ENTERTAINMENTMALAYALAM

നാഥാ നീ വരും കാലൊച്ച കേള്‍ക്കുവാന്‍….…

നാഥാ നീ വരും കാലൊച്ച കേള്‍ക്കുവാന്‍….…
ഒരു തവണയെങ്കിലും ഈ വരികള്‍ മൂളാത്ത മലയാളി അപൂര്‍വ്വമായിരിക്കും. വാക്കിനോടു വാക്കുചേരുമ്പോള്‍ അത്യപൂര്‍വവും ഹൃദ്യവുമായ കല്‍പ്പനകള്‍ സൃഷ്ടിക്കുന്ന കാവ്യസൗന്ദര്യമാണ് പൂവച്ചല്‍ ഖാദരിന്റെ വരികള്‍.
‘ശരറാന്തല്‍ തിരിതാഴും മുകിലിന്‍ കുടിലില്‍’, ‘ചിത്തിരതോണിയില്‍ അക്കരെപോകാന്‍’ , ‘പൂ മാനമേ’, ‘അനുരാഗിണി ഇതായെന്‍ കരളില്‍ വിരിഞ്ഞ പൂക്കള്‍’… 400ലധികം സിനിമകള്‍ക്കായി 1200 റോളം ഗാനങ്ങള്‍.. ലളിത ഗാനങ്ങളും നാടകഗാനങ്ങളുമായി വേറെയും നൂറുകണക്കിന്. പലതും മലയാളി നെഞ്ചേറ്റിയ അനശ്വരഗാനങ്ങള്‍…
തിരുവനന്തപുരം ജില്ലയിലെ പൂവച്ചല്‍ ഗ്രാമത്തില്‍ അബൂബക്കര്‍ പിള്ളയുടെയും റാബിയത്തുല്‍ അദബിയ ബീവിയുടെയും മകനായി 1948 ഡിസംബര്‍ 25 നാണ് പൂവച്ചല്‍ ഖാദര്‍ ജനിച്ചത്. ഹൈസ്‌കൂള്‍ പഠനകാലത്ത് നാട്ടിലെ കൈയെഴുത്ത് മാസികയില്‍ എഴുതിയ ‘ഉണരൂ’ എന്ന കവിത സര്‍ഗ്ഗജീവിതത്തിന് ഹരിശ്രീയായി. പോളിടെക്‌നിക്ക് ഡിപ്ലോമയും തിരുവനന്തപുരം എഞ്ചിനീയറിങ് കോളജിലെ തുടര്‍പഠനവും കഴിഞ്ഞ് പി.ഡബ്ല്യൂ.ഡിയില്‍ ഓവര്‍സിയര്‍ കോഴിക്കോടെത്തിയത് ജീവിതത്തില്‍ വഴിത്തിരിവായി. ബാബുരാജ്, ദേവരാജന്‍ മാഷ്, ജോണ്‍സണ്‍ മാഷ്, രവീന്ദ്രന്‍ മാഷ്, കാനേഷ് പൂനൂര്‍, സലാം കാരശ്ശേരി എന്ന് തുടങ്ങി മലയാള സംഗീതസാംസ്‌കാരിക രംഗത്തെ അതികായന്മാരോടൊപ്പമുള്ള സൗഹൃദവലയത്തിലേക്ക് വഴിത്തുറന്നത് കോഴിക്കോടെ ഔദ്യോഗികജീവിതമാണ്. അത് മലയാളഗാനലോകത്തേക്കുള്ള രാജകീയാഗമനത്തിനും നിമിത്തമായി. വിജയനിര്‍മല സംവിധാനം ചെയ്ത് അഭിനയിച്ച കവിത എന്ന ചിത്രത്തിന് കവിതയെഴുതിയാണ് സിനിമയിലെ അരങ്ങേറ്റം. 1973 ല്‍ പുറത്തിറങ്ങിയ കാറ്റ് വിതച്ചവന്‍ എന്ന സിനിമക്ക് വേണ്ടി ‘മഴവില്ലിനജ്ഞാതവാസം കഴിഞ്ഞു… എന്ന വരികളെഴുതിയതില്‍ പിന്നെ തിരിഞ്ഞുനോക്കേണ്ടിവന്നില്ല. തുടര്‍ച്ചയായി സിനിമകള്‍.
ആറു പതിറ്റാണ്ടുനീണ്ട സര്‍ഗജീവിതത്തിനിടെ, ചിത്തിരത്തോണി, കളിവീണ, പാടുവാന്‍ പഠിക്കുവാന്‍ എന്നീ പുസ്തകങ്ങളും ആ തുലികയില്‍ പിറന്നു. പാട്ടിന്റെ പാലാഴി തീര്‍ത്ത പാട്ടെഴുത്തുകാരന് അര്‍ഹമായ അംഗീകാരം നല്‍കാനാവാതെ പോയത് മലയാളത്തിന്റെ നീറ്റലായി എന്നുമുണ്ടാകും.
കലിപൂണ്ട കൊവിഡുകാലം പൂവച്ചല്‍ ഖാദര്‍ എന്ന പ്രതിഭയെ കൂടി കവര്‍ന്നെടുക്കുമ്പോള്‍ കൂടുതല്‍ അനാഥമായതിന്റെ അമ്പരപ്പിലാണ് മലയാള സാഹിത്യ ലോകം

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker