BREAKING NEWSKERALALATEST

നവജാതശിശുവിന്റെ മരണം: ആത്മഹത്യചെയ്ത ഗ്രീഷ്മയുടെ ഫെയ്‌സ് ബുക്ക് സുഹൃത്തിനെ ചോദ്യംചെയ്തു

ചാത്തന്നൂര്‍ (കൊല്ലം) : കല്ലുവാതുക്കല്‍ ഊഴായ്‌ക്കോട്ട് കരിയിലക്കൂട്ടത്തില്‍ ഉപേക്ഷിച്ചനിലയില്‍ കണ്ടെത്തിയ നവജാതശിശു മരിച്ചസംഭവത്തില്‍ നിര്‍ണായക വിവരങ്ങള്‍ പോലീസ് കണ്ടെത്തി. കേസില്‍ ചോദ്യംചെയ്യാനായി വിളിപ്പിച്ച ആര്യയോടൊപ്പം ആത്മഹത്യചെയ്ത ഗ്രീഷ്മയുടെ ഫെയ്‌സ് ബുക്ക് സുഹൃത്തിനെ വെള്ളിയാഴ്ച ചോദ്യംചെയ്തു.
പാരിപ്പള്ളി സ്വദേശിയെയാണ് ചാത്തന്നൂര്‍ അസിസ്റ്റന്റ് പോലീസ് കമ്മിഷണര്‍ വൈ.നിസാമുദ്ദീന്റെ നേതൃത്വത്തില്‍ ചോദ്യംചെയ്തത്. ഇയാളെ മൂന്നുമണിക്കൂറോളം ചോദ്യംചെയ്ത് വിട്ടയച്ചെങ്കിലും വീണ്ടും ഹാജരാകാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ഇയാള്‍ക്ക് ഗ്രീഷ്മയുമായി ഏറെ അടുത്ത ബന്ധമുള്ളതായാണ് സൂചന. കേസില്‍ അറസ്റ്റിലായ രേഷ്മയുടെ ബന്ധുക്കളും ഉറ്റ സുഹൃത്തുക്കളുമായ ആര്യയുടെയും ഗ്രീഷ്മയുടെയും ആത്മഹത്യയെത്തുടര്‍ന്ന് വഴിമുട്ടിയ കേസില്‍ സൈബര്‍സെല്ലിന്റെ സഹായത്തോടെയാണ് പോലീസ് നിര്‍ണായകവിവരങ്ങള്‍ ശേഖരിച്ചത്.
രേഷ്മയുടെ, 15ലധികം ഡിലീറ്റ് ചെയ്ത ഫെയ്‌സ് ബുക്ക് അക്കൗണ്ടുകള്‍ കണ്ടെത്താന്‍ പോലീസിന് കഴിഞ്ഞിട്ടുണ്ട്. ഇരുവരുടെയും മൊബൈല്‍ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ കൂടുതല്‍പ്പേരെ ചോദ്യംചെയ്‌തേക്കുമെന്നാണ് സൂചന. രേഷ്മയുടെ സിം കാര്‍ഡുകള്‍ കേന്ദ്രീകരിച്ചുള്ള അന്വേഷണത്തിലും കേസിലെ നിര്‍ണായക തെളിവുകളിലേക്ക് നയിക്കുന്ന വിവരം ശേഖരിക്കാന്‍ പോലീസിന് കഴിഞ്ഞിട്ടുണ്ട്. രേഷ്മ ഫെയ്‌സ് ബുക്കില്‍ നിരവധി അക്കൗണ്ടുകള്‍ തുറക്കുകയും കുറച്ചുകാലം കുറെ സുഹൃത്തുക്കളെ ഉള്‍പ്പെടുത്തി ചാറ്റ് ചെയ്തശേഷം ഈ അക്കൗണ്ടുകള്‍ ഒഴിവാക്കുകയും ചെയ്തിട്ടുള്ളതായാണ് പോലീസിനുലഭിച്ച വിവരം. ഫെയ്‌സ് ബുക്ക് അധികൃതരുമായി ബന്ധപ്പെട്ട് ഇതിലെ വിവരങ്ങള്‍ ശേഖരിക്കാനുള്ള ശ്രമത്തിലാണ് പോലീസ്.
അറസ്റ്റിലായദിവസം കോവിഡ് സ്ഥിരീകരിച്ചതിനാല്‍ റിമാന്‍ഡിലായ രേഷ്മയെ കസ്റ്റഡിയിലെടുത്ത് ചോദ്യംചെയ്യാന്‍ പോലീസിന് ഇതുവരെ കഴിഞ്ഞിട്ടില്ല. ഉടന്‍തന്നെ രേഷ്മയെ കസ്റ്റഡിയില്‍ വാങ്ങുന്നതിനുള്ള നീക്കമാണ് പോലീസ് നടത്തുന്നത്. രേഷ്മയുടെ ഭര്‍ത്താവ് വിഷ്ണുവിനെയും ഇത്തിക്കരയാറ്റില്‍ ചാടി ആത്മഹത്യചെയ്ത ആര്യയുടെ ഭര്‍ത്താവും വിഷ്ണുവിന്റെ ജ്യേഷ്ഠനുമായ രഞ്ജിത്തിനെയും ചാത്തന്നൂര്‍ എ.സി.പി.യുടെ നേതൃത്വത്തില്‍ കഴിഞ്ഞദിവസം ചോദ്യംചെയ്തിരുന്നു.
അന്വേഷണ ഉദ്യോഗസ്ഥരായ എ.സി.പി.ക്കും പാരിപ്പള്ളി എസ്.എച്ച്.ഒ.യ്ക്കും സ്ഥലംമാറ്റ ഉത്തരവു വന്നതിനാല്‍ അടുത്തദിവസംമുതല്‍ അന്വേഷണം പുതുതായി ചുമതലയേല്‍ക്കുന്നവര്‍ക്കായിരിക്കും.

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker