BREAKING NEWSKERALA

നിപ വന്നത് എവിടെ നിന്ന്… പരിശോധനയ്ക്കായി ഇന്ന് വവ്വാലുകളെ പിടിക്കും

കോഴിക്കോട് : നിപ വൈറസിന്റെ ഉറവിടം കണ്ടെത്താനുള്ള പരിശോധനകളുടെ ഭാഗമായി വെള്ളിയാഴ്ച വവ്വാലുകളെ പിടിക്കും. പുണെയിലെ നാഷണല്‍ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടില്‍നിന്നുള്ള സംഘാംഗങ്ങളുടെ സാന്നിധ്യത്തില്‍ വനംവകുപ്പുദ്യോഗസ്ഥര്‍ അതിനുള്ള മുന്നൊരുക്കങ്ങള്‍ പൂര്‍ത്തിയാക്കി.
നിപ ബാധിച്ചുമരിച്ച ചാത്തമംഗലം പാഴൂര്‍ മുന്നൂരിലെ മുഹമ്മദ് ഹാഷിമിന്റെ വീട്ടുപറമ്പിലും വവ്വാലുകളുടെ ആവാസസ്ഥലത്തും സംഘം പരിശോധന നടത്തി. ചേന്ദമംഗലത്തും കൊടിയത്തൂരിലും സംഘമെത്തി. വവ്വാലുകള്‍ പറക്കുന്ന പാതയും സമ്പര്‍ക്കസാധ്യതയും വിലയിരുത്തി. വീട്ടുപറമ്പിലെ അടയ്ക്കകള്‍ വവ്വാലുകള്‍ കടിച്ചത് വ്യക്തമായതിനാല്‍ അതില്‍നിന്നാണോ വൈറസ് വ്യാപനമുണ്ടായതെന്ന പരിശോധന വേണമെന്നും സംഘം അഭിപ്രായപ്പെട്ടിട്ടുണ്ട്.
എന്‍.ഐ.വി.യില്‍ നിന്നുള്ള ബാറ്റ് സര്‍വേസംഘം തലവന്‍ ഡോ. മംഗേഷ് ഗോഖലെ, ചീഫ് ഫോറസ്റ്റ് വെറ്ററിനറി ഓഫീസര്‍ ഡോ. അരുണ്‍ സക്കറിയ, അസിസ്റ്റന്റ് ഫോറസ്റ്റ് വെറ്ററിനറി ഓഫീസര്‍മാരായ ഡോ. അജേഷ് മോഹന്‍ദാസ്, ഡോ. അരുണ്‍ സത്യന്‍ എന്നിവരുടെ നേതൃത്വത്തിലായിരുന്നു വെള്ളിയാഴ്ചത്തെ നടപടികള്‍. പുണെയില്‍നിന്ന് കൂടുതല്‍ പേരടങ്ങുന്ന സംഘം വെള്ളിയാഴ്ച കോഴിക്കോട്ടെത്തും.

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker