ഒരു മന്ത്രവാദിനി കുരങ്ങായി മാറി ആളുകളെ ബുദ്ധിമുട്ടിക്കുന്നതിനെക്കുറിച്ച് നിങ്ങള്‍ എപ്പോഴെങ്കിലും കേട്ടിട്ടുണ്ടോ കേള്‍ക്കുമ്പോള്‍ ഒരു കുട്ടിക്കഥ പോലെ തോന്നുന്നുണ്ട് അല്ലേ. എന്നാല്‍, അത്തരത്തിലൊരു സംഭവം മധ്യ അമേരിക്കയില്‍ നിന്ന് ഇപ്പോള്‍ ലോക ശ്രദ്ധ നേടുകയാണ്. മധ്യ അമേരിക്കയിലെ നിക്കരാഗ്വയിലെ ദിരിയംബ (Diriamba) എന്ന ചെറിയ ഗ്രാമത്തില്‍ താമസിക്കുന്ന ആളുകള്‍ക്കിടയിലാണ് ഈ വിചിത്രമായ സംഭവം പ്രചരിച്ചത്. ഗ്രാമത്തില്‍ അമാനുഷിക സംഭവങ്ങള്‍ നടക്കുന്നുണ്ടെന്നും അതിന് പിന്നില്‍ കുരങ്ങായി മാറിയ ഒരു മന്ത്രവാദിനിയാണെന്നും ആയിരുന്നു ഇവിടത്തുകാര്‍ വിശ്വസിച്ചിരുന്നത്. ഒടുവില്‍ നാട്ടുകാര്‍ ചേര്‍ന്ന് ഏറെ പണിപ്പെട്ട് കുരങ്ങനെ പിടികൂടിയപ്പോള്‍ കണ്ടതാകട്ടെ കുരങ്ങന്റെ വേഷം ധരിച്ച ഗ്രാമത്തിലെ തന്നെ ഒരു ചെറുപ്പക്കാരനെ. നാട്ടുകാരെ പറ്റിക്കാന്‍ കക്ഷി ഒപ്പിച്ച ഒരു തമാശയായിരുന്നത്രേ ‘കുരങ്ങന് മന്ത്രവാദിനി കഥ’.
മോണ ബ്രൂജ (Mona Bruja) എന്ന മന്ത്രവാദിനി അമാനുഷിക പ്രവര്‍ത്തനങ്ങള്‍ നടത്തി തങ്ങളെ ബുദ്ധിമുട്ടിക്കുകയാണെന്നാണ് ഈ ഗ്രാമത്തിലുള്ളവര്‍ കരുതിയിരുന്നത്. ചുവന്ന കണ്ണുകളുള്ള കുരങ്ങായി മാറിയ മന്ത്രവാദിനി വീടിന്റെ മേല്‍ക്കൂരകളിലൂടെ ഓടുകയും ഉച്ചത്തില്‍ ദീര്‍ഘനേരം നിലവിളിച്ചു ആളുകളെ ആക്രമിക്കാന്‍ ശ്രമിക്കുകയും ഒപ്പം ആളുകളെ നിരന്തരം ഭയപ്പെടുത്തുകയും ചെയ്യുകയാണെന്ന് നിരവധി നാളായി പ്രദേശവാസികള്‍ പരാതി പറയുന്നു. കുരങ്ങിന്റെ ആക്രമണങ്ങളില്‍ ഭയപ്പെട്ടുപോയ ഗ്രാമവാസികള്‍ കുരങ്ങന് വേഷം മാറിയെത്തിയ മന്ത്രവാദിനിയാണെന്ന് വിശ്വസിച്ചു.
പലപ്പോഴും വീടിനുള്ളില്‍ കയറുന്ന ഈ കുരങ്ങന് വീടിന്റെ ചുമരുകള്‍ അടിച്ചു നശിപ്പിക്കുകയും ഒരു മുറിയില്‍ നിന്നും മറ്റൊരു മുറിയിലേക്ക് വേഗത്തില്‍ ഓടുകയും ചെയ്യാറുണ്ടായിരുന്നുവെന്നും ദൃക്സാക്ഷികള്‍ പറയുന്നു. ഒടുവില്‍ ശല്യം സഹിക്കാനാകാതെ കുരങ്ങിനെ പലതവണ പലവിധത്തില്‍ പിടിക്കാന്‍ ശ്രമിച്ചെങ്കിലും അതൊന്നും വിജയിച്ചില്ല അതുകൊണ്ടുതന്നെ കുരങ്ങന് മന്ത്രവാദിനി തന്നെയാണെന്ന് വിശ്വാസം ഗ്രാമവാസികള്‍ക്കിടയില്‍ ബലപ്പെട്ടു. തങ്ങളുടെ നീക്കങ്ങളെ കുറിച്ച് മുന്‍കൂട്ടി അറിഞ്ഞിരുന്ന മന്ത്രവാദിനി കുരങ്ങന് രക്ഷപ്പെട്ടുവെന്നായിരുന്നു ഇവര്‍ കരുതിയിരുന്നത്.
ഏതായാലും സഹികെട്ട പ്രദേശവാസികള്‍ ഒടുവില്‍ ഭീതി പടര്‍ത്തിയ മന്ത്രവാദിനി കുരങ്ങനെ പിടികൂടാന്‍ തീരുമാനിച്ചു. അങ്ങനെ ഏറെ സാഹസികമായി നാട്ടുകാര്‍ ചേര്‍ന്ന് കരുങ്ങനെ പിടിച്ചപ്പോഴാണ് കള്ളി വെളിച്ചത്തായത്. കുരങ്ങന്റെ വേഷത്തിനുള്ളില്‍ ഉണ്ടായിരുന്നത് ആ ഗ്രാമത്തിലെ തന്നെ ഒരു ചെറുപ്പക്കാരനായിരുന്നു. കുരങ്ങന് മന്ത്രവാദിനിയെ പിടികൂടാന്‍ പലപ്പോഴും നാട്ടുകാര്‍ക്ക് ഒപ്പം മുന്നിലുണ്ടായിരുന്ന ആളായിരുന്നു ഈ കക്ഷി എന്നതാണ് മറ്റൊരു രസകരമായ കാര്യം. ഏതായാലും നാട്ടുകാരെ പറ്റിക്കാന്‍ താന്‍ ചെയ്ത ഒരു ചെറിയ തമാശയാണ് ഇതെന്നായിരുന്നു പിടികൂടി കഴിഞ്ഞപ്പോള്‍ വേഷം കെട്ടുകാരന്റെ മറുപടി. നാട്ടുകാര്‍ സാമാന്യം നന്നായി തന്നെ കുരങ്ങ് മന്ത്രവാദിയെ കൈകാര്യം ചെയ്ത് വിട്ടെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. 2021 ല്‍, സമാനമായ രീതിയില്‍ നിക്കരാഗ്വ പ്രദേശത്ത് മറ്റൊരു കുരങ്ങന്റെ സാന്നിധ്യം റിപ്പോര്‍ട്ട് ചെയ്തിരുന്നു. അന്നും കുരങ്ങായി മാറിയ മന്ത്രവാദിനിയാണ് അതെന്നായിരുന്നു ജനങ്ങള്‍ അഭിപ്രായപ്പെട്ടിരുന്നത്. വീടിന്റെ മേല്ക്കൂരകളിലേക്ക് കല്ലുകള്‍ വലിച്ചെറിഞ്ഞ് കേടുപാടുകള്‍ വരുത്തുന്നതും ഈ ശല്യക്കാരന് കുരങ്ങിന്റെ ഒരു രീതിയാണ്.