BREAKINGKERALA
Trending

നവീന്‍ ബാബുവിന്റെ മരണത്തില്‍ സിബിഐ അന്വേഷണ ആവശ്യം തള്ളി എംവി ഗോവിന്ദന്‍

ഇടുക്കി: കണ്ണൂര്‍ മുന്‍ എഡിഎം നവീന്‍ ബാബുവിന്റെ മരണത്തില്‍ കുടുംബം ആവശ്യപ്പെട്ടുള്ള സിബിഐ അന്വേഷണ ആവശ്യം തള്ളി സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍. സിബിഐ അന്വേഷണത്തെ കുറിച്ച് വ്യക്തമായ ധാരണ പാര്‍ട്ടിക്ക് ഉണ്ടെന്ന് എംവി ഗോവിന്ദന്‍ പറഞ്ഞു. ഈ നിലപാടില്‍ മാറ്റമില്ല. സിബിഐ കൂട്ടില്‍ അടച്ച തത്തയാണെന്നും എംവി ഗോവിന്ദന്‍ പ്രതികരിച്ചു. അതേസമയം, പാര്‍ട്ടി നവീന്റെ കുടുംബത്തിന് ഒപ്പമാണെന്നും എംവി ഗോവിന്ദന്‍ ആവര്‍ത്തിച്ചു.
സര്‍ക്കാര്‍ ജീവനക്കാര്‍ ക്ഷേമപെന്‍ഷന്‍ വാങ്ങിയ സംഭവത്തിലും സെക്രട്ടറി പ്രതികരിച്ചു. സര്‍ക്കാര്‍ ജീവനക്കാരില്‍ കള്ളനാണയങ്ങള്‍ കാണുമെന്നും അന്വേഷിച്ച് നടപടി എടുക്കട്ടെയെന്നും ഗോവിന്ദന്‍ പറഞ്ഞു. അതേസമയം, നവീന്‍ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട അന്വേഷണത്തിന്റെ കേസ് ഡയറി ഹാജരാക്കാന്‍ സംസ്ഥാന പൊലീസിന് ഹൈക്കോടതി നിര്‍ദേശം നല്‍കി. എഡിഎമ്മിന്റേത് ആത്മഹത്യയല്ല, കൊതപാതകമാണെന്നും പ്രതിയായ സിപിഎം കണ്ണൂര്‍ ജില്ലാ കമ്മിറ്റി അംഗം പിപി ദിവ്യയെ രക്ഷിച്ചെടുക്കാനാണ് പൊലീസിന് വ്യഗ്രതയെന്നും നവീന്‍ ബാബുവിന്റെ കുടുംബം കോടതിയെ അറിയിച്ചു. സിബിഐ അന്വേഷണം ആവശ്യപ്പെട്ടുളള ഹര്‍ജി ഫയലില്‍ സ്വീകരിച്ച സിംഗിള്‍ ബെഞ്ച് മറുപടി പറയാന്‍ സംസ്ഥാന സര്‍ക്കാരിനോടും സിബിഐയോടും ആവശ്യപ്പെട്ടു.
സംസ്ഥാന പൊലീസ് അന്വേഷണത്തില്‍ തങ്ങള്‍ക്ക് ലവലേശം വിശ്വാസമില്ലെന്ന് പറഞ്ഞുകൊണ്ടാണ് നവീന്‍ ബാബുവിന്റെ ഭാര്യ മഞ്ജുഷ നല്‍കിയ ഹര്‍ജിയില്‍ വാദം തുടങ്ങിയത്. പ്രതിയായ പിപി ദിവ്യ സിപിഎമ്മിന്റെ ജില്ലാ കമ്മിറ്റി അംഗമാണ്. പോഷകസംഘടനകളുടെ ഭാരവാഹിയാണ്. രാഷ്ടീയ സ്വാധീനമുള്ളയാളാണ്. അതുകൊണ്ടുതന്നെ കേസ് അട്ടിമറിക്കപ്പെട്ട നിലയിലാണ്. എസ് ഐ ടി എന്നത് പേരിന് മാത്രമാണ്. തെളിവുകള്‍ ശേഖരിക്കാന്‍ അവര്‍ക്ക് താല്‍പര്യമില്ല. പ്രതിയുമായി ചേര്‍ന്ന് രക്ഷപ്പെടാനുളള വ്യാജതെളിവുകളുടെ ശേഖരണമാണ് ഇപ്പോള്‍ നടക്കുന്നത്. അതുകൊണ്ടുതന്നെ കുറ്റപത്രം സമര്‍പ്പിക്കാന്‍ കോടതിയനുവദിക്കരുതെന്നാണ് ഹര്‍ജിക്കാരിയുടെ ആവശ്യം. കൊലപാതകമെന്ന് എങ്ങനെ പറയാനാകുമെന്ന് ചോദിച്ച സിംഗിള്‍ ബെഞ്ച് കുറ്റപത്രം സമര്‍പ്പിക്കുന്നതുകൊണ്ട് എന്താണ് കുഴപ്പമെന്നും ആരാഞ്ഞു.
അന്തിമ റിപ്പോര്‍ട്ട് നല്‍കിയാലും സിബിഐ അന്വേഷണത്തിന് ഉത്തരവിടാനുളള നിയമവഴികളുണ്ട്. അങ്ങനെ സംഭവിച്ചാല്‍ വ്യാജ തെളിവുകള്‍ കുത്തിനിറച്ച് പ്രതിയെ രക്ഷിച്ചെടുക്കാനുളള റിപ്പോര്‍ട്ടാകും കോടതിയില്‍ എത്തുകയെന്നായിരുന്നു ഹര്‍ജിക്കാരിയുടെ മറുപടി. രാഷ്ട്രീയ സ്വാധീനത്തിനുമപ്പുറത്ത് പ്രതിയ്ക്ക് എങ്ങനെയാണ് കേസിനെ വഴി തെറ്റിക്കാന്‍ കഴിയുക എന്നായിരുന്നു കോടതിയുടെ മറുചോദ്യം. സിബിഐ അന്വേഷണം ഇല്ലെങ്കില്‍ ക്രൈംബ്രാഞ്ച് അന്വേഷണമെങ്കിലും വേണമെന്നും നിലവിലെ അന്വേഷണത്തില്‍ വിശ്വാസമില്ലെന്നും നവീന്‍ ബാബുവിന്റെ കുടുംബത്തിന്റെ അഭിഭാഷകന്‍ അറിയിച്ചു. ഹര്‍ജി ഫയലില്‍ സ്വീകരിച്ച കോടതി സംസ്ഥാന സര്‍ക്കാരിനും സിബിഐയ്ക്കും നോട്ടീസ് അയക്കാന്‍ നിര്‍ദേശിച്ചു. അന്വേഷണ ഉദ്യോഗസ്ഥന്‍ കേസ് ഡയറിയും ഹാജരാക്കണം. ഹര്‍ജി വിശദ വാദത്തിനായി അടുത്ത മാസം ആറിലേക്ക് ജസ്റ്റീസ് ബെച്ചു കുര്യന്‍ തോമസ് മാറ്റി.

Related Articles

Back to top button