KERALALATEST

‘നിങ്ങളോട് വിയോജിപ്പുകളുണ്ട്, പക്ഷേ ഇപ്പോള്‍ ചേര്‍ത്തുപിടിക്കുന്നു’; എംഎം മണിക്ക് പിന്തുണയുമായി ഗോമതി

ഇടുക്കി: മുന്‍ വൈദ്യുത മന്ത്രിയും ഉടുമ്പുംചോല എംഎല്‍എയുമായ എം.എം. മണിയെ നിറത്തിന്റെ പേരില്‍ അധിക്ഷേപിച്ച മുസ്‌ലിം ലീഗ് എംഎല്‍എ പി.കെ. ബഷീറിനെതിരെ വിമര്‍ശനവുമായി മൂന്നാര്‍ സമരനായിക ഗോമതി. രാഷ്ട്രീയമായി നിരവധി വിയോജിപ്പുകളുണ്ടെങ്കിലും വംശീയമായി അധിക്ഷേപിക്കപ്പെടുമ്പോള്‍ ചേര്‍ത്തു പിടിക്കുമെന്ന് ഗോമതി പറഞ്ഞു. ഫേസ്ബുക്കിലൂടെയാണ് ഗോമതി എംഎം മണിക്ക് പിന്തുണ പ്രഖ്യാപിച്ചത്.
‘സഖാവ് എം എം മണി, എനിക്ക് താങ്കളോട് രാഷ്ട്രീയമായി നിരവധി വിയോജിപ്പുകളുണ്ട്. താങ്കളുടെ സ്ത്രീവിരുദ്ധ നിലപാടുകളെ ശക്തമായി ഞാന്‍ വിമര്‍ശിച്ചിട്ടുണ്ട്. ഇനിയും അങ്ങനെ തന്നെ.
താങ്കള്‍ നിറത്തിന്റെ പേരില്‍ മുസ്ലീം ലീഗ് എം എല്‍ എ ബഷീറിനാല്‍ വംശീയമായി അധിക്ഷേപിക്കപ്പെടുമ്പോള്‍ കയ്യടിക്കാനല്ല, ചേര്‍ത്തു പിടിക്കുക എന്നതാണ് എന്റെ രാഷ്ട്രീയ ബോധം. ഐക്യദാര്‍ഢ്യം’ ഗോമതി ഫേസ്ബുക്കില്‍ കുറിച്ചു.
കഴിഞ്ഞ ദിവസമാണ് മുസ്‌ലിം ലീഗ് എംഎല്‍എ പി.കെ. ബഷീര്‍ എംഎം മണിയെ നിറത്തിന്റെ പേരില്‍ അധിക്ഷേപിച്ച് സംസാരിച്ചത്. കറുപ്പ് കണ്ടാല്‍ ഭയക്കുന്ന മുഖ്യമന്ത്രി എം എം മണിയെ കണ്ടാല്‍ എന്താകും സ്ഥിതിയെന്നായിരുന്നു പി കെ ബഷീറിന്റെ പരിഹാസം. സാദിഖലി ശിഹാബ് തങ്ങളുടെ വയനാട് പര്യടന കണ്‍വന്‍ഷന്‍ വേദിയിലായിരുന്നു വിവാദ പ്രസംഗം. എം എം മണിയുടെ കണ്ണും മോറും കറുപ്പല്ലേ എന്ന് പി കെ ബഷീര്‍ എംഎല്‍എ പരിഹസിച്ചു. ‘കറുപ്പ് കണ്ടാല്‍ പിണറായിക്ക് പേടി, പര്‍ദ കണ്ടാല്‍ പേടി, ഇനി എനിക്കുള്ള പേടിയെന്തെന്നാല്‍, ഇവരുടെ സംസ്ഥാന കമ്മിറ്റിയില്‍ എം എം മണി ചെന്നാല്‍ എന്തായിരിക്കും സ്ഥിതിയെന്നാണ്… കാരണം അയാളുടെ കണ്ണും മോറും കറുപ്പല്ലേ…’ എന്നിങ്ങനെയായിരുന്നു ബഷീറിന്റെ വിവാദം പ്രസംഗം.

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker