അനധികൃത പണം വരവ് തടയാൻ ശ്രമിച്ചതാകാം തനിക്കെതിരായ ആരോപണത്തിന് കാരണമെന്ന് മലപ്പുറം മുൻ എസ്പി എസ് ശശിധരൻ . ഒരിക്കൽപോലും താൻ കള്ളക്കേസ് എടുത്തിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു. കണക്കുകൾ ഇതുവരെ പെരിപ്പിച്ചിട്ടില്ലെന്നും എസ് ശശിധരൻ പറഞ്ഞു.പി വി അൻവർ എംഎൽഎയുടെ പാർക്കിലെ റോപ്പ് നഷ്ടപ്പെട്ട കേസിൽ അന്വേഷണം നടന്നുവരികയായിരുന്നുവെന്ന് എസ് ശശിധരൻ വ്യക്തമാക്കി. സത്യത്തിനും നീതിക്കും വേണ്ടി മാത്രമാണ് നിലകൊണ്ടത്. സാധാരണക്കാർക്ക് നീതി ഉറപ്പാക്കാനാണ് ശ്രമിച്ചതെന്നും അവർക്ക് എന്നിൽ ആത്മവിശ്വാസം ഉണ്ടായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.ചാരിതാർത്ഥ്യത്തോടെയാണ് ഇറങ്ങുന്നത്. മലപ്പുറം പോലീസ് അസോസിയേഷൻ സമ്മേളനത്തിൽ പത്തുമണിക്ക് തന്നെ യോഗത്തിന് പോകാൻ ഒരുങ്ങിയതാണ്. സംഘാടകരാണ് 10.30 ന് എത്തിയാൽ മതി എന്ന് പറഞ്ഞത്. പിന്നീട് നടന്ന കാര്യങ്ങളിൽ സമയമാകുമ്പോൾ പ്രതികരിക്കും. എല്ലാം കാലം തെളിയിക്കട്ടെയെന്ന് അദ്ദേഹം പറഞ്ഞു. ഒരിക്കൽപോലും കള്ളക്കേസ് ഞാൻ എടുത്തിട്ടില്ലെന്നും കണക്കുകൾ ഇതുവരെ പെരിപ്പിച്ചിട്ടില്ലെന്നും അദ്ദേഹം വ്യക്കതമാക്കി.തനിക്കെതിരെ ആരോപണം വരാനുള്ള കാരണം എന്തെന്ന് മനസ്സിലാകുന്നില്ല. വർഗീയവാദിയാണെന്ന് കെടി ജലീലിൻ്റെ വിമർശനം മനസ്സിലാകുന്നില്ലെന്ന് എസ് ശശിധരൻ പറഞ്ഞു. മതസൗഹാർദ്ദത്തോടെ കഴിയുന്ന നാട്ടിൽ നിന്നാണ് താൻ വരുന്നതെന്നും അങ്ങനെ ചിന്തിക്കാൻ പോലും കഴിയില്ലെന്ന് അദ്ദേഹം പറഞ്ഞു. ഇതൊന്നും ഒരു പോലീസ് ഉദ്യോഗസ്ഥനെ ഏശാൻ പാടില്ല. അതുകൊണ്ട് മാനസിക വിഷമവുമില്ല. പ്രയാണം തുടരുമെന്നും തന്റെ ഭാഗത്ത് തെറ്റുണ്ടെങ്കിൽ മാത്രമേ ആരോപണങ്ങൾ വിഷമിപ്പിക്കൂവെന്നും മലപ്പുറം മുൻ എസ്പി എസ് ശശിധരൻ പറഞ്ഞു. പിവി അൻവറിന്റെ ആരോപണങ്ങൾക്ക് പിന്നാലെ ശശിധരനെ വിജിലൻസിലേക്ക് മാറ്റിയിരുന്നു. കൊച്ചിയിലാണ് നിയമനം.
69 1 minute read