BREAKING NEWSKERALA

നാല് ജില്ലകള്‍ മൂന്ന് പൂട്ടിട്ടു പൂട്ടി, ലംഘിച്ചാല്‍ കര്‍ശന നടപടി

സംസ്ഥാനത്തെ നാല് ജില്ലകളില്‍ ട്രിപ്പിള്‍ ലോക്ക്ഡൗണ്‍ നിലവില്‍ വന്നു. കോവിഡ് വ്യാപനത്തിന്റെയും ടെസ്റ്റ് പോസിറ്റിവിറ്റി ഉയര്‍ന്നു നില്‍ക്കുന്നതിന്റെയും അടിസ്ഥാനത്തില്‍ തിരുവനന്തപുരം. എറണാകുളം, തൃശ്ശൂര്‍, മലപ്പുറം ജില്ലകളില്‍ പ്രഖ്യാപിച്ച ലോക്ക്ഡൗണ്‍ ഇന്നലെ അര്‍ധരാത്രി മുതലാണ് നടപ്പിലായത്. കര്‍ശന നിയന്ത്രണങ്ങളാണ് ജില്ലാ അടിസ്ഥാനത്തില്‍ നടപ്പിലാക്കിയിരിക്കുന്നത്. നിയമലംഘകര്‍ക്കെതിരെ ശക്തമായ നടപടികള്‍ തന്നെ സ്വീകരിക്കുമെന്നും അറിയിച്ചിട്ടുണ്ട്.
നിലവിലുള്ള ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ക്ക് പുറമെയാണ് ട്രിപ്പിള്‍ ലോക്ക്ഡൗണിന്റെ ഭാഗമായി കടുത്ത നിയന്ത്രണങ്ങളും നടപ്പിലാക്കുന്നത്.
രോഗവ്യാപനം നിയന്ത്രിക്കാനുള്ള ഏറ്റവും കര്‍ശനമായ മാര്‍ഗമാണ് ട്രിപ്പിള്‍ ലോക്ഡൗണ്‍. നടപ്പിലാക്കിയ ജില്ലകളുടെ അതിര്‍ത്തി അടച്ചിടും. തിരിച്ചറിയല്‍ കാര്‍ഡുമായി വരുന്ന അവശ്യവിഭാഗങ്ങളിലുള്ളവര്‍ക്ക് മാത്രമാണ് യാത്രാ അനുമതി. ഒരു റോഡൊഴികെ കണ്ടെയ്ന്‍മെന്റ് സോണ്‍ മുഴുവനായും അടയ്ക്കും. അനാവശ്യമായി പുറത്തിറങ്ങുക, കൂട്ടം കൂടുക, മാസ്‌ക് ധരിക്കാതിരിക്കുക, പ്രോട്ടോകോള്‍ ലംഘിക്കുക തുടങ്ങിയവയെല്ലാം കടുത്ത നടപടിക്ക് വിധേയമാകും.
ട്രിപ്പിള്‍ ലോക്ക്ഡൗണ്‍ ഉള്ള ജില്ലകളിലും പാല്‍, പത്രം വിതരണം രാവിലെ 8 മണി വരെ അനുവദിക്കും. മത്സ്യവിതരണംകൂടി ഈ സമയത്തിനുള്ളില്‍ അനുവദിക്കും.
ഡ്രോണ്‍ പരിശോധനയും ക്വറന്റീന്‍ ലംഘിക്കുന്നത് കണ്ടെത്താന്‍ ജിയോ ഫെന്‍സിങ് സാങ്കേതികവിദ്യയും ഉപയോഗിക്കും. ക്വറന്റീന്‍ ലംഘിക്കുന്നവരെ സഹായിക്കുന്നവരുടെ പേരില്‍ കേരള എപ്പിഡമിക് ഡിസീസസ് ഓര്‍ഡിനന്‍സ് പ്രകാരം നടപടിയെടുക്കുമെന്നും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
ആവശ്യമുള്ളവര്‍ക്ക് വാര്‍ഡ് സമിതി ഭക്ഷണമെത്തിക്കും. കമ്മ്യൂണിറ്റി കിച്ചനുകള്‍, ജനകീയ ഹോട്ടലുകള്‍ എന്നിവ ഇതിന് ഉപയോഗപ്പെടുത്തണം. മറ്റ് സാമൂഹ്യ പ്രവര്‍ത്തനങ്ങളെല്ലാം ട്രിപ്പിള്‍ ലോക്ഡൗണ്‍ പ്രഖ്യാപിച്ച ഇടങ്ങളില്‍ പരിപൂര്‍ണമായി ഒഴിവാക്കും.

അനുമതിയുള്ളവ
വിമാനയാത്രക്കാര്‍ക്കും ട്രെയിന്‍ യാത്രക്കാര്‍ക്കും
ബേക്കറി, പലവ്യഞ്ജനക്കടകള്‍ എന്നിവ ഒന്നിടവിട്ട ദിവസങ്ങളില്‍ തുറക്കാം.
മറ്റ് ജില്ലകളില്‍നിന്നുള്ള മാധ്യമ പ്രവര്‍ത്തകര്‍ക്ക് ട്രിപ്പിള്‍ ലോക്ഡൗണുള്ള ജില്ലകളില്‍ പ്രവേശിക്കാന്‍ പാസ് എടുക്കണം
ഹോട്ടലുകളും റസ്റ്ററന്റുകളും രാവിലെ ഏഴു മുതല്‍ വൈകിട്ട് 7.30 വരെ ഹോം ഡെലിവറിക്കു മാത്രമായി തുറക്കാം. ടേക്ക് എവേയും പാഴ്‌സല്‍ സര്‍വീസും അനുവദിക്കില്ല.
റേഷന്‍ കടകള്‍, മാവേലി സ്റ്റോറുകള്‍, സപ്ലൈകോ ഷോപ്പുകള്‍, മില്‍ക്ക് ബൂത്തുകള്‍ തുടങ്ങിയവ ദിവസവും വൈകിട്ട് അഞ്ചു വരെ പ്രവര്‍ത്തിക്കാം.

ജില്ലയിലേക്കു പ്രവേശിക്കുന്നതും ജില്ലയ്ക്കു പുറത്തേക്കു പോകുന്നതും പൊലീസ് കര്‍ശനമായി നിയന്ത്രിക്കും. കണ്ടെയ്ന്‍മെന്റ് സോണുകളിലും കര്‍ശന നിയന്ത്രണങ്ങള്‍ ഉണ്ടാകും. ചരക്കു ഗതാഗതം, അവശ്യ സേവനങ്ങള്‍ എന്നിവയ്ക്കു മാത്രമേ സംസ്ഥാനാന്തര ഗതാഗതം അനുവദിക്കൂ. സംസ്ഥാനാന്തര അവശ്യയാത്രയ്ക്ക് കോവിഡ് ജാഗ്രതാ പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്യേണ്ടതു നിര്‍ബന്ധമാണ്.

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker