എല്ലാവര്‍ഷവും നവംബര്‍ 21 ന് ലോക ടെലിവിഷന്‍ ദിനമായി ആചരിച്ചു വരുന്നു. നവംബര്‍ 21 ലോകടെലിവിഷന്‍ ദിനമായി ലോകരാഷ്ട്രങ്ങളെല്ലാം ആചരിക്കണമെന്ന് 1996 ഡിസംബര്‍ 17ന് ഐക്യരാഷ്ട്രസഭയുടെ ജനറല്‍ അസംബ്ലി ഒരു പ്രമേയത്തിലൂടെ ആഹ്വാനംചെയ്തു. ആഗോളസുരക്ഷയെയും സമാധാനത്തെയും ബാധിക്കുന്ന സംഘര്‍ഷങ്ങളെക്കുറിച്ച് ലോകത്തെ ജാഗരൂകരാക്കാനും തീരുമാനങ്ങളെടുക്കാനും ടെലിവിഷന്റെ വര്‍ധിതസ്വാധീനം ഉപകരിക്കുമെന്ന് മനസ്സിലാക്കിയായിരുന്നു പ്രഖ്യാപനം. വാര്‍ത്താവിനിമയ രംഗത്തും, പൊതുജനാഭിപ്രായം രൂപീകരിക്കുന്നതിലും ടെലിവിഷന്‍ വഹിക്കുന്ന പങ്കിനെ ഓര്‍മ്മിപ്പിക്കാനാണ് ഈ ദിനം ആചരിക്കപ്പെടുന്നത്.
വീഡിയോ കാണാന്‍ ഇന്ന് ലാപ്ടോപ്പും, ടാബ് ലെറ്റും, മൊബൈല്‍ ഫോണുമെല്ലാം ഉപേയാഗിക്കപ്പെടുന്നുണ്ടെങ്കിലും, വീഡിയോ ഉപഭോഗത്തിന് ഭൂരിഭാഗം ജനങ്ങളും ഇന്നും ആശ്രയിക്കുന്നത് ടെലിവിഷനെത്തന്നെയാണ്. സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന വാര്‍ത്തകളുടെ ആധികാരികത ചോദ്യം ചെയ്യപ്പെടുന്ന ഇക്കാലത്ത് വാര്‍ത്തകള്‍ക്കും വിവരങ്ങള്‍ക്കും വിജ്ഞാനത്തിനും ടെലിവിഷനെ ആശ്രയിക്കുന്നവരുടെ എണ്ണം കൂടിക്കൊണ്ടിരിക്കുകയാണ്.
മികച്ച ആശയവിനിമയ മാധ്യമമെന്നനിലയില്‍, മനുഷ്യരാശി അഭിമുഖീകരിക്കുന്ന പ്രധാനപ്രശ്നങ്ങളെ ലോകസമക്ഷം അവതരിപ്പിക്കുന്നതില്‍ ടെലിവിഷന്‍ വഹിക്കുന്ന പങ്ക് വളരെ വലുതാണ്. മാറിക്കൊണ്ടിരിക്കുന്ന ആഗോളവ്യവസ്ഥയില് പരസ്പരസഹകരണത്തിന് ടെലിവിഷന്റെ പ്രാധാന്യം ദിനാചരണം ഊന്നിപ്പറയുന്നു.
ടെലിവിഷന്റെ കടന്നുവരവിനു പിന്നില്‍ നിരവധി പേരുടെ ബുദ്ധിയും അദ്ധ്വാനവുമുണ്ട്.വ്ലാദിമിര്‍ കെ സ്വരികിന്‍, ജോണ്‍ ലോജി ബേര്‍ഡ്, പോള്‍ നിപ്കോവ്, ചാള്‍സ് ഫ്രാന്‍സിസ് ജെങ്കിന്‍സ്, ഫിലോ ടി ഫാന്‍സ്വാര്‍ത്ത് എന്നിവര്‍ അവരില്‍ പ്രധാനികള്‍. 2023ല്‍ ടിവിയുള്ള വീടുകളുടെ എണ്ണം 1.74 ബില്ല്യണ്‍ ആയി ഉയരുമെന്നാണ് പഠനങ്ങള്‍ വ്യക്തമാക്കുന്നത്.