പാലക്കാട്: നിങ്ങള്‍ എനിക്ക് പാലക്കാട് തന്നോളൂ കേരളം ഞങ്ങളിങ് എടുക്കുമെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി. പാലക്കാട്, ചേലക്കര നിയമസഭാ മണ്ഡലങ്ങളിലെയും വയനാട് ലോക്സഭാ മണ്ഡലത്തിലെയും ഉപതിരഞ്ഞെടുപ്പുകളില്‍ ജയസാധ്യതയുള്ള സ്ഥാനാര്‍ഥികളെയാകണം ബി.ജെ.പി. നിര്‍ത്തേണ്ടതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. പാലക്കാട്ട് ബി.ജെ.പി. പ്രവര്‍ത്തകര്‍ നല്‍കിയ സ്വീകരണത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
പാലക്കാട് ഉപതിരഞ്ഞെടുപ്പില്‍ ബി.ജെ.പി. സ്ഥാനാര്‍ഥിയായി ആരുനിന്നാലും ജയിക്കുമെന്ന് ഇതേവേദിയില്‍ ശോഭാ സുരേന്ദ്രന്‍ പറഞ്ഞതിനോട് പ്രതികരിക്കുകയായിരുന്നു സുരേഷ് ഗോപി. യോഗ്യരായ സ്ഥാനാര്‍ഥികളെ ആയിരിക്കണം മൂന്ന് ഉപതിരഞ്ഞെടുപ്പിലും നിര്‍ത്തേണ്ടത്. കെ. സുരേന്ദ്രന്‍, വി. മുരളീധരന്‍, കുമ്മനം രാജശേഖരന്‍ തുടങ്ങി ബി.ജെ.പി.യുടെ സംസ്ഥാന നേതൃനിരയൊന്നാകെ വേദിയിലിരിക്കേയായിരുന്നു സുരേഷ് ഗോപിയുടെ അഭിപ്രായപ്രകടനം.
‘തൃശ്ശൂരിലെ ജനതയോട് എത്ര പറഞ്ഞാലും തീരാത്തത്രയും നന്ദിയും കടപ്പാടുമുണ്ട്. തൃശ്ശൂര്‍ എനിക്ക് ഇഷ്ടമാണ്. തൃശ്ശൂര്‍ എനിക്ക് വേണം. എന്നിട്ടേ ഞാന്‍ പറഞ്ഞുള്ളൂ തൃശ്ശൂര്‍ ഞാന്‍ ഇങ്ങ് എടുക്കുവാ എന്ന്. പക്ഷേ പാലക്കാട് എനിക്കത് മാറ്റി പറയേണ്ടി വരും. നിങ്ങളെനിക്ക് പാലക്കാട് തന്നോളൂ, കേരളം ഞങ്ങളിങ്ങെടുക്കും എന്നാണ്. ഉരച്ചുനോക്കാന്‍ വരുന്നവരുടെ എണ്ണം കൂടുന്നതിനനുസരിച്ചാണ് നമ്മുടെ വിജയം’, സുരേഷ് ഗോപി പറഞ്ഞു.
104 Less than a minute