BREAKINGKERALA

നവകേരളയാത്രയില്‍ യൂത്ത്കോണ്‍ഗ്രസുകാര്‍ക്കു നേരെ ‘രക്ഷാപ്രവര്‍ത്തനം’ നടത്തിയ മുഖ്യമന്ത്രിയുടെ ഗണ്‍മാന്‍മാര്‍ക്ക് ക്രൈംബ്രാഞ്ചിന്റെ ക്ലീന്‍ചിറ്റ്

ആലപ്പുഴ: നവകേരളയാത്രയ്ക്കിടെ ആലപ്പുഴയില്‍ യൂത്ത്കോണ്‍ഗ്രസ് പ്രവര്‍ത്തകരെ വളഞ്ഞിട്ട് തല്ലിയ സംഭവത്തില്‍ മുഖ്യമന്ത്രിയുടെ ഗണ്‍മാന്‍മാരെ സംരക്ഷിച്ച് സര്‍ക്കാര്‍. കേസ് അവസാനിപ്പിക്കാന്‍ ജില്ലാ ക്രൈംബ്രാഞ്ച് ജെഎഫ്എംസിയില്‍ റഫറന്‍സ് റിപ്പോര്‍ട്ട് നല്‍കി. ഗണ്‍മാന്‍മാര്‍ യൂത്ത്കോണ്‍ഗ്രസ് പ്രവര്‍ത്തകരെ മര്‍ദിക്കുന്ന ദൃശ്യങ്ങള്‍ ലഭിച്ചില്ലെന്നാണ് വിചിത്രവാദം. മുഖ്യമന്ത്രിക്ക് സുരക്ഷ ഒരുക്കുക മാത്രമാണ് ഉദ്യോഗസ്ഥര്‍ ചെയ്തതെന്നും റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കുന്നുണ്ട്.
മുഖ്യമന്ത്രിയുടെ ഗണ്‍മാന്‍മാരായ അനില്‍ കള്ളിയൂരും സന്ദീപും ചേര്‍ന്നായിരുന്നു യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ മര്‍ദിച്ചിരുന്നത്. കെഎസ് യു ജില്ലാ പ്രസിഡന്റ് എ ഡി തോമസിനേയും സംസ്ഥാന ഭാരവാഹി അജയ് ജുവല്‍ കുര്യാക്കോസിനേയുമാണ് ക്രൂരമായി വളഞ്ഞിട്ട് ആക്രമിച്ചത്. മുഖ്യമന്ത്രി സഞ്ചരിച്ച വാഹനത്തിനുനേരെ കരിങ്കൊടി കാണിച്ചെന്ന് പറഞ്ഞാണ് മര്‍ദനമുണ്ടായത്.
കേസിലെ അന്വേഷണം മന്ദഗതിയില്‍ നീങ്ങിയ ഘട്ടത്തില്‍ പരാതിക്കാര്‍ കോടതിയെ സമീപിച്ചപ്പോഴാണ് കേസ് ജില്ലാ ക്രൈം ബ്രാഞ്ചിന് വിട്ടത്. ഇതിലാണ് കേസ് അവസാനിപ്പിക്കാന്‍ ജില്ലാ ക്രൈംബ്രാഞ്ച് ഗണ്‍മാന്‍മാര്‍ക്ക് ക്ലീന്‍ ചിറ്റ് നല്‍കിയിരിക്കുന്നത്. മാധ്യമങ്ങളില്‍ യൂത്ത് കോണ്‍ഗ്രസുകാരെ ഗണ്‍മാന്‍മാര്‍ മര്‍ദിക്കുന്ന ദൃശ്യങ്ങള്‍ വന്നിരുന്നെങ്കിലും പൊലീസ് ഫോട്ടോഗ്രാഫറെടുത്ത ചില ദൃശ്യങ്ങള്‍ മാത്രമാണ് കോടതിയില്‍ ഹാജരാക്കിയിരിക്കുന്നത്. ഇതില്‍ മര്‍ദനത്തിന്റെ ദൃശ്യങ്ങള്‍ ഇല്ലെന്നാണ് വ്യക്തമാകുന്നത്.

Related Articles

Back to top button