BREAKINGKERALA

നവീന്‍ ബാബുവിന്റെ മരണം; തെളിവുകള്‍ സംരക്ഷിക്കണമെന്ന ഹര്‍ജിയില്‍ വാദം 26-ന്

കണ്ണൂര്‍: എ.ഡി.എം. കെ.നവീന്‍ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട കേസില്‍ തെളിവുകള്‍ നഷ്ടപ്പെടാതിരിക്കാന്‍ ഇടപെടല്‍ തേടി ഭാര്യ കെ.മഞ്ജുഷ നല്‍കിയ ഹര്‍ജിയില്‍ ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി വാദംകേട്ടു. ഹര്‍ജി വിശദമായ വാദം കേള്‍ക്കലിനായി 26-ലേക്ക് മാറ്റി. കേസില്‍ പോലീസിന്റെ റിപ്പോര്‍ട്ട് ചൊവ്വാഴ്ച കോടതിയില്‍ സമര്‍പ്പിക്കാനും നിര്‍ദേശമുണ്ട്.
കളക്ടറേറ്റ്, മുനീശ്വരന്‍ കോവില്‍, റെയില്‍വേ സ്റ്റേഷന്‍ പരിസരം, റെയില്‍വേ പ്ലാറ്റ്‌ഫോം, പള്ളിക്കുന്ന് എന്നിവിടങ്ങളിലെ സി.സി.ടി.വി. ദൃശ്യങ്ങള്‍, കേസില്‍ ആത്മഹത്യാ പ്രേരണക്കുറ്റം ചുമത്തപ്പെട്ട ജില്ലാപഞ്ചായത്ത് മുന്‍ പ്രസിഡന്റ് പി.പി.ദിവ്യ, കളക്ടര്‍ അരുണ്‍ കെ.വിജയന്‍, പെട്രോള്‍ പമ്പിന് അപേക്ഷ നല്‍കിയ ടി.വി.പ്രശാന്തന്‍ എന്നിവരുടെ ഒക്ടോബര്‍ ഒന്നുമുതല്‍ 15 വരെയുള്ള മൊബൈല്‍ ഫോണ്‍ വിളികളുടെ വിശദാംശങ്ങള്‍, ഫോണിന്റെ ടവര്‍ ലൊക്കേഷന്‍ എന്നിവ സംബന്ധിച്ച വിവരങ്ങള്‍ സംരക്ഷിക്കാന്‍ നിര്‍ദേശം നല്‍കണമെന്നാണ് ഹര്‍ജിയില്‍ ആവശ്യപ്പെട്ടിരുന്നത്. ദിവ്യയുടെയും കളക്ടറുടെയും സ്വകാര്യ ഫോണിലെ വിളികളുടെ രേഖകള്‍ സംരക്ഷിക്കണമെന്നും ആവശ്യമുണ്ട്.
രേഖകള്‍ സംരക്ഷിച്ചില്ലെങ്കില്‍, ഭാവിയില്‍ കേസന്വേഷണം വേറെ ഏതെങ്കിലും ഏജന്‍സിയെ ഏല്പിക്കുകയാണെങ്കില്‍ തെളിവുകള്‍ കിട്ടാതാകുമെന്നാണ് വാദം. ഹര്‍ജിക്കാരിക്കുവേണ്ടി അഡ്വ. പി.എം.സജിത ഹാജരായി.

Related Articles

Back to top button