കണ്ണൂര്‍ : ജില്ലാപഞ്ചായത്ത് പ്രസിഡന്റ് പി.പി. ദിവ്യയുടെ ഭീഷണിയും നിടുവാലൂരിലെ ടി.വി. പ്രശാന്തനുമായി ചേര്‍ന്ന് നടത്തിയ ഗൂഢാലോചനയെ തുടര്‍ന്നുണ്ടായ സംഭവവുമാണ് എ.ഡി.എം. കെ. നവീന്‍ ബാബുവിന്റെ ആത്മഹത്യയിലേക്ക് നയിച്ചതെന്ന് സഹോദരന്‍ കെ. പ്രവീണ്‍ ബാബു. ഇതു സംബന്ധിച്ച് കണ്ണൂര്‍ സിറ്റി പോലീസില്‍ പരാതി നല്‍കി.
നവീന്‍ ബാബുവിന്റെ യാത്രയയപ്പ് വേളയില്‍ പി.പി. ദിവ്യ യോഗത്തിലേക്ക് ക്ഷണിക്കാതെ കടന്നുവന്നു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ആവശ്യപ്പെട്ട പ്രകാരം പെട്രോള്‍ പമ്പിന് എതിര്‍പ്പില്ലാരേഖ നല്‍കിയില്ലെന്നും പിന്നീട് അനുമതി നല്‍കിയതില്‍ അവിഹിത സ്വാധീനമുണ്ടെന്ന് ബോധ്യമുണ്ടെന്നും പറഞ്ഞ് പരസ്യമായി അപമാനിച്ചു.
തന്റെ സഹോദരന്‍ അഴിമതിക്കാരനാണെന്ന നിലയില്‍, വസ്തുതാവിരുദ്ധമായ ആരോപണം ഉന്നയിക്കുകയും പൊതുസദസ്സില്‍ അപമാനിക്കുകയുമുണ്ടായി. ദിവ്യക്കും പെട്രോള്‍ പമ്പ് സംരഭകന്‍ പ്രശാന്തിനുമെതിരെ കേസെടുത്ത് അന്വേഷിക്കണമെന്നും പരാതിയിലുണ്ട്.
എ.ഡി.എം. കെ. നവീന്‍ ബാബുവിന്റെ മൃതദേഹം കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളജില്‍ പോസ്റ്റ് മോര്‍ട്ടത്തിന് ശേഷം ബുധനാഴ്ച പുലര്‍ച്ചെ 12.40 -ന് പത്തനംതിട്ടയില്‍നിന്നെത്തിയ ബന്ധുക്കള്‍ ഏറ്റുവാങ്ങി. അനുജന്‍ പ്രവീണ്‍ബാബു, ബന്ധുക്കളായ ജയലാല്‍, ഹരീഷ്ബാബു, ടി.ജി. ഉത്തമന്‍, ടി.എസ്. ശ്രീജിത്ത് എന്നിവര്‍ ചേര്‍ന്നാണ് മൃതദേഹം ഏറ്റുവാങ്ങിയത്.
കണ്ണൂര്‍ ജില്ലാ കളക്ടര്‍ അരുണ്‍ കെ. വിജയന്‍, കാസര്‍കോട് ജില്ലാ കളക്ടര്‍ കെ. ഇമ്പശേഖരന്‍, സി.പി.എം. കണ്ണൂര്‍ ജില്ലാ സെക്രട്ടറി എം.വി. ജയരാജന്‍, മുന്‍ എം.എല്‍.എ. ടി.വി. രാജേഷ്, ആര്‍.എസ്.എസ്. നേതാവ് വത്സന്‍ തില്ലങ്കേരി, സബ് കളക്ടര്‍ കാര്‍ത്തിക് പാണിഗ്രഹി, അസിസ്റ്റന്റ് കളക്ടര്‍ ഗ്രന്ഥേസായികൃഷ്ണ, എ.ഡി.എം. ഇന്‍ ചാര്‍ജ് കെ.വി. ശ്രുതി, സര്‍വീസ് സംഘടനാ നേതാക്കള്‍ തുടങ്ങിയവര്‍ ആദരാഞ്ജലി അര്‍പ്പിച്ചു. മൃതദേഹത്തെ കണ്ണൂര്‍ റവന്യൂവകുപ്പില്‍നിന്നുള്ള ഉദ്യോഗസ്ഥസംഘം പത്തനംതിട്ടയിലേക്ക് അനുഗമിച്ചു.
51 1 minute read