാണ് സ്വര്‍ണം കടത്തിയതെന്നോ മരം മുറിച്ചതെന്നോ ജനങ്ങള്‍ ചിന്തിക്കില്ല. ഓണ്‍ലൈന്‍ പഠനത്തിന് മൊബൈല്‍ ഫോണ്‍ നല്‍കുന്നവരോടും ഇതേ വിധേയത്വമുണ്ടാകുമെന്നും കോണ്‍ഗ്രസിന്റെ പ്രവര്‍ത്തനശൈലിയില്‍ അടിമുടി മാറ്റമുണ്ടാകണമെന്നും മുരളീധരന്‍ പറഞ്ഞു.
അയല്‍ക്കൂട്ടം ഉണ്ടാക്കുന്നതിനു മുന്‍പു അയല്‍ക്കാരെ ഉണ്ടാക്കേണ്ട സാഹചര്യമാണ് കേരളത്തില്‍ കോണ്‍ഗ്രസിനുള്ളതെന്ന് മുരളീധരന്‍ പറഞ്ഞു. പാര്‍ട്ടിയുടെ പ്രവര്‍ത്തന ശൈലിയില്‍ പൊളിച്ചെഴുത്ത് വേണം. താഴേത്തട്ടില്‍ പ്രവര്‍ത്തിച്ചാല്‍ മാത്രമേ വിജയിക്കാന്‍ കഴിയൂ എന്നും ഒരു വ്യക്തിയ്ക്കു പകരം മറ്റൊരാള്‍ വന്നതുകൊണ്ട് മാറ്റമുണ്ടാകില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
കേരളത്തില്‍ എന്‍എസ്എസ് ഒഴികെ മറ്റൊരു സമുദായ സംഘടനയും ഭരണമാറ്റം ആഗ്രഹിച്ചില്ലെന്ന് മുരളീധരന്‍ പറഞ്ഞു. കഴിഞ്ഞ തവണ എല്ലാ സമുദായങ്ങള്‍ക്കും ഭരണത്തില്‍ പ്രാതിനിധ്യമുണ്ടായിരുന്നെങ്കിലും വോട്ടെണ്ണിയപ്പോള്‍ ആരും കൂടെയുണ്ടായിരുന്നില്ല. സമുദായനേതാക്കളെ സന്ദര്‍ശിക്കരുതെന്നു പറഞ്ഞാല്‍ കയ്യടി കിട്ടും, പക്ഷെ വോട്ട് കിട്ടില്ലെന്നും മുരളീധരന്‍ പറഞ്ഞു. അതേസമയം, സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ ജനസമ്മതി മാത്രമാണ് മാനദണ്ഡം ആകേണ്ടതെന്നും മുരളീധരന്‍ വ്യക്തമാക്കി.

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker