
നിരീശ്വരവാദി ഗ്രൂപ്പുകൾ വിശ്വാസികളായ പെൺകുട്ടികളെ സഭയിൽ നിന്ന് അകറ്റിക്കൊണ്ട് പോവുകയാണെന്ന് സിറോ മലബാർ സഭ അതിരൂപത ആർച്ച് ബിഷപ്പ് മാർ ആൻഡ്ര്യൂസ് താഴത്ത്. സഭയുടെ ശത്രുക്കൾ സഭയെ തകർക്കാൻ കുടുംബങ്ങളെയാണ് ലക്ഷ്യമിടുന്നതാണെന്നും അദ്ദേഹം ആരോപിച്ചു.
നിരീശ്വരവാദ ഗ്രൂപ്പുകൾക്ക് സംസ്ഥാനം മുഴുവനും നെറ്റ്വർക്ക് ഉണ്ടെന്ന് ഒരു സ്പെഷ്യൽ ബ്രാഞ്ച് ഉദ്യോഗസ്ഥൻ തന്നോട് പറഞ്ഞുവെന്ന് ആർച്ച് ബിഷപ്പ് മാർ ആൻഡ്ര്യൂസ് താഴത്ത് പറയുന്നു. വിശ്വാസികളായ പെൺകുട്ടികളെ ആണ് ഇവർ ലക്ഷ്യം വയ്ക്കുന്നത്. വിശ്വാസത്തിൽ നിന്ന് അകറ്റുന്ന ഈ പ്രതിസന്ധി കാലത്ത് കുടുംബത്തെ രക്ഷിക്കാതെ സഭയെ രക്ഷിക്കാൻ കഴിയില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
തൃശൂർ മെത്രാനായ ശേഷം 18 വർഷത്തിനിടെ അമ്പതിനായിരത്തോളം പേർ കുറഞ്ഞുവെന്ന കണക്ക് ചൂണ്ടിക്കാട്ടിയായിരുന്നു ബിഷപ്പിന്റെ ആരോപണം. തൃശൂർ അതിരൂപതയുടെ കുടുംബവർഷ സമാപന പരിപാടിയോട് അനുബന്ധിച്ചായിരുന്നു ബിഷപ്പിന്റെ പ്രസംഗം. ‘സഭ വളരുകയാണോ തളരുകയാണോ ചെയ്യുന്നത്’ എന്ന വിഷയത്തിലായിരുന്നു പ്രസംഗം.