പത്തനംതിട്ട: കണ്ണൂര്‍ എഡിഎം നവീന്‍ ബാബുവിന്റെ സംസ്‌കാര ചടങ്ങില്‍ വികാര നിര്‍ഭരമായ കാഴ്ച്ചകള്‍. ചടങ്ങില്‍ മന്ത്രിമാര്‍, ജനപ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു. മന്ത്രിമാരായ വീണ ജോര്‍ജും കെ രാജനും നവീന്‍ ബാബുവിന്റെ വീട്ടിലെത്തിയിരുന്നു. രാവിലെ മുതല്‍ കെ രാജന്‍ വീട്ടിലുണ്ടായിരുന്നു. നാലു മണിയോടെ സംസ്‌കാര ചടങ്ങുകള്‍ ആരംഭിച്ചപ്പോള്‍ നവീന്‍ ബാബുവിനെ ചിതയിലേക്കെടുത്തത് മന്ത്രി അടക്കമുള്ളവരാണ്. മൃതദേഹത്തിന്റെ ഓരോ അറ്റത്തും മന്ത്രി രാജനും ജെനീഷ് കുമാര്‍ എംഎല്‍എയും മറ്റു ജനപ്രതിനിധികളും പിടിച്ചിരുന്നു. നേരത്തെ, സഹോദരന്റെ മക്കള്‍ സംസ്‌കാര ചടങ്ങുകള്‍ ചെയ്യുമെന്ന് തീരുമാനിച്ചെങ്കിലും ചടങ്ങുകള്‍ ചെയ്യാന്‍ തയ്യാറാണെന്ന് പെണ്‍മക്കള്‍ അറിയിക്കുകയായിരുന്നു.
വീട്ടിലും കളക്ടറേറ്റിലുമായി നൂറുകണക്കിന് ആളുകളാണ് നവീന്‍ ബാബുവിന് ആദരാഞ്ജലി അര്‍പ്പിക്കാനെത്തിയത്. മിക്കവരും കണ്ണീരടക്കാനാകാതെയാണ് നവീന്‍ ബാബുവിന്റെ ഭൗതിക ശരീരത്തിന് അടുത്ത് നിന്നത്. രാവിലെ വിലാപയാത്രയായി പത്തനംതിട്ട കളക്ട്രേറ്റിലേക്ക് എത്തിച്ച മൃതദേഹത്തില്‍ ആദരാഞ്ജലി അര്‍പ്പിക്കാന്‍ മന്ത്രിമാരും ഐഎഎസ് ഉദ്യോഗസ്ഥരും പഴയ സഹപ്രവര്‍ത്തകരുമെത്തി. റവന്യുമന്ത്രി കെ രാജന്‍, ആരോഗ്യമന്ത്രി വീണ ജോര്‍ജ്, ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ എന്നിവര്‍ ഏറെ നേരം കളക്ട്രേറ്റില്‍ ഉണ്ടായിരുന്നു. പത്തനംതിട്ട മുന്‍ ജില്ലാ കളക്ടര്‍ ദിവ്യ എസ് അയ്യര്‍ അന്ത്യാഞ്ജലി അര്‍പ്പിച്ചപ്പോള്‍ വികാരാധീനയായി. നവീന്‍ ബാബു മികച്ച ഉദ്യോഗസ്ഥനായിരുന്നുവെന്ന് അനുസ്മരിച്ച് മറ്റൊരു മുന്‍ പത്തനംതിട്ട ജില്ലാ കളക്ടര്‍ പി ബി നൂഹ് ഫേസ്ബുക്ക് കുറിപ്പിട്ടു. കളക്ട്രേറ്റില്‍ നിന്ന് 11.30ഓടെ മലയാലപ്പുഴയിലെ വീട്ടിലെത്തിച്ച നവീന്‍ ബാബുവിന്റെ മൃതദേഹത്തിനരികിലിരുന്ന് പൊട്ടിക്കരയുന്ന ഭാര്യയും മക്കളും കണ്ടുനില്‍ക്കുന്നവരുടെ മനസിലും വലിയ വിങ്ങലായി. മൃതദേഹത്തെ അനുഗമിച്ച് മന്ത്രിമാരായ കെ രാജനും വീണ ജോര്‍ജും വീട്ടിലേക്കും എത്തിയിരുന്നു.
അതേസമയം, എഡിഎമ്മിന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട വിവാദ പെട്രോള്‍ പമ്പിന്റെ അനുമതിയില്‍ കേന്ദ്ര പെട്രോളിയം മന്ത്രാലയം അന്വേഷണം തുടങ്ങി. കൈക്കൂലി പരാതി ഉന്നയിച്ച പ്രശാന്തിന് മരിക്കുന്നതിന് മുന്‍പ് ഡിഎംഒ പെട്രോള്‍ പമ്പിന് അനുമതി നല്‍കിയിരുന്നു. ഇതുമായി ബന്ധപ്പെട്ട് വിശദമായ അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ട് ബിജെപി നേതാക്കളടക്കം നേരത്തെ കേന്ദ്രമന്ത്രി സുരേഷ് ഗോപിയെ ബന്ധപ്പെട്ടിരുന്നു. ഈ പരാതി പെട്രോളിയം മന്ത്രാലയത്തിന് കൈമാറുകയും ബിപിസിഎല്ലിനോട് വിശദീകരണം തേടുകയായിരുന്നു.
കണ്ണൂരില്‍ നിന്ന് പത്തനംതിട്ടയിലേക്കുള്ള സ്ഥലംമാറ്റവുമായി ബന്ധപ്പെട്ട യാത്രയയപ്പ് ചടങ്ങില്‍ ക്ഷണിക്കാതെയെത്തിയ ജില്ലാ പഞ്ചായത്ത് അധ്യക്ഷ നടത്തിയ അധിക്ഷേപകരമായ പ്രസംഗത്തിന് പിന്നാലെ മണിക്കൂറുകള്‍ക്കകമാണ് താമസിച്ച വീട്ടിനുള്ളില്‍ നവീന്‍ ബാബുവിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. കണ്ണൂര്‍ ചെങ്ങളായിയിലെ പെട്രോള്‍ പമ്പുമായി ബന്ധപ്പെട്ടാണ് വിവാദം. പരിയാരം മെഡിക്കല്‍ കോളേജിലെ കരാര്‍ തൊഴിലാളിയായ പ്രശാന്താണ് പെട്രോള്‍ പമ്പ് തുടങ്ങാന്‍ അനുമതിക്കായി എഡിഎമ്മിനെ സമീപിച്ചത്. പെട്രോള്‍ പമ്പിന് എന്‍ഒസി വേണമെന്നായിരുന്നു ആവശ്യം. എന്നാല്‍ പമ്പ് സ്ഥാപിക്കാന്‍ ഉദ്ദേശിച്ച സ്ഥലത്തോട് ചേര്‍ന്ന് റോഡില്‍ വളവുണ്ടായിരുന്നതിനാല്‍ അതിന് അനുമതി നല്‍കുന്നതിന് പ്രയാസമുണ്ടായിരുന്നു. എന്നാല്‍ സ്ഥലംമാറ്റമായി കണ്ണൂര്‍ വിടുന്നതിന് രണ്ട് ദിവസം മുന്‍പ് നവീന്‍ ബാബു പമ്പിന് എന്‍ഒസി നല്‍കി. ഇത് വൈകിപ്പിച്ചെന്നും പണം വാങ്ങിയാണ് അനുമതി നല്‍കിയതെന്നുമാണ് പിപി ദിവ്യ യാത്രയയപ്പ് പരിപാടിയില്‍ ആരോപിച്ചത്. ഇതിന് പിന്നാലെയാണ് തൊട്ടടുത്ത ദിവസം രാവിലെ എഡിഎമ്മിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്.
എന്നാല്‍ എഡിഎം അഴിമതിക്കാരനല്ലെന്നും കറകളഞ്ഞ ഉദ്യോഗസ്ഥനാണെന്നും സിപിഎം നേതാക്കളും മന്ത്രിമാരും റവന്യൂ വകുപ്പ് ഉദ്യോഗസ്ഥരും ഒന്നിന് പുറകെ ഒന്നായി സാക്ഷ്യപ്പെടുത്തുകയായിരുന്നു. നവീന്‍ ബാബുവിനൊപ്പം ജോലി ചെയ്ത ഐഎഎസ് ഉദ്യോഗസ്ഥര്‍ വരെ സങ്കടം സഹിക്കാതെ പൊട്ടിക്കരയുന്ന നിലയുണ്ടായി. സംഭവത്തില്‍ കണ്ണൂര്‍ സിറ്റി പൊലീസ് കേസെടുത്തിട്ടുണ്ട്. ജില്ലാ പഞ്ചായത്ത് അധ്യക്ഷയായ പിപി ദിവ്യക്കെതിരെ ആത്മഹത്യാ പ്രേരണക്കുറ്റം ചുമത്തി.
73 1 minute read