ചെന്നൈ: പ്രശസ്ത തമിഴ് ചലച്ചിത്ര നിര്‍മാതാവ് ദില്ലി ബാബു (50) അന്തരിച്ചു. ശാരീരിക ബുദ്ധിമുട്ടുകളെത്തുടര്‍ന്ന് ആശുപത്രിയില്‍ ചികിത്സയില്‍ക്കഴിയവേ തിങ്കളാഴ്ച പുലര്‍ച്ചെ പന്ത്രണ്ടരയോടെയായിരുന്നു വിയോഗം.
ആക്‌സസ് ഫിലിം ഫാക്ടറിയുടെ ബാനറില്‍ സൂപ്പര്‍ ഹിറ്റ് ചിത്രങ്ങള്‍ നിര്‍മിച്ചയാളായിരുന്നു ദില്ലി ബാബു. 2015-ല്‍ ഉറുമീന്‍ എന്ന ചിത്രം നിര്‍മിച്ചുകൊണ്ടാണ് സിനിമയിലേക്കുള്ള കടന്നുവരവ്. മരഗത നാണയം, ഇരവുക്ക് ആയിരം കണ്‍കള്‍, രാക്ഷസന്‍, ഓ മൈ കടവുളേ, ബാച്ച്‌ലര്‍, മിറല്‍, കള്‍വന്‍ എന്നിവയാണ് നിര്‍മിച്ച സുപ്രധാന ചിത്രങ്ങള്‍. ഇതില്‍ കള്‍വന്‍ അടുത്തിടെയാണ് തിയേറ്ററുകളിലെത്തിയത്.
നിരവധി പേരാണ് അദ്ദേഹത്തിന് ആദരാഞ്ജലികളര്‍പ്പിച്ച് എത്തുന്നത്. മരഗത നാണയം എന്ന ചിത്രത്തിലൂടെ തനിക്ക് ജീവിതം നല്‍കിയയാളാണ് ദില്ലി ബാബുവെന്ന് സംവിധായകന്‍ എ.ആര്‍.കെ ശരവണന്‍ എക്‌സില്‍ പോസ്റ്റ് ചെയ്തു. തമിഴ് സിനിമയ്ക്ക് ഒരു നല്ല മനുഷ്യനേയും നിര്‍മാതാവിനേയുമാണ് നഷ്ടപ്പെട്ടത്. ഈ വിയോഗം വിശ്വസിക്കാനാവുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
സംഗീത സംവിധായകന്‍ ജിബ്രാന്റെ വാക്കുകള്‍ ഇങ്ങനെ. ‘ഞങ്ങളുടെ രാക്ഷസന്റെ നിര്‍മാതാവ് ദില്ലി ബാബു സാറിന്റെ വിയോഗ വാര്‍ത്ത കേട്ടിട്ടുള്ള ഞെട്ടലിലും സംസാരിക്കാനാവാത്ത അവസ്ഥയിലുമാണ്. വലിയ കാര്യങ്ങളേക്കുറിച്ചുള്ള കാഴ്ചപ്പാടും വലിയ സ്വപ്നങ്ങളുമുള്ള ഒരു മനുഷ്യനായിരുന്നു അദ്ദേഹം. അവ സാധ്യമാക്കാന്‍ സ്വപ്നം കാണുകയും കഠിനാധ്വാനംനടത്തുകയും ചെയ്യും. ഇത് ലോകത്തിന് വലിയ നഷ്ടമാണ്. അദ്ദേഹത്തിന്റെ കുടുംബത്തിനും സുഹൃത്തുക്കള്‍ക്കും എന്റെ അഗാധമായ അനുശോചനം അറിയിക്കുന്നു.’
തിങ്കളാഴ്ച രാവിലെ പത്തരമുതലാണ് വീട്ടില്‍ പൊതുദര്‍ശനം നടക്കുക. സംസ്‌കാരം വൈകിട്ട് നാലരയോടെ നടക്കും.
58 1 minute read