BREAKING NEWSKERALALATEST

‘നിയമസഭയിൽ പി.ടിയുടെ ശബ്ദമാകും, അഭിപ്രായങ്ങൾ എവിടേയും തുറന്നുപറയും’; ഉമ തോമസ്

നിയമസഭയിൽ പി.ടി തോമസിന്റെ ശബ്ദമായി മാറുമെന്ന് നിയുക്ത തൃക്കാക്കര എം.എൽ.എ ഉമ തോമസ്. തൃക്കാക്കരയിലെ തെരഞ്ഞെടുപ്പ് വിജയം പി ടിക്ക് സമർപ്പിക്കുന്നുവെന്നും ഉമ തോമസ് പറഞ്ഞു. പി ടിയാണ് മാർഗദീപം, തന്നെ നയിക്കുന്നത് അദ്ദേഹമാണ്. പി ടിയുടെ വികസന സ്വപ്നങ്ങളും രാഷ്ട്രീയ നിലപാടുകളും തുടരാനാണ് താത്പര്യം. എന്റെ അഭിപ്രായങ്ങൾ എവിടേയും തുറന്നുപറയാൻ എനിക്ക് ഒരു ബുദ്ധിമുട്ടുമില്ല. പറയാനുള്ളത് പറയുമെന്നും ഉമ തോമസ് പറഞ്ഞു. ഉപ്പുതോട് സെന്റ് തോമസ് ദേവാലയത്തിലുള്ള പി ടി തോമസിന്റെ കല്ലറയിലെത്തിപ്രാർഥിച്ചതിന് ശേഷം മാധ്യമപ്രവർത്തകരോട് സംസാരിക്കുന്നു അവർ. ഇടുക്കി ബിഷപ്പ് മാർ ജോർജ് നെല്ലിക്കുന്നേലിനെ സന്ദർശിക്കാനുള്ള അനുമതി തേടിയിട്ടുണ്ട്. അനുമതി ലഭിക്കുകയാണെങ്കിൽ അവിടെ സന്ദർശനം നടത്തിയ ശേഷം ഇടുക്കിയിലെ പ്രധാനപ്പെട്ട നേതാക്കളെ കണ്ട് ഉമ തോമസ് തൃക്കാക്കരയിലേക്ക് മടങ്ങും.

വോട്ടെണ്ണലിന്റെ ഒരു ഘട്ടത്തിൽ പോലും ഇടറാതെ, പതറാതെ വ്യക്തമായ ലീഡോടെയായിരുന്നു ഉമയുടെ മുന്നേറ്റം. കോൺഗ്രസിലെ എതിർശബ്ദങ്ങളെ പോലും നിശബ്ദമാക്കിക്കൊണ്ട് ഉമ ഉദിച്ചുയർന്നപ്പോൾ യു.ഡി.എഫിന് ഈ വിജയം പുതിയൊരു ആത്മവിശ്വാസം കൂടി നൽകിയിരിക്കുകയാണ്. രാഷ്ട്രീയ കേരളത്തിന് ഉമ തോമസ് ഒരിക്കലും അപരിചിതയല്ല. പി.ടി എന്ന പേരിനോടൊപ്പം അവർ ഉമയെയും ചേർത്തുവച്ചിട്ടുണ്ട്. അതു തെളിയിക്കുന്നതാണ് ഉമയുടെ ഉജ്ജ്വല വിജയം. ഭർത്താവിൻറെ മരണശേഷം രാഷ്ട്രീയത്തിലേക്ക് ഇറങ്ങിയ പുതുമുഖമല്ല ഉമ. കോളേജ് കാലം തൊട്ടേ ഉമ കോൺഗ്രസിൻറെ ഭാഗമാണ്. എറണാകുളം മഹാരാജാസ് കോളേജിലെ പഠനകാലത്ത് കെ.എസ്.യുവിൻറെ കൊടിയേന്തിയ ഉമ അന്നുതൊട്ടിന്നോളം പിടിയുടെ രാഷ്ട്രീയത്തിനൊപ്പമുണ്ടായിരുന്നു. പി.ടിക്കൊപ്പം തെരഞ്ഞെടുപ്പിലെല്ലാം പ്രിയപത്നി സജീവ സാന്നിധ്യമായിരുന്നു.

1980 മുതൽ 85 വരെയുള്ള മഹാരാജാസ് കോളജിലെ പഠനകാലത്ത് കെ.എസ്.യു പാനലിൽ വൈസ് ചെയർപേഴ്സണായും വനിതാ പ്രതിനിധിയായും ഉമ തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. മഹാരാജാസിലെ ആ കെ.എസ്.യു കാലമാണ് പിടി തോമസിനെയും ഉമയെയും ഒന്നാക്കിയതും ഒന്നിപ്പിച്ചതും. മഹാരാജാസ് കോളേജിൽ നിന്ന് ബിരുദം പൂർത്തിയാക്കിയ ഉമ കൊച്ചിയിലെ പ്രമുഖ ആശുപത്രിയിൽ ഫിനാൻസ് അസിസ്റ്റൻറ് മാനേജറായി ജോലി നോക്കുമ്പോഴാണ് തൃക്കാക്കര അങ്കത്തിനുള്ള അവസരം വരുന്നത്. കന്നിയങ്കം അവർ ചരിത്രത്തിൽ രേഖപ്പെടുത്തുകയും ചെയ്തു. തൃക്കാക്കര ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച് ദിവസങ്ങൾക്കുള്ളിൽ തന്നെ ഉമ തോമസ് എന്ന ഒറ്റപ്പേരിലേക്ക് കോൺഗ്രസ് എത്തിയിരുന്നു. ഉമയുടെ സ്ഥാനാർഥിത്വത്തെച്ചൊല്ലി മുറുമുറുപ്പുകളുമുണ്ടായി. സഹതാപ തരംഗം തൃക്കാക്കരയിൽ വിലപ്പോവില്ലെന്നായിരുന്നു സ്ഥാനാർഥി നിർണയത്തിൽ ഇടഞ്ഞുനിന്ന കോൺഗ്രസ് നേതാവ് ഡൊമിനിക് പ്രസൻറേഷൻറെ പ്രതികരണം. കോൺഗ്രസിൽ നിന്നും പുറത്താക്കപ്പെട്ട കെ.വി തോമസും മുഖം തിരിഞ്ഞുനിന്നു. എന്നാൽ പൂർണ ആത്മവിശ്വാസത്തിലായിരുന്നു പ്രതിപക്ഷ നേതാവ് വി.ഡി സതീശനും കെ.പി.സി.സി പ്രസിഡൻറ് കെ.സുധാകരനും. പി.ടിയെക്കാൾ ഭൂരിപക്ഷത്തിൽ ഉമ ജയിക്കുമെന്നായിരുന്നു വി.ഡിയുടെ പ്രവചനം. ആ പ്രവചനം സത്യമാവുകയും ചെയ്തു.

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker