BREAKING NEWSWORLD

നിറയെ വിചിത്ര ജീവികള്‍; അന്റാര്‍ട്ടിക്കയിലെ മഞ്ഞുപാളികള്‍ക്കടിയില്‍ നദി

അന്റാര്‍ട്ടിക്കയിലെ ഏറ്റവും വലിയ ഐസ് പാളിയായ റോസ് ഐസ് ഷെല്‍ഫിന്റെ 1,600 അടി താഴെയായി 10.4 കിലോമീറ്റര്‍ നീളമുള്ള നദിയും ജലജീവികളെയും കണ്ടെത്തി ഗവേഷകര്‍. 800 അടി ആഴവും 600 അടി വീതിയുമുള്ള നദിയാണ് കണ്ടെത്തിയിരിക്കുന്നത്. ന്യൂസിലാന്റിലെ നാഷ്ണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വാട്ടര്‍ ആന്‍ഡ് അറ്റ്‌മോസ്‌ഫെറിക് റിസര്‍ച്ചില്‍ നിന്നുള്ള ഗവേഷകരാണ് കണ്ടെത്തലിനു പിന്നില്‍.
നൂതന സാങ്കേതികവിദ്യ ഉപയോഗിച്ച് ഐസ് തുരന്നാണ് മഞ്ഞുപാളികള്‍ക്ക് അടിയിലുള്ള നദി കണ്ടെത്തിയത്. നദി കണ്ടെത്തിയതു മാത്രമല്ല ഗവേഷകരെ അത്ഭുതപ്പെടുത്തുന്നത്. കൊഞ്ചുകളോട് (ആംഫിപോഡുകള്‍) സാമ്യമുള്ള ജീവികളെയും കൊടും തണുപ്പുള്ള വെള്ളത്തില്‍ കണ്ടെത്തിയിട്ടുണ്ട്. പ്രതികൂല സാഹചര്യത്തില്‍ ജീവന്‍ നിലനിര്‍ത്താനുള്ള കഴിവ് ജീവികള്‍ക്ക് ലഭിച്ചത് എങ്ങനെയാണെന്ന് കണ്ടെത്താനുള്ള ശ്രമത്തിലാണ് ഗവേഷകരിപ്പോള്‍.
ആംഫിപോഡുകള്‍ക്ക് ജീവിക്കാനും വംശം നിലനിര്‍ത്താനുമുള്ള ധാതുക്കള്‍ മഞ്ഞുപാളികള്‍ക്കടിയിലെ വെള്ളത്തിലുണ്ടെന്നാണ് ഗവേഷകര്‍ കരുതുന്നത്. കൂടുതല്‍ കണ്ടെത്തലുകള്‍ക്കായി നദിയിലെ വെള്ളം ശേഖരിച്ചിട്ടുണ്ട്. അന്റാര്‍ട്ടിക്കയിലെ ഐസ് പാളികള്‍ക്കടിയിലുള്ള ലോകത്തെക്കുറിച്ച് പഠനം നടത്താന്‍ ഗവേഷകര്‍ക്ക് എക്കാലവും ഉത്സാഹമുണ്ട്. അത്ഭുതപ്പെടുത്തുന്നതാണ് മഞ്ഞുപാളികള്‍ക്കടിയിലെ ലോകം. അതി ശൈത്യമുള്ള കാലാവസ്ഥയാണ് പഠനങ്ങള്‍ക്ക് തടസമാകുന്നത്.
നേരത്തെ റോസ് ഐസ് ഷെല്‍ഫിന്റെ വിപരീത ദിശയിലുള്ള ഫില്‍ച്‌നര്‍ റോണ്‍ ഐസ് ഷെല്‍ഫിന്റെ നാലായിരം അടി താഴെ ജലജീവികളെ ബ്രിട്ടീഷ് ഗവേഷകര്‍ കണ്ടെത്തിയിരുന്നു. ചലശേഷിയില്ലാത്ത സ്‌പോഞ്ച് പോലുള്ള ജീവികളെയാണ് കണ്ടെത്തിയത്. ആഴത്തില്‍ പാറയില്‍ പറ്റിപ്പിടിച്ചിരിക്കുകയായിരുന്നു അവ. ഇത്രയും ആഴത്തില്‍ ധാതു സാന്നിധ്യമില്ലാത്ത മേഖലയില്‍ ഇത്തരം ജീവികള്‍ ജീവന്‍ നിലനിര്‍ത്തുന്നത് എങ്ങനെയാണെന്ന് ഗവേഷകര്‍ക്ക് ഇനിയും കണ്ടെത്താനായിട്ടില്ല.

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker