BREAKINGKERALA

നവീന്‍ ബാബുവിന്റെ മരണം; യാത്രയയപ്പ് യോഗത്തിന് മുമ്പ് പി പി ദിവ്യ വിളിച്ചതില്‍ അസ്വാഭാവിക തോന്നിയില്ലെന്ന് കളക്ടര്‍

കണ്ണൂര്‍: എഡിഎം നവീന്‍ ബാബുവിന്റെ യാത്രയയപ്പ് യോഗത്തിന് മുമ്പ് പി പി ദിവ്യ വിളിച്ചതില്‍ അസ്വാഭാവിക തോന്നിയില്ലെന്നും മറ്റ് ലക്ഷ്യങ്ങള്‍ അവര്‍ക്കുണ്ടെന്ന് കരുതിയില്ലെന്നും കണ്ണൂര്‍ ജില്ലാ കളക്ടറുടെ മൊഴി. പി പി ദിവ്യയെ പ്രതി ചേര്‍ത്ത് ഏഴാം ദിവസവും പൊലീസ് ചോദ്യം ചെയ്തിട്ടില്ല. നാളെ മുന്‍കൂര്‍ ജാമ്യഹര്‍ജിയില്‍ വാദം നടക്കാനിരിക്കെ, ദിവ്യക്കെതിരെ ശക്തമായ തെളിവുകള്‍ പൊലീസ് റിപ്പോര്‍ട്ടിലുണ്ടാകുമെന്നാണ് സൂചന.
എഡിഎം നവീന്‍ ബാബുവിന്റെ യാത്രയയപ്പ് യോഗത്തിലേക്ക് ദിവ്യയെ ക്ഷണിച്ചില്ലെന്ന് ആവര്‍ത്തിച്ച കളക്ടര്‍ അരുണ്‍ കെ വിജയന്‍, യോഗത്തിന് മുമ്പ് അവര്‍ ഫോണില്‍ വിളിച്ചെന്ന് സ്ഥിരീകരിച്ചിരുന്നു. പൊലീസിന് നല്‍കിയ മൊഴിയിലാണ് ആ ഫോണ്‍ കോളില്‍ അസാധാരണത്വം തോന്നിയില്ലെന്ന് കളക്ടര്‍ പറഞ്ഞത്. യാത്രയയപ്പ് യോഗത്തിനെ കുറിച്ച് ദിവ്യ ചോദിച്ചപ്പോഴും അവര്‍ക്ക് മറ്റ് ഉദ്ദേശങ്ങളുണ്ടെന്ന് കരുതിയില്ലെന്നും കളക്ടര്‍ മൊഴി നല്‍കി. ആരോപണത്തെക്കുറിച്ച് അറിഞ്ഞതും യോഗത്തില്‍ മാത്രമെന്ന് മൊഴി. ക്ഷണിക്കാതെ എഡിഎമ്മിനെ അധിക്ഷേപിക്കാന്‍ ആസൂത്രണം ചെയ്താണ് പി പി ദിവ്യ എത്തിയതെന്ന് തെളിയിക്കുന്നതാണ് കളക്ടറുടെ മൊഴിയും.
തലശ്ശേരി പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി നാളെയാണ് മുന്‍കൂര്‍ ജാമ്യ ഹര്‍ജിയില്‍ വാദം കേള്‍ക്കുന്നത്. പൊലീസ് റിപ്പോര്‍ട്ട് ദിവ്യക്ക് എതിരെന്നാണ് വിവരം. പ്രേരണക്കുറ്റം തെളിയിക്കാവുന്ന വിവരങ്ങളാണ് പൊലീസെടുത്ത മൊഴികളിലുമുളളത്. ദിവ്യയ്ക്ക് അന്വേഷണസംഘം സാവകാശം നല്‍കുന്നത് തുടരുകയാണ്. ഏക പ്രതിയായ ദിവ്യയെ ഇനിയും ചോദ്യം ചെയ്തിട്ടില്ല. അതേസമയം, പൊലീസ് റിപ്പോര്‍ട്ടിന് കാത്തിരിക്കുകയാണ് സിപിഎം. ജില്ലാ കമ്മിറ്റി അംഗമായ ദിവ്യക്കെതിരെ ശക്തമായ തെളിവുകളെങ്കില്‍, സേേമ്മളന കാലമെന്നത് നോക്കാതെ അവര്‍ക്കെതിരെ നടപടിയുണ്ടാകാനാണ് സാധ്യത. തരംതാഴ്ത്തല്‍ നടപടിയുള്‍പ്പെടെ ഈയാഴ്ച ചേരുന്ന നേതൃയോഗങ്ങളില്‍ ചര്‍ച്ചയായേക്കും.

Related Articles

Back to top button