BREAKING NEWSENTERTAINMENTKERALALATESTMALAYALAM

‘നായ്ക്കളെ കൊന്നാല്‍ ഇനിയും പ്രതികരിക്കും’: രഞ്ജിനി ഹരിദാസ്

കൊച്ചി: കാക്കനാടിനു സമീപം തെരുവുനായ്ക്കളെ കൂട്ടത്തോടെ കൊന്നൊടുക്കിയ സംഭവത്തില്‍ പ്രതിഷേധവുമായി എത്തിയ സംഭവം വിവാദമായതിന് പിന്നാലെ കൂടുതല്‍ പ്രതികരണവുമായി രഞ്ജിനി ഹരിദാസ്. നായ്ക്കളെ കൊല്ലുന്നത് ശ്രദ്ധയില്‍പ്പെട്ടാല്‍ ഇനിയും പ്രതികരിക്കും. നായ്ക്കളെ കൊല്ലുന്നത് ഇഷ്ടമല്ലാത്തത് കൊണ്ടാണ് പ്രതികരണം നടത്തിയതെന്നും മനോരമ ഓണ്‍ലൈനോട് ഇവര്‍ വ്യക്തമാക്കി.
തെരുവുനായ്ക്കളെ കൂട്ടത്തോടെ കൊന്നൊടുക്കിയ സംഭവത്തില്‍ പ്രതിഷേധവുമായി എത്തിയ രഞ്ജിനി ഹരിദാനും നടന്‍ അക്ഷയ്ക്കുമെതിരെ പരാതിയുമായി തൃക്കാക്കര നഗരസഭാധ്യക്ഷ അജിത തങ്കപ്പന്‍ രംഗത്തുവന്നിരുന്നു. തന്നെ ഔദ്യോഗിക പദവിയില്‍ നിന്നു നീക്കാനാണ് ശ്രമമെന്നും ജാതീയമായി അധിക്ഷേപിക്കാന്‍ ശ്രമിച്ചെന്നും കാണിച്ചാണ് അജിതാ തങ്കപ്പന്‍ തൃക്കാക്കര പൊലീസില്‍ പരാതി നല്‍കിയത്. ഈ സംഭവത്തിലാണ് രഞ്ജിനി പ്രതികരണം നടത്തിയത്.
നഗരസഭാ അധ്യക്ഷയ്‌ക്കെതിരെ പ്രതിഷേധിച്ചതല്ലാതെ സമൂഹമാധ്യമങ്ങളില്‍ പോസ്റ്റ് ഇട്ടിട്ടില്ല. മറ്റ് പലരും ഇട്ട പോസ്റ്റുകള്‍ ഷെയ്തുവെങ്കിലും താനായിട്ട് ആരുടെയും ഫോട്ടോ സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ചിട്ടില്ല. നായ്ക്കളെ കൊല്ലുന്നത് ഇഷ്ടമല്ലാത്തതിനാല്‍ ഇനിയും പ്രതികരിക്കും. കേസ് നടപടികളുമായി ബന്ധപ്പെട്ട വിവരം മാധ്യമങ്ങളിലൂടെയാണ് അറിയാന്‍ കഴിഞ്ഞത്. പരാതിയുമായി മുന്നോട്ട് പോയാല്‍ നിയമപരമായ വഴിയിലൂടെ താന്‍ മുന്നോട്ട് പോകുമെന്നും രഞ്ജിനി പറഞ്ഞു.
പരാതി നല്‍കിയ സംഭവം അറിഞ്ഞ ശേഷമാണ് അജിത തങ്കപ്പന്‍ പട്ടികജാതി വിഭാഗത്തില്‍ പെടുന്ന വ്യക്തിയാണെന്നറിഞ്ഞത്. ഇത്തരത്തില്‍ പരാതി നല്‍കിയത് എന്തിനാണെന്ന് വ്യക്തമല്ല. സംഭവത്തില്‍ നിന്ന് ശ്രദ്ധ തിരിക്കാനാണ് തന്നെ പോലെയുള്ളവര്‍ക്കെതിരെ പരാതി നല്‍കിയതെന്നാണ് കരുതുന്നതെന്നും ഇവര്‍ കൂട്ടിച്ചേര്‍ത്തു.
പട്ടികജാതി, പട്ടികവര്‍ഗ വിഭാഗക്കാര്‍ക്കെതിരായ അതിക്രമം തടയല്‍ നിയമപ്രകാരവും ഐപിസി വകുപ്പുകള്‍ പ്രകാരവും ഇരുവര്‍ക്കുമെതിരെ നടപടിയെടുക്കണമെന്നാണ് അജിതാ തങ്കപ്പന്റെ ആവശ്യം. തന്നെ സോഷ്യല്‍ മീഡിയയിലൂടെ അപമാനിക്കാന്‍ ശ്രമിച്ചെന്നും അവര്‍ ആരോപിക്കുന്നുണ്ട്. തൃക്കാക്കര നഗരസഭാ പരിധിയില്‍ തെരുവുനായ്ക്കളെ കൂട്ടത്തോടെ കൊന്നൊടുക്കിയ സംഭവം വിവാദമായിരുന്നു.

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker