KERALABREAKING NEWS

നാമജപ യാത്രക്കെതിരായ കേസ്; എന്‍എസ്എസ് ഹൈക്കോടതിയിലേക്ക്

തിരുവനന്തപുരം: മിത്ത് പരാമര്‍ശത്തില്‍ സ്പീക്കര്‍ എ എന്‍ ഷംസീറിനെതിരെ എന്‍എസ്എസ് തിരുവനന്തപുരത്ത് നടത്തിയ നാമജപയാത്രക്കെതിരെ കേസെടുത്തില്‍ എന്‍എസ്എസ് ഹൈക്കോടതിയെ സമീപിക്കും. സ്പീക്കരുടെ മിത്ത് പരാമര്‍ശത്തിനെതിരായ നിയമ നടപടിയും എന്‍എസ്എസ് ആലോചിക്കുന്നുണ്ട്.
എന്‍എസ്എസിനെ ശത്രുപക്ഷത്ത് നിര്‍ത്താതെ മിത്ത് വിവാദത്തെ രാഷ്ട്രീയമായി നേരിടാന്‍ സിപിഎം തീരുമാനിക്കുമ്പോഴാണ് നാമജപയാത്രക്കെതിരായ പൊലീസ് കേസെടുക്കുന്നത്. കഴിഞ്ഞ ദിവസം തിരുവനന്തപുരത്ത് പാളയം ഗണപതിക്ഷേത്രം മുതല്‍ പഴവങ്ങാടിവരെ നടത്തിയ യാത്രക്കെതിരെ കന്റോണ്‍മെന്റ് പൊലീസാണ് കേസെടുത്തത്. പൊലീസ് മുന്നറിയിപ്പ് അവഗണിച്ച് അന്യായമായി സംഘടിച്ചതിനും ഗതാഗതതടസ്സം ഉണ്ടാക്കിയതിനുമാണ് കേസ്. യാത്രക്ക് നേതൃത്വം നല്‍കിയ എന്‍എസ്എസ് വൈസ് പ്രസിഡണ്ട് സംഗീത് കുമാര്‍ ഒന്നാം പ്രതി, ഒപ്പം കണ്ടാലറിയാവുന്ന ആയിരത്തോളം പേര്‍ക്കുമെതിരെയാണ് കേസ്. കേസെടുത്തത് എന്‍എസ്എസ് നേതൃത്വത്തെ കൂടുതല്‍ പ്രകോപിപ്പിച്ചു. ഇങ്ങിനെയെങ്കില്‍ മുഴുവന്‍ വിശ്വാസികള്‍ക്കുമെതിരെ കേസെടുക്കേണ്ടിവരുമെന്ന് ജനറല്‍ സെക്രട്ടരി ജി സുകുമാരന്‍ നായര്‍ പറഞ്ഞു. സ്പീക്കര്‍ തിരുത്തണമെന്ന ആവശ്യത്തില്‍ നിന്നും പിന്നോട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
മിത്തില്‍ മുഖ്യമന്ത്രിയുടെ പ്രതികരണമാണ് എന്‍എസ്എസ് കാക്കുന്നത്. പക്ഷെ, ഇന്നലെ തിരുവനന്തപുരത്ത് ശാസ്ത്രസാങ്കേതിക വിദ്യയെ കുറിച്ചുള്ള ഒരു പരിപാടിയില്‍ പങ്കെടുത്ത മുഖ്യമന്ത്രി വിഷയത്തില്‍ തൊടാതെയാണ് പ്രസംഗിച്ചത്. മൗനം വിട്ട് കോണ്‍ഗ്രസ് അടക്കം പിന്തുണ പ്രഖ്യാപിച്ചത് നേട്ടമായിട്ടാണ് എന്‍എസ്എസ് കാണുന്നത്. കേസിനെതിരെ ബിജെപിയും പരസ്യ പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്. ആര്‍എസ്എസ്-വിഎച്ച്പി നേതാക്കള്‍ എന്‍എസ്എസ് ജനറല്‍ സെക്രട്ടറിയെ കണ്ട് പിന്തുണ അറിയിച്ചു. മിത്ത് പരാമര്‍ശത്തിനപ്പുറം ഒരു വിഭാഗം വിശ്വാസികളുടെ പ്രശ്‌നത്തില്‍ എന്നും ഇടത് സര്‍ക്കാര്‍ നിഷേധ നിലപാട് സ്വീകരിക്കുന്നുവെന്നാണ് എന്‍എസ്എസിന്റെ പ്രധാനപരാതി.

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker