സംസ്ഥാനത്ത് പുതിയ നിപ പോസിറ്റീവ് കേസുകളില്ല. ഇന്നലെ പരിശോധിച്ച എല്ലാ സാമ്പിളുകളുടെയും ഫലം നെഗറ്റീവായി. രോഗവ്യാപനം രണ്ടാം തരംഗത്തിലേക്ക് കടന്നിട്ടില്ലന്നും, നിയന്ത്രണ വിധേയമാണെന്നുമാണ് ആരോഗ്യവകുപ്പിന്റെ വിലയിരുത്തല്‍.
അതേസമയം തിരുവനന്തപുരത്ത് നിപ ആശങ്കയില്‍ ആശ്വാസമായി. രോഗബാധ സംശയിച്ച തിരുവനന്തപുരത്ത് നിരീക്ഷണത്തിലായിരുന്ന മെഡിക്കല്‍ വിദ്യാര്‍ത്ഥിയുടെ ഫലം നെഗറ്റീവായി.
തോന്നയ്ക്കല്‍ വൈറോളജി ഇൻസ്റ്റിറ്റ്യട്ടില്‍ നടത്തിയ പരിശോധനയിലാണ് ഫലം നെഗറ്റീവായത്. തിരുവനന്തപുരത്ത് നിപ വൈറസ് ലക്ഷണങ്ങള്‍ പ്രകടിപ്പിച്ച ഒരാള്‍ കൂടി നിരീക്ഷണത്തിലുണ്ട്. കാട്ടാക്കട സ്വദേശിനിയും പരിശോധന ഫലം ഇന്ന് ലഭിക്കും എന്നാണ് പ്രതീക്ഷിക്കുന്നത്.
72 കാരിയായ കാട്ടാകട സ്വദേശിനിയുടെ അടുത്ത ബന്ധുക്കള്‍ കോഴിക്കോട് നിന്ന് തിരുവനന്തപുരത്ത് വന്നിരുന്നു. പിന്നാലെ ഇവര്‍ക്ക് പനിയുണ്ടായി. ഇതേ തുടര്‍ന്ന് മുൻകരുതല്‍ എന്ന നിലയില്‍ ഇവരെ ജനറല്‍ ആശുപത്രിയില്‍ നിരീക്ഷണത്തിലേക്ക് മാറ്റുകയായിരുന്നു.
നിലവില്‍ നാല് ആക്ടിവ് കേസുകളാണ് സംസ്ഥാനത്തുള്ളത്. രോഗലക്ഷണങ്ങളുള്ള 5 പേരെ കൂടി ഐസൊലേഷനിലാക്കിയിട്ടുണ്ട്. ചികിത്സയിലുള്ളവരുടെ ആരോഗ്യ നിലയില്‍ പുരോഗതിയുണ്ട്. 1,192 പേരാണ് സമ്പര്‍ക്കപട്ടികയിലുള്ളത്.
ജില്ലയില്‍ തുടരുന്ന കേന്ദ്ര സംഘം ഇന്നും വിവിധ സ്ഥലങ്ങള്‍ സന്ദര്‍ശിക്കും. അതേസമയം കോഴിക്കോട് ജില്ലയില്‍ അടുത്ത ശനിയാഴ്ച (23-09-23) വരെ അധ്യയനം ഓണ്‍ലൈനായിരിക്കുമെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു.
സംസ്ഥാനത്ത് ഇതുവരെ 181 സാമ്പിളുകളാണ് പരിശോധിച്ചത്. ഇന്നലെ പുതിയ പോസിറ്റീവ് കേസുകളില്ലാത്തത് ആശ്വാസമാണ്. രോഗ ലക്ഷണങ്ങളോടെ അഞ്ച് പേരെ കൂടി മെഡിക്കല്‍ കോളേജില്‍ ഐസോലേഷനിലാക്കി. ഇതില്‍ ഒരാള്‍ ആരോഗ്യപ്രവര്‍ത്തകയാണ്.
സമ്പര്‍ക്കപ്പട്ടിയിലുള്ളവരുടെ എണ്ണം 1192 ആയി. പോസിറ്റീവായ് ചികിത്സയിലുള്ള നാല് പേരുടെയും നിലയില്‍ പുരോഗതിയുണ്ട്. രണ്ട് പേര്‍ക്ക് ഇപ്പോള്‍ രോഗലക്ഷണങ്ങളില്ലെന്നും മന്ത്രി പറഞ്ഞു. സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലുള്ളവരുടെ ചെലവ് സര്‍ക്കാര്‍ ഏറ്റെടുക്കുന്ന കാര്യത്തില്‍ അനുഭാവ പൂര്‍ണമായ തീരുമാനുണ്ടാകുമെന്നും തത്ക്കാലം ഇവര്‍ ബില്ല് അടയ്ക്കേണ്ടെന്നും മന്ത്രി പറഞ്ഞു.
അതേസമയം, കേന്ദ്ര സംഘം ജില്ലയില്‍ തുടരുന്നുണ്ട്. കോഴിക്കോട് നഗരത്തിലുള്‍പ്പെടെ നിയന്ത്രണങ്ങള്‍ കര്‍ശനമാക്കിയിരിക്കുകയാണ്. കോഴിക്കോട് കോര്‍പ്പറേഷനിലെ 7 വാര്‍ഡുകളും, ഫറോക്ക് നഗരസഭയിലെ മുഴുവന്‍ വാർഡുകളും കണ്ടൈന്‍മെന്‍റ് സോണായി പ്രഖ്യാപിച്ചു. കണ്ടൈന്‍മെന്‍റ് സോണിലുള്‍പ്പെട്ടതിനാല്‍ ബേപ്പൂര്‍ ഫിഷിംഗ് ഹാര്‍ബര്‍ അടച്ചു. എന്നാല്‍, പൊതുപരീക്ഷകള്‍ക്ക് മാറ്റമുണ്ടാകില്ല.