LATESTKERALA

‘നിങ്ങള്‍ ട്രോളിക്കോളൂ, അത് രണ്ടുമാസം മുന്‍പത്തെ പ്രസംഗം’; നാക്കുപിഴയെന്ന് ചാണ്ടി ഉമ്മന്‍

കോട്ടയം: ചെറുകുടലിന്റെ നീളം ഒന്നര കിലോമീറ്റര്‍ എന്ന് പറഞ്ഞതിന്റെ പേരില്‍ സാമൂഹിക മാധ്യമങ്ങളില്‍ നിറയുന്ന ട്രോളുകള്‍ക്ക് മറുപടിയുമായി കോണ്‍ഗ്രസ് നേതാവ് ചാണ്ടി ഉമ്മന്‍ എംഎല്‍എ. പ്രചരിക്കുന്ന പ്രസംഗം രണ്ടുമാസം മുമ്പ് നടത്തിയതാണെന്നും പിതാവ് മരിച്ച സാഹചര്യത്തില്‍ കടന്നുപോയ മാനസികാവസ്ഥയില്‍ സംഭവിച്ച നാക്കുപിഴയാണെന്നും അദ്ദേഹം പറഞ്ഞു.

‘അപ്പ മരിച്ച സാഹചര്യത്തില്‍ ഞാന്‍ കടന്നുപോയ മാനസികാവസ്ഥയില്‍ പറഞ്ഞപ്പോള്‍ നാക്കുപിഴ സംഭവിച്ചതാണ്. അത് ഇത്രയുംനാള്‍ കാണാത്തതെന്താണെന്ന് ഞാനോര്‍ത്തു. മുഖ്യമന്ത്രി പിണറായി വിജയന്‍ ഉള്‍പ്പെടെ പങ്കെടുത്ത പരിപാടിയില്‍ വെച്ച് നടത്തിയതാണ് പ്രസംഗം. യാഥാര്‍ഥ്യം പറഞ്ഞാല്‍ ഉടന്‍ സൈബര്‍ ആക്രമണം. ഇതുകൊണ്ടൊന്നും തളരില്ല. വ്യക്തി ആക്ഷേപം നടത്തിയവര്‍ തെരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടു. ഇപ്പോഴും വ്യക്തി ആക്ഷേപം തുടരുന്നു’- ചാണ്ടി ഉമ്മന്‍ പറഞ്ഞു.

‘എങ്ങനെയും ആക്ഷേപിക്കുക എന്ന തരത്തിലേക്ക് ഇവിടത്തെ രാഷ്ട്രീയം തരംതാഴ്ന്നു. കഴിഞ്ഞ ഒമ്പതുവര്‍ഷക്കാലം കുടുംബത്തെ വേട്ടയാടി. പിതാവിനെ പറയാന്‍ പറ്റാത്ത എല്ലാം പറഞ്ഞു. ഇരുപത് വര്‍ഷമായി കുടുംബത്തെ വേട്ടയാടാന്‍ തുടങ്ങിയിട്ട്. ഇതൊന്നും കൊണ്ടും ഞങ്ങള്‍ തളരില്ല. ഐക്യജനാധിപത്യ മുന്നണി ഒറ്റക്കെട്ടായിനില്‍ക്കും. നിങ്ങള്‍ ട്രോളിക്കോളൂ, ഞങ്ങള്‍ ശക്തരായിത്തീരും’- ചാണ്ടി ഉമ്മന്‍ കൂട്ടിച്ചേര്‍ത്തു.

‘നമ്മുടെ കുടലിന് ഒന്നര കിലോമീറ്ററാണ് നീളം, എന്നാല്‍ പിതാവ് ഉമ്മന്‍ ചാണ്ടിയുടെ ചെറുകുടലിന് 300 മീറ്റര്‍ മാത്രമായിരുന്നു നീളം. ഭക്ഷണം കഴിക്കാതെ ചുരുങ്ങിപ്പോയതിനാലാണ് ഇത്രയും നീളം കുറഞ്ഞത്’ എന്നായിരുന്നു ചാണ്ടി ഉമ്മന്റെ വൈറലായ പ്രസംഗം. ഇതാണ് കഴിഞ്ഞ ദിവസം സാമൂഹിക മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചത്.

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker