തിരുവനന്തപുരം: നിയസഭാ കയ്യാങ്കളിക്കേസിൽ മന്ത്രിമാരായ ഇ.പി.ജയരാജനും കെ.ടി.ജലീലും ഇന്ന് കോടതിയിൽ ഹാജരാകും. തിരുവനന്തപുരത്തെ വിചാരണക്കോടതിയിലാണ് ഇരുവരും ഹാജരാകേണ്ടത്. മന്ത്രിമാർ ഹാജരാവുന്നത് സ്റ്റേ ചെയ്യണമെന്ന സർക്കാരിന്റെ ഇടക്കാല ആവശ്യം ഹൈക്കോടതി ഇന്നലെ തള്ളിയിരുന്നു.
പൊതുമുതൽ നശിപ്പിച്ചതിന് മന്ത്രിമാർ അടക്കമുള്ള പ്രതികൾക്കെതിരെയുള്ള കേസ് പിൻവലിക്കണമെന്ന സർക്കാരിന്റെ ആവശ്യം വിചാരണക്കോടതി നേരത്തെ തള്ളിയിരുന്നു. ഇതിനെതിരെ സർക്കാർ ഹൈക്കോടതിയിൽ സമർപ്പിച്ച ഹർജിയിലാണ് മന്ത്രിമാർ ഹാജരാവുന്നതിൽ സ്റ്റേ ആവശ്യപ്പെട്ടത്. കേസ് അടുത്തയാഴ്ച പരിഗണിക്കാനായി ജസ്റ്റിസ് വി.ജി.അരുൺ മാറ്റിയിട്ടുണ്ട്.
കഴിഞ്ഞ യുഡിഎഫ് സർക്കാരിന്റെ കാലത്ത് ധനമന്ത്രി കെ.എം.മാണിയുടെ ബജറ്റ് പ്രസംഗം തടസപ്പെടുത്തിയ പ്രതിപക്ഷം സ്പീക്കറുടെ ഡയസിൽ കയറി കസേര മറിച്ചിടുകയും കംപ്യൂട്ടറും മറ്റ് ഉപകരണങ്ങളും നശിപ്പിക്കുകയും ചെയ്തിരുന്നു.