തൃശ്ശൂര്‍: കെ.എസ്.ആര്.ടി.സി. ബസിന് മുന്നില്‍ ബൈക്കുകളില്‍ അഭ്യാസപ്രകടനം നടത്തിയ അഞ്ച് യുവാക്കള്‍ അറസ്റ്റില്‍. കുന്നംകുളം അയിനൂര് സ്വദേശികളായ സുഷിത്, നിഖില്‍ദാസ്, അതുല്‍, അഷീദ്, മുഹമ്മദ് യാസീന്‍ എന്നിവരെയാണ് കുന്നംകുളം പോലീസ് അറസ്റ്റ് ചെയ്തത്. ഞായറാഴ്ച പുലര്‍ച്ചെ ഒരുമണിയോടെയായിരുന്നു കേസിനാസ്പദമായ സംഭവം.
തൊട്ടില്‍പ്പാലം-തിരുവനന്തപുരം സൂപ്പര്‍ഫാസ്റ്റ് ബസിന് മുന്നിലാണ് യുവാക്കള്‍ മൂന്ന് ബൈക്കുകളുമായി അഭ്യാസപ്രകടനം നടത്തിയത്. തൃശ്ശൂരിലെ പെരുമ്പിലാവ് മുതല്‍ കുന്നംകുളം വരെ ബസിന്റെ സുഗമമായ യാത്ര തടസ്സപ്പെടുത്തുംവിധം ഈ പ്രകടനം തുടര്‍ന്നു. ഒടുവില്‍ ബസ് കുന്നംകുളം അസി. കമ്മീഷണറുടെ ഓഫീസ് വളപ്പിലേക്ക് പ്രവേശിപ്പിച്ചതോടെയാണ് യുവാക്കള്‍ പിന്മാറിയത്.
ഇരുപത് മിനിറ്റോളം ബസിന് മുന്നില്‍ അഭ്യാസപ്രകടനം നടത്തിയ യുവാക്കള്‍ കുന്നംകുളത്ത് വെച്ച് അസഭ്യം പറഞ്ഞതായും ബസിന്റെ ബോഡിയിലിടിച്ച് ഭീകരാന്തരീക്ഷം സൃഷ്ടിച്ചെന്നും യാത്രക്കാര്‍ പറഞ്ഞു. കുട്ടികളും സ്ത്രീകളും ഉള്‍പ്പെടെ ഒട്ടേറെ യാത്രക്കാര്‍ ഈ സമയം ബസിലുണ്ടായിരുന്നു. കുന്നംകുളത്ത് ബസ് നിര്‍ത്തിയപ്പോഴാണ് യുവാക്കള്‍ യാത്രക്കാര്‍ക്കും ജീവനക്കാര്‍ക്കും നേരേ അസഭ്യവര്‍ഷം നടത്തിയത്. ഇവര്‍ കല്ലെറിയാന്‍ ശ്രമിച്ചതായും യാത്രക്കാരിലൊരാള്‍ പറഞ്ഞു.
ശല്യം രൂക്ഷമായതോടെ ബസ് പോലീസ് സ്റ്റേഷന് വളപ്പിലേക്ക് തിരിക്കുകയായിരുന്നു. ഇതോടെ ബൈക്കുകളിലെത്തിയ യുവാക്കള്‍ കടന്നുകളഞ്ഞു. പിന്നീട് പോലീസ് നടത്തിയ അന്വേഷണത്തിലാണ് അഞ്ച് യുവാക്കളെയും പിടികൂടിയത്.