BREAKINGNATIONAL

നിമജ്ജനം ചെയ്ത ഗണേശ വിഗ്രത്തില്‍ നിന്ന് 4 ലക്ഷത്തിന്റെ സ്വര്‍ണമാല എടുക്കാന്‍ മറന്നു; കുടുംബം ജലസംഭരണി വറ്റിച്ചു

ഗണേശ ചതുര്‍ത്ഥി ആഘോഷത്തിന്റെ ഭാഗമായി നിമജ്ജനം ചെയ്ത വിഗ്രഹത്തില്‍ നിന്ന് നാല് ലക്ഷം രൂപ വിലമതിക്കുന്ന സ്വര്‍ണാഭരണം നീക്കാന്‍ മറന്നു. ബെംഗളൂരു ദസറഹള്ളിയിലെ രാമയ്യ, ഉമാദേവി ദമ്പതികള്‍ക്കാണ് അബദ്ധം പറ്റിയത്. 2 ദിവസം നീണ്ട പരിശ്രമത്തിനൊടുവില്‍ 60 ഗ്രാം തൂക്കം വരുന്ന സ്വര്‍ണമാല ജലസംഭരണി വറ്റിച്ചാണ് വിഗ്രഹത്തില്‍ നിന്ന് തിരിച്ചെടുത്തത്.
ഗണേശ ചതുര്‍ത്ഥി ആഘോഷങ്ങളുടെ ഭാഗമായി ദമ്പതികള്‍ വീടിനകത്ത് ഗണേശ വിഗ്രഹം വെച്ചിരുന്നു. ഇതില്‍ സ്വര്‍ണ മാലയ്‌ക്കൊപ്പം പൂമാലകളും വെച്ചിരുന്നു. വിഗ്രഹം നിമജ്ജനം ചെയ്ത കഴിഞ്ഞ ശനിയാഴ്ചയാണ് ഒരു മൊബൈല്‍ ടാങ്കില്‍ ഇവര്‍ വിഗ്രഹം നിമജ്ജനം ചെയ്തത്. ഇതേ ടാങ്കില്‍ വേറെയും വിഗ്രഹങ്ങള്‍ നിമജ്ജനം ചെയ്തിരുന്നു.
ഒരു മണിക്കൂറിന് ശേഷം ഇതേ സ്ഥലത്ത് തിരിച്ചെത്തിയ കുടുംബം മാല നഷ്ടപ്പെട്ട കാര്യം ഇവിടെ ഉണ്ടായിരുന്ന സംഘാടകരോട് പറഞ്ഞു. തങ്ങളത് ശ്രദ്ധിച്ചിരുന്നുവെന്നും എന്നാല്‍ സ്വര്‍ണം പൂശിയ മാലയാകുമെന്നാണ് കരുതിയതെന്നും പറഞ്ഞ ഇവര്‍ കുടുംബത്തെ പൊലീസ് സ്റ്റേഷനിലേക്ക് പറഞ്ഞുവിട്ടു.
മഗഡി റോഡ് പൊലീസ് സ്റ്റേഷനിലെത്തിയ കുടുംബം പരാതി നല്‍കി. വിവരം എംഎല്‍എയെയും ധരിപ്പിച്ചു. എംഎല്‍എ നിര്‍ദ്ദേശിച്ച പ്രകാരം ടാങ്ക് സ്ഥാപിച്ച കോണ്‍ട്രാക്ടറോട് മാല തിരയാന്‍ നിര്‍ദ്ദേശിച്ചു. പത്തോളം പേര്‍ ഏറെ നേരം പരിശ്രമിച്ചിട്ടും മാല കണ്ടെത്താനായില്ല.
ഇതേത്തുടര്‍ന്ന് 10000 ലിറ്റര്‍ വെള്ളം കൊള്ളുന്ന ജല സംഭരണി വറ്റിക്കാന്‍ കുടുംബത്തിന് അനുമതി ലഭിച്ചു. ഇതിന് ശേഷം വീണ്ടും അടുത്ത ദിവസം വീണ്ടും ഓരോ വിഗ്രഹങ്ങളായെടുത്ത് പരിശോധിച്ചതില്‍ നിന്ന് മാല കണ്ടെത്തി. ഇത് കുടുംബത്തിന് തിരികെ നല്‍കി.

Related Articles

Back to top button