ആലപ്പുഴ: എസ്എഫ്‌ഐ മുന്‍ ഏരിയ സെക്രട്ടറി നിഖില്‍ തോമസ് എംകോം പ്രവേശനം നേടിയത് വ്യാജസര്‍ട്ടിഫിക്കറ്റ് ഉപയോഗിച്ചാണെന്ന വിവരം പുറത്തുവന്നത് കായംകുളം സിപിഎമ്മിലെ ഫെയ്‌സ്ബുക് യുദ്ധത്തില്‍. മന്ത്രി സജി ചെറിയാനെ അനുകൂലിക്കുന്ന വിഭാഗവും ജില്ലാ സെക്രട്ടറി ആര്‍.നാസറിനെ അനുകൂലിക്കുന്ന വിഭാഗവും കായംകുളത്ത് ഏറ്റുമുട്ടുന്നത് കായംകുളം വിപ്ലവം, ചെമ്പട കായംകുളം എന്നീ രണ്ട് ഫെയ്‌സ്ബുക് പേജുകളിലൂടെയാണ്. ഇതില്‍ നാസര്‍ പക്ഷത്തെ അനുകൂലിക്കുന്ന ചെമ്പട കായംകുളം എന്ന പേജില്‍ ഈ വര്‍ഷം ജനുവരിയിലാണ് നിഖില്‍ ബികോം പാസാകാതെയാണ് എംകോം പ്രവേശനം നേടിയതെന്ന ആരോപണം ആദ്യമായി വന്നത്.
കായംകുളത്ത് സജി ചെറിയാന്‍ പക്ഷത്തിനു നേതൃത്വം നല്‍കുന്ന ജില്ലാ സെക്രട്ടേറിയറ്റംഗം കെ.എച്ച്. ബാബുജാനെതിരെയും പോസ്റ്റില്‍ രൂക്ഷവിമര്‍ശമുണ്ടായിരുന്നു. 20 വര്‍ഷത്തോളം എസ്എഫ്‌ഐ ഭരിച്ച എംഎസ്എം കോളജില്‍ യൂണിയന്‍ ഭരണം നഷ്ടപ്പെടാന്‍ കാരണം ബാബുജാനും എസ്എഫ്‌ഐ ഏരിയ സെക്രട്ടറി നിഖില്‍ തോമസുമാണെന്നായിരുന്നു വിമര്‍ശനം.