BREAKINGKERALA

നിക്ഷേപ തട്ടിപ്പ്: നഷ്ടപരിഹാരം ഉള്‍പ്പെടെ 6.93 ലക്ഷം രൂപ നിക്ഷേപകന് നല്‍കണം

കൊച്ചി: നിക്ഷേപകനെ കബളിപ്പിച്ച വായ്പാസംഘം, നിക്ഷേപിച്ച തുക തിരിച്ചു നല്‍കണമെന്നും കൂടാതെ 75,000 രൂപ നഷ്ടപരിഹാരവും 25,000 രൂപ കോടതി ചെലവും പരാതിക്കാരന് നല്‍കണമെന്ന് എറണാകുളം ജില്ലാ ഉപഭോക്തൃ തര്‍ക്ക പരിഹാര കോടതി.
എറണാകുളം സ്വദേശി നൗഷാദ് , തൃശ്ശൂര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സൊസൈറ്റിക്കെതിരെ സമര്‍പ്പിച്ച പരാതിയിലാണ് കോടതിയുടെ ഉത്തരവ്.
5,88,000/ രൂപ നിക്ഷേപിക്കുകയും 5,000/ രൂപ നല്‍കി മെമ്പര്‍ഷിപ്പ് എടുക്കുകയും ചെയ്തപരാതിക്കാരന് വാഗ്ദാനം ചെയ്ത രീതിയില്‍ തുക തിരിച്ച് നല്‍കാത്ത സാഹചര്യത്തിലാണ് സേവനത്തില്‍ ന്യൂനതയും അധാര്‍മികമായ വ്യാപാര രീതിയും ആരോപിച്ച് ഉപഭോക്തൃ കോടതിയെ സമീപിച്ചത്.
പലിശരഹിത വായ്പയും ഹൗസിംഗ് സ്‌കീമും എതിര്‍കക്ഷി വാഗ്ദാനം ചെയ്തിരുന്നു.
തങ്ങള്‍ സഹകരണ സംഘം ആണെന്നും ആര്‍ബിഐയുടെ ലൈസന്‍സ് ഉണ്ടെന്നും എതിര്‍കക്ഷി പരാതിക്കാരനെ ധരിപ്പിച്ചു.
പണം കിട്ടാത്ത സാഹചര്യത്തില്‍ പോലീസില്‍ പരാതി നല്‍കിയെങ്കിലും യാതൊരു നടപടിയും സ്വീകരിക്കാത്ത സാഹചര്യത്തിലാണ് ഉപഭോക്തൃ കോടതിയെ സമീപിച്ചത്.നിക്ഷേപം സ്വീകരിക്കാന്‍ നിയമപരമായ അംഗീകാരമുണ്ടെന്ന് തെറ്റിദ്ധരിപ്പിച്ച് പരാതിക്കാരനില്‍ നിന്നും തുക സ്വീകരിക്കുകയും അത് മടക്കി നല്‍കുന്നതില്‍ വീഴ്ച വരുത്തുകയും ചെയ്ത എതിര്‍കക്ഷിയുടെ സേവനത്തില്‍ ന്യൂനതയും അധാര്‍മികമായ വ്യാപാര രീതിയും ഉണ്ടെന്ന് ഡി ബി . ബിനു അധ്യക്ഷനും വി രാമചന്ദ്രന്‍, ടി.എന്‍ ശ്രീവിദ്യ എന്നിവര്‍ അംഗങ്ങളുമായ ബഞ്ച് നിരീക്ഷിച്ചു.
പരാതിക്കാരന്‍ നിന്നും നിക്ഷേപവുമായി സ്വീകരിച്ച അഞ്ചു ലക്ഷത്തി തൊണ്ണൂറ്റി മൂവായിരം രൂപ കൂടാതെ 75,000 രൂപ നഷ്ടപരിഹാരവും 25,000കോടതി ചെലവും 45 ദിവസത്തിനകം പരാതിക്കാരന് നല്‍കണമെന്ന് എതിര്‍കക്ഷികള്‍ക്ക് കോടതി ഉത്തരവ് നല്‍കി.

Related Articles

Back to top button