നിർമ്മാതാക്കൾക്ക് പിന്തുണയുമായി ഫിലിം ചേംബറും, തിയേറ്ററുടമകളുടെ സംഘടനയും

പുതിയ സിനിമകൾ തുടങ്ങുന്നതിനെ ചൊല്ലി മലയാള സിനിമയിൽ തർക്കം രൂക്ഷമാകുന്നു. സംവിധായകരായ ആഷിഖ് അബു, ലിജോ ജോസ് പല്ലിശ്ശേരി, ഖാലിദ് റഹ്മാന്‍ തുടങ്ങി നിരവധി പേർ പുതിയ സിനിമയുമായി മുന്നോട്ടു പോകുന്ന സാഹചര്യത്തിലാണ് എതിർപ്പ് വ്യക്തമാക്കി സിനിമ സംഘടനകൾ രംഗത്തെത്തിയത്. ചേംബറിൽ രജിസ്റ്റർ ചെയ്യാത്ത സിനിമകൾ തിയേറ്ററുകളിൽ പ്രദർശിപ്പിക്കാൻ അനുവദിക്കില്ലെന്ന തീരുമാനത്തിലാണ് ഫിലിം ചേംബർ.

ഏറ്റവും വലിയ പ്രതിസന്ധി ഘട്ടത്തിലൂടെ കടന്നുപോകുന്ന മലയാള സിനിമയിൽ വിവാദങ്ങളും തർക്കങ്ങളും കനക്കുകയാണ്. നിർമ്മാതാവ് വിജയ് ബാബു ഓൺലൈൻ റിലീസ് പ്രഖ്യാപിച്ചതോടെ തുടങ്ങിയ വിവാദങ്ങൾ ഏറ്റവും ഒടുവിൽ പുതിയ സിനിമകൾ തുടങ്ങുന്നത് വരെ എത്തിനിൽക്കുന്നു. പുതിയ ചിത്രങ്ങൾ ഉടൻ തുടങ്ങരുതെന്ന നിർമ്മാതാക്കളുടെ നിർദ്ദേശത്തെ മറികടന്നാണ് ഒന്നിന് പിറകെ ഒന്നായി സിനിമകൾ പ്രഖ്യാപിക്കുന്നത്.

പിന്നാലെ നിർമ്മാതാക്കൾക്ക് പിന്തുണയുമായി ഫിലിം ചേംബറും, തിയേറ്ററുടമകളുടെ സംഘടനയും രംഗത്തെത്തി. പുതിയ സിനിമകള്‍ ഉടൻ തുടങ്ങേണ്ടെന്ന തീരുമാനത്തെ ചിലര്‍ വെല്ലുവിളിക്കുന്നു. ഈ തീരുമാനം ചലച്ചിത്ര പ്രവര്‍ത്തകര്‍ക്ക് വേദനയുണ്ടാക്കുന്നതാണെന്നും ഫിലിം ചേംബർ പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു. ഫിലിം ചേംബറിനെയും പ്രൊഡ്യൂസേഴ്സ് അസോസിയേഷനെയും അറിയിച്ച് തുടങ്ങുന്ന സിനിമകള്‍ക്ക് മാത്രമായിരിക്കും തീയേറ്ററുകളിൽ പരിഗണന ലഭിക്കുക. വെല്ലുവിളിയും ശക്തിപ്രകടനവും പരീക്ഷിക്കാനുള്ള ഇടമല്ല സിനിമാ വ്യവസായമെന്നും പ്രസ്താവനയിൽ താക്കീത് നൽകുന്നുണ്ട്. വരും ദിവസങ്ങളിൽ കൂടുതൽ സംവിധായകർ പുതിയ സിനിമകൾ പ്രഖ്യാപിക്കുമെന്നാണ് സൂചന. നിലവിൽ ഇത്തരം പ്രഖ്യാപനങ്ങളെ സംബന്ധിച്ച് പ്രതികരിക്കണ്ട എന്നാണ് നിർമ്മാതാക്കളുടെ സംഘടന തീരുമാനിച്ചിരിക്കുന്നത്..