BREAKING NEWSLATESTNATIONAL

നരേന്ദ്രമോദി സപ്തതി നിറവില്‍

ഇന്ത്യയിലെ പരമ്പരാഗത വിശ്വാസമനുസരിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ഇന്നു സപ്തതി. 70 വര്‍ഷത്തെ ജീവിതം പൂര്‍ത്തിയാക്കി എഴുപത്തിയൊന്നാം പിറന്നാള്‍ ദിനത്തിലേക്കു കടക്കുമ്പോഴാണ് വേദകാലത്തെ കണക്കില്‍ സപ്തതി. രാഷ്ട്രീയ സ്വയം സേവകനില്‍ നിന്ന് മുഖ്യധാരാ രാഷ്ട്രീയത്തിലേക്കുള്ള മോദിയുടെ വരവിന്റെ ഇരുപതാം വാര്‍ഷികവും ഇതേസമയത്താണ് കടന്നുവരുന്നത്.
സ്വാതന്ത്ര്യാനന്തര ഇന്ത്യയില്‍ ജനനം. മില്ലേനിയം കുട്ടികളെ സാക്ഷിയാക്കി മുഖ്യധാരാ രാഷ്ട്രീയത്തിലേക്കു പ്രവേശനം. ഇന്ത്യ ഇതുവരെ കണ്ട പ്രധാനമന്ത്രിമാരില്‍ നിന്നെല്ലാം നരേന്ദ്ര ദാമോദര്‍ ദാസ് മോദി വ്യത്യസ്തനാകുന്നത് ഇങ്ങനെയാണ്. 1950 സെപ്റ്റംബര്‍ 17നാണ് ജനനം. സ്വാതന്ത്ര്യം നേടി പരമാധികാര റിപ്പബ്ലിക് ആയ ഇന്ത്യയില്‍ ജനിച്ച ഒരാള്‍ ആദ്യമായി പ്രധാനമന്ത്രിയാകുന്നത് മാത്രമായിരുന്നില്ല പ്രത്യേകത. രാഷ്ട്രീയ സ്വയം സേവക് സംഘത്തിന്റെ പ്രവര്‍ത്തകനില്‍ നിന്ന് മുഖ്യധാരാ രാഷ്ട്രീയത്തിലേക്ക് നരേന്ദ്രമോദി കടന്നു വരുന്നത് ഇരുപത്തിയൊന്നാം നൂറ്റാണ്ടിലായിരുന്നു. 2001 ഒക്ടോബര്‍ ഏഴിന് ഒരു പഞ്ചായത്ത് അംഗം പോലും ആകാതെ ഗുജറാത്തിലെ മുഖ്യമന്ത്രി സ്ഥാനത്തേക്കുള്ള പ്രവേശനം
ആ വരവു തന്നെ പലതുകൊണ്ടും ഒരു ഭൂകമ്പമായിരുന്നു. ഗുജറാത്ത് ഭൂകമ്പത്തിനൊപ്പം പ്രതിച്ഛായയും തകര്‍ന്നടിഞ്ഞ കേശുഭായി പട്ടേലിന് പകരക്കാരനായി വാജ്‌പേയി കണ്ടെത്തിയ കര്‍ക്കശക്കാരന്‍. ഗുജറാത്തിനും ഡല്‍ഹിക്കും വെളിയില്‍ ബിജെപി പ്രവര്‍ത്തകര്‍ക്കുപോലും അത്ര സുപരിചിതനല്ലാത്തയാള്‍. അമേരിക്കയിലേക്കും യൂറോപ്പിലേക്കും രാജ്യത്തിന്റെ മറ്റുഭാഗങ്ങളിലേക്കും വ്യവസായം നടത്താന്‍ പോയിരുന്ന ഗുജറാത്തി കോടീശ്വരന്മാരെ മടക്കി വിളിച്ചു തുടങ്ങിയതാണ് ആ വേറിട്ട വഴിയിലെ സഞ്ചാരം. വാജ്‌പേയ് സര്‍ക്കാര്‍ തുടര്‍ഭരണമില്ലാതെ കേന്ദ്രത്തില്‍ വീണപ്പോഴും ഗുജറാത്തില്‍ മോദിക്ക് ബദല്‍ ഇല്ലായിരുന്നു.
വാജ്‌പേയി മാത്രമായിരുന്നില്ല അപ്പോള്‍ നേതൃത്വത്തില്‍ ഉണ്ടായിരുന്നത്. രാജ്യമെങ്ങും രഥയാത്ര നടത്തി ബിജെപിക്ക് അടിത്തറയുണ്ടാക്കിയ എല്‍ കെ അദ്വാനി ഉണ്ടായിരുന്നു. തന്ത്രജ്ഞനായ മുരളീ മനോഹര്‍ ജോഷിയും തീപ്പൊരിയായ ഉമാഭാരതിയും ഉണ്ടായിരുന്നു. ഇവരൊക്കെ കാഴ്ചക്കാരായി നില്‍ക്കെയാണ് 2014ന്റെ നായകനായത്. പിന്നെ അഞ്ചാണ്ടിനു ശേഷം ഒരു കോണ്‍ഗ്രസ് ഇതര സര്‍ക്കാരിനും ഇതുവരെ കിട്ടിയിട്ടില്ലാത്ത സമ്പൂര്‍ണ തുടര്‍ഭരണം.
2021ലെ പിറന്നാള്‍ ദിനത്തിലും ചിത്രം മാറുന്നില്ല. വിവാദങ്ങളും വിമര്‍ശനങ്ങളും ദിവസവുമെന്നതുപോലെ ഉയരുന്നുണ്ടെങ്കിലും നരേന്ദ്രമോദിക്കു ബദലായി പ്രതിപക്ഷത്തു മാത്രമല്ല, ബിജെപിയിലും ഇനിയും ആരും ഉയര്‍ന്നുവന്നിട്ടില്ല.
പ്രധാനമന്ത്രിയുടെ ജന്മദിനത്തോട് അനുബന്ധിച്ച് മൂന്നാഴ്ച നീണ്ടുനില്‍ക്കുന്ന പരിപാടികളാണ് രാജ്യത്ത് സംഘടിപ്പിച്ചിട്ടുള്ളത്. സേവാ ഓര്‍ സമര്‍പ്പണ്‍ അഭിയാന്‍ എന്ന പേരിലാണ് പരിപാടികള്‍.പ്രധാനമന്ത്രിയുടെ മണ്ഡലമായ വാരാണസിയിലെ ഭാരത് മാതാ ക്ഷേത്രത്തില്‍ 71,000 മണ്‍ചിരാതുകള്‍ തെളിയിച്ചുകൊണ്ടാണ് പിറന്നാള്‍ ആഘോഷങ്ങള്‍ക്ക് തുടക്കമാകുന്നത്. പിറന്നാള്‍ ആഘോഷങ്ങളുടെ ഭാഗമായി റേഷന്‍ കിറ്റ് വിതരണം, രക്തദാന ക്യാമ്പുകള്‍, ശുചീകരണ യജ്ഞങ്ങള്‍ തുടങ്ങിയ പരിപാടികള്‍ ബിജെപി നടത്തും. ജന്മദിനാഘോഷങ്ങളുടെ ഭാഗമായി രാജ്യത്ത് 14 കോടി സൗജന്യ റേഷന്‍ കിറ്റുകളും വിതരണം ചെയ്യും. കിറ്റുകളില്‍ ‘നന്ദി മോദിജി’ എന്ന് പ്രിന്റ് ചെയ്തിരിക്കും.ബൂത്ത് തലത്തില്‍ നിന്ന് പ്രധാനമന്ത്രിക്ക് ആശംസകള്‍ അറിയിച്ച് അഞ്ച് കോടി പോസ്റ്റ്കാര്‍ഡുകള്‍ അയക്കുമെന്ന് ബിജെപി അറിയിച്ചിരുന്നു. ബിജെപിയുടെ പോഷക സംഘടനയായ ന്യൂനപക്ഷ മോര്‍ച്ച രാജ്യത്തെ അനാഥാലയങ്ങളിലും വൃദ്ധസദനങ്ങളിലും ഭക്ഷണം വിതരണം ചെയ്യും. കിസാന്‍ മോര്‍ച്ച 71 കര്‍ഷകരെ ആദരിക്കുന്ന ചടങ്ങിനും മഹിളാ മോര്‍ച്ച, 71 കോവിഡ് പോരാളികളേയും ആദരിക്കും.

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker