BREAKING NEWSENTERTAINMENTKERALALATESTMALAYALAM

നിയമസഭയിലെത്താന്‍ ഗോദയിലിറങ്ങിയ താരങ്ങള്‍

നിയമസഭാ തെരഞ്ഞെടുപ്പില്‍ ഒരുപിടി കലാകാരന്മാരാണ് ഇത്തവണ ജനവിധി തേടുന്നത്. അഭിനേതാക്കളും ഗായകരും അടക്കം ഇത്തവണ പത്ത് പേരാണ് കലാരംഗത്ത് നിന്ന് ഭാഗ്യപരീക്ഷണത്തിന് ഇറങ്ങിയത്. കെ ബി ഗണേഷ് കുമാര്‍, എം മുകേഷ് , മാണി സി കാപ്പന്‍ എന്നിവരാണ് ഈ പട്ടികയിലുള്ള സിറ്റിങ് എംഎല്‍എമാര്‍. രാജ്യസഭാ എംപിയായ സുരേഷ് ഗോപിയും തൃശൂരില്‍ നിന്ന് മത്സരിക്കുന്നു. ഇത്തവണ മത്സരരംഗത്തിറങ്ങിയ താരങ്ങളെ അറിയാം
സുരേഷ് ഗോപി നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപിയുടെ എ പ്ലസ് മണ്ഡലങ്ങളിലൊന്നായ തൃശൂരില്‍ നിന്നാണ് സുരേഷ് ഗോപി ജനവിധി തേടുന്നത്. അപ്രതീക്ഷിതമായാണ് തൃശൂരില്‍ സുരേഷ് ഗോപി സ്ഥാനാര്‍ഥിയായത്. വ്യക്തിപരമായി തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ സുരേഷ് ഗോപിക്ക് താല്‍പര്യമുണ്ടായിരുന്നില്ല. എന്നാല്‍, ബിജെപി കേന്ദ്രസംസ്ഥാന നേതൃത്വങ്ങള്‍ സുരേഷ് ഗോപി തൃശൂരില്‍ മത്സരിക്കണമെന്ന് ആവശ്യപ്പെടുകയായിരുന്നു. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ തൃശൂരില്‍ മത്സരിച്ച സുരേഷ് ഗോപി നല്ല രീതിയില്‍ വോട്ട് നേടിയിരുന്നു. നിയമസഭാ തെരഞ്ഞെടുപ്പിലും സുരേഷ് ഗോപിക്ക് മികച്ച പിന്തുണ ലഭിക്കുമെന്നാണ് കേന്ദ്ര നേതാക്കള്‍ അടക്കം വിലയിരുത്തുന്നത്. ഇത്തവണ തൃശൂര്‍ എടുക്കുകയല്ല, ജനങ്ങള്‍ തൃശൂര്‍ തനിക്ക് തരുമെന്ന മാസ് ഡയലോഗുമായി താരം കളംനിറ!ഞ്ഞു കഴിഞ്ഞു.

മുകേഷ് (കൊല്ലം) മൂന്നു പതിറ്റാണ്ടിലേറെ കാലം മലയാള സിനിമയില്‍ നിറഞ്ഞുനിന്ന ശേഷമാണ് 2016 ല്‍ സിപിഎം സ്ഥാനാര്‍ഥിയായി മത്സരിച്ച് എം. മുകേഷ് കൊല്ലത്തുനിന്ന് എംഎല്‍എയാകുന്നത്. ജനപ്രതിനിധിയായി പ്രവര്‍ത്തിക്കുമ്പോഴും സിനിമാ ടി വി രംഗത്ത് അദ്ദേഹം സജീവമായിരുന്നു. ഇപ്പോഴും കുടുംബസദസ്സുകള്‍ക്ക് പ്രിയങ്കരന്‍. കലയും പൊതുപ്രവര്‍ത്തനവും ഒന്നിച്ചു കൊണ്ടുപോകുമെന്ന് ആദ്യം മത്സരിച്ചപ്പോള്‍ത ന്നെ സ്വീകരണ യോഗങ്ങളില്‍ പറഞ്ഞതാണ്. സിനിമ നിര്‍ത്തിയാല്‍ ഞങ്ങള്‍ വോട്ട് തരില്ലെന്ന് അന്ന് ഒട്ടേറെപ്പേര്‍ പറഞ്ഞിരുന്നു. കല ജീവിതത്തിന്റെ ഭാഗമാണെന്നും അതുപേക്ഷിക്കില്ലെന്നും വാക്കുകൊടുത്തതാണ്. മുകേഷ് പറയുന്നു.

കെ ബി ഗണേഷ് കുമാര്‍ (പത്തനാപുരം) എംഎല്‍എയും മന്ത്രിയുമായി പ്രവര്‍ത്തിച്ചപ്പോഴും സിനിമയെ കൈവിടാന്‍ ഗണേഷ് കുമാര്‍ തയാറായില്ല. 1985ല്‍ കെ ജി ജോര്‍ജിന്റെ ഇരകള്‍ എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലെത്തിയതാണ് കെ ബി ഗണേഷ് കുമാര്‍. അന്നു മുതല്‍ ഇന്നു വരെ മലയാള സിനിമയ്‌ക്കൊപ്പമാണ് അദ്ദേഹം നടന്നത്. 2001 ല്‍ പത്തനാപുരം മണ്ഡലത്തില്‍ നിന്ന് വിജയിച്ച ഗണേഷ് കുമാര്‍ ഗതാഗതമന്ത്രിയായി. പിന്നീടുള്ള നാല് തെരഞ്ഞെടുപ്പുകളിലും കേരള കോണ്‍ഗ്രസ് ബി സ്ഥാനാര്‍ഥിയായി മത്സരിപ്പപ്പോഴും പത്തനാപുരം ഗണേഷ് കുമാറിനെ കൈവിട്ടില്ല. 20 വര്‍ഷം എം എല്‍ എയായി പ്രവര്‍ത്തിച്ചപ്പോഴും സിനിമയെ ഒപ്പം കൊണ്ടുനടക്കാന്‍ സാധിച്ചതില്‍ സന്തോഷമുണ്ട്. പത്തനാപുരത്തുകാര്‍ പക്ഷേ, എന്നെ ഒരിക്കലും സിനിമാക്കാരനായി കാണുന്നില്ല. 20 വര്‍ഷമായി താന്‍ ഇവിടെത്തന്നെയുണ്ട് ഗണേഷ് കുമാര്‍ പറയുന്നു.

മാണി സി കാപ്പന്‍ (പാലാ) നിര്‍മാതാവും അഭിനേതാവുമായ മാണി സി കാപ്പന് ചെറുപ്പത്തില്‍ വോളിബോളായിരുന്നു ഇഷ്ടമേഖല. ബിരുദപഠനത്തിന് മടപ്പള്ളി ഗവ. കോളേജിലെത്തിയ മാണി സി. കാപ്പന് വോളിബോള്‍ ലഹരിയായി. യൂണിവേഴ്‌സിറ്റി ടീമിന്റെ ക്യാപ്റ്റനായി. മൂന്നു വട്ടം കേരളാ ടീമിലും. ജിമ്മി ജോര്‍ജിനും ബ്ലെസന്‍ ജോര്‍ജിനുമൊപ്പം കളിക്കാനായി. 1995 ല്‍ കോണ്‍ഗ്രസ് എസിലൂടെ രാഷ്ട്രീയത്തിലെത്തി. തൊണ്ണൂറുകള്‍ മുതല്‍ സിനിമാരംഗത്ത് കാലുറപ്പിച്ച അദ്ദേഹം മാന്നാര്‍ മത്തായി സ്പീക്കിങ് എന്ന ഹിറ്റ് സിനിമ സംവിധാനം ചെയ്തു. മേലേപ്പറമ്പില്‍ ആണ്‍വീട് അടക്കം 12 സിനിമകള്‍ നിര്‍മിച്ചു. 25 സിനിമകളില്‍ വേഷമിട്ടു. ഉപതെരഞ്ഞെടുപ്പില്‍ ജയിച്ച് മാണി സി കാപ്പന്‍ എംഎല്‍എയായി. ഇത്തവണ എന്‍സികെ എന്ന പുതിയ പാര്‍ട്ടിയുണ്ടാക്കിയാണ് മത്സരിക്കുന്നത്.

ധര്‍മജന്‍ ബോള്‍ഗാട്ടി (ബാലുശ്ശേരി) മിനി സ്‌ക്രീനിലും ബിഗ് സ്‌ക്രീനിലും നിരവധി കോമഡി വേഷങ്ങള്‍ അവതരിപ്പിച്ച് ജനഹൃദയങ്ങള്‍ കീഴടക്കിയ നടനാണ് ധര്‍മജന്‍. പക്ഷേ, ധര്‍മജന്റെ ബാലുശ്ശേരിയിലെ പ്രചാരണ സ്ഥലങ്ങളിലെത്തിയാല്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി ധര്‍മജന്‍ കോമഡിക്കാരനല്ല, ഗൗരവക്കാരനാണ്. യുഡിഎഫ് ജയിച്ചാല്‍ തീര്‍ച്ചയായും കച്ചവടക്കാര്‍ക്കും സാധാരണക്കാരായ ജനങ്ങള്‍ക്കും നല്ല കാലമായിരിക്കുമെന്നാണ് ധര്‍മജന്റെ ഉറപ്പ്. വോട്ടര്‍മാരുടെ സ്‌നേഹവും അടുപ്പവും വോട്ടാവും എന്ന പ്രതീക്ഷയില്‍തന്നെയാണ് ധര്‍മജന്‍.

വിവേക് ഗോപന്‍ (ചവറ) മിനിസ്‌ക്രീനില്‍ ല്‍നിന്ന് രാഷ്ട്രീയത്തിലേക്കെത്തിയ വിവേക് ഗോപനാണ് ചവറയിലെ എന്‍ഡിഎ സ്ഥാനാര്‍ഥി. സ്വീകരണ യോഗങ്ങളില്‍ വികസന രാഷ്ട്രീയം പറഞ്ഞ് വോട്ടുതേടുന്ന ഗോപന്‍ 1500 ലേറെ എപ്പിസോഡുകള്‍ മലയാളി ആസ്വദിച്ച പരസ്പരം സീരിയലിലൂടെയാണ് പ്രേക്ഷകരുടെ ഇഷ്ടം നേടുന്നത്. പരസ്പരത്തിലെ സൂരജിനെ കാണാന്‍ സ്വീകരണ സ്ഥലങ്ങളില്‍ ആരാധകര്‍ എത്തുന്നുണ്ട്. തേനും വയമ്പും, കാര്‍ത്തികദീപം തുടങ്ങിയ സീരിയലുകളിലും വിവേക് അഭിനയിക്കുന്നു.

പ്രിയങ്ക അനൂപ് (അരൂര്‍)ഡെമോക്രാറ്റിക്ക് സോഷ്യല്‍ ജസ്റ്റിസ് പാര്‍ട്ടിയുടെ സ്ഥാനാര്‍ഥിയയാണ് അരൂരില്‍ പ്രിയങ്ക അനൂപ് മത്സരിക്കുന്നത്. കെ എന്‍ അംബിക എന്നാണ് ശരിക്കുള്ള പേര്. കൊച്ചിയിലാണ് താമസമെങ്കിലും ഭര്‍ത്താവ് അനൂപ് കൃഷ്ണന്റെ വീട് ചേര്‍ത്തലയിലാണ്. ഏറെനാളായി ഡെമോക്രാറ്റിക് സോഷ്യല്‍ ജസ്റ്റിസ് പാര്‍ട്ടിയില്‍ അംഗമായിരുന്നു. വലിയ വാഗ്ദാനങ്ങളൊന്നും നല്‍കുന്നില്ല. സാധാരണക്കാരുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ കഴിയണം പ്രിയങ്ക പറയുന്നു. മുന്നൂറോളം സിനിമകളിലും അന്‍പതോളം സീരിയലുകളിലും അഭിനയിച്ചു. മാന്നാര്‍ മത്തായി സ്പീക്കിങ്ങില്‍ വൈകിവരുന്ന നാടകനടി ശകുന്തള അടക്കം പ്രിയങ്ക അവതരിപ്പിച്ച നിരവധി കഥാപാത്രങ്ങള്‍ മലയാളികളുടെ ഓര്‍മയില്‍ എക്കാലവുമുണ്ടാകും.

ദലീമ ജോജോ (അരൂര്‍) പിന്നണി ഗാനരംഗത്തുനിന്നുള്ള രാഷ്ട്രീയക്കാരി എന്ന അപൂര്‍വതയാണ് ദലീമ ജോജോയ്ക്കുള്ളത്. അരൂരിലെ എല്‍ഡിഎഫ് സ്ഥാനാര്‍ഥിയായ ദലീമാ ജോജോ മത്സരരംഗത്ത് പുതിയതല്ല. ഇക്കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പില്‍ ജില്ലാ പഞ്ചായത്തിലേക്ക് വീണ്ടും തെരഞ്ഞെടുക്കപ്പെട്ട ദലീമയ്ക്ക്, പക്ഷേ നിയമസഭയിലേക്ക് ഇത് കന്നിയങ്കമാണ്. സിനിമാപ്പാട്ടുകളും ഭക്തിഗാനങ്ങളുമായി ഏഴായിരത്തോളം ഗാനങ്ങള്‍ ദലീമ ആലപിച്ചിട്ടുണ്ട്. യാദൃച്ഛികമായാണ് ജില്ലാ പഞ്ചായത്ത് അരൂര്‍ ഡിവിഷനില്‍നിന്നു 2015ല്‍ മത്സരിച്ചത്. രണ്ടുവട്ടവും ജില്ലാ പഞ്ചായത്ത് വൈസ് പ്രിസഡന്റായി. വോട്ടു ചോദിക്കുന്നതിനിടെ ഒരു പാട്ടുപാടിക്കൊടുക്കുന്നതില്‍ ദലീമയ്ക്കും സന്തോഷം.
കൃഷ്ണകുമാര്‍ (തിരുവനന്തപുരം) തിരുവനന്തപുരം മണ്ഡലത്തിലെ എന്‍ഡിഎ സ്ഥാനാര്‍ഥി. കോളേജില്‍ പഠിക്കുമ്പോള്‍ 1989 ല്‍ ദൂരദര്‍ശനില്‍ വാര്‍ത്താ അവതാരകനായി തുടങ്ങിയ കൃഷ്ണകുമാര്‍ ഇന്നു ഇരുത്തം വന്നൊരു രാഷ്ട്രീയക്കാരനുമാണ്. തൃപ്പൂണിത്തുറയില്‍ ജനിച്ച കൃഷ്ണകുമാര്‍ സ്‌കൂള്‍പഠനത്തിനുശേഷം തിരുവനന്തപുരത്താണ് താമസം. സിനിമയില്‍ ഹീറോ ആകണമെന്നും പോസ്റ്ററില്‍ ചിത്രം വരണമെന്നുമൊക്കെ പണ്ട് ആഗ്രഹിച്ചിട്ടുണ്ടെന്നു പറയാന്‍ നടന്‍ കൃഷ്ണകുമാറിന് ഇന്നും മടിയില്ല. എന്നാലിപ്പോള്‍, നഗരത്തിന്റെ ചുവരുകളില്‍ ഇടംപിടിച്ച തന്റെ ബഹുവര്‍ണ പോസ്റ്ററുകളും കടന്ന് ആള്‍ക്കൂട്ടങ്ങളുടെ നടുവിലാണ് കൃഷ്ണകുമാര്‍.

വീണ എസ് നായര്‍ (വട്ടിയൂര്‍ക്കാവ്) യുഡിഎഫ് സ്ഥാനാര്‍ഥിയായ വീണ എസ് നായര്‍ക്കുമുണ്ടൊരു താരത്തിളക്കം. അത് ടെലിവിഷന്‍ ചാനലുകളിലൂടെയാണെന്നു മാത്രം. വിവിധ ചാനലുകളില്‍ ദീര്‍ഘകാലം അവതാരകയായിരുന്നു. മത്സരിക്കാന്‍ കോണ്‍ഗ്രസിന്റെ ക്ഷണം വൈകിക്കിട്ടിയ വട്ടിയൂര്‍ക്കാവില്‍ പരിചയപ്പെടുത്തലിന് ഈ അവതാരകത്തിളക്കവും പ്രയോജനപ്പെട്ടു. കെ.എസ്.യുവിലൂടെ രാഷ്ട്രീയപ്രവര്‍ത്തനം തുടങ്ങി യൂത്ത് കോണ്‍ഗ്രസിന്റെയും മഹിളാകോണ്‍ഗ്രസിന്റെയും പാര്‍ട്ടിയുടെ മറ്റ് പോഷക സംഘടനകളുടേയും ഭാരവാഹിസ്ഥാനത്തെത്തിയതിനിടെ നിയമത്തില്‍ ബിരുദാനന്തര ബിരുദവും സോഷ്യോളജിയില്‍ ബിരുദവും നേടിയ വീണ വഞ്ചിയൂര്‍ കോടതിയില്‍ അഭിഭാഷകയാണ്.

Related Articles

Back to top button