ഗൊരഖ്പുര്‍ (യു.പി): പശ്ചിമ ബംഗാളില്‍നിന്നുള്ള രണ്ട് നര്‍ത്തകിമാരെ തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്ത സംഭവത്തില്‍ എട്ടുപേര്‍ അറസ്റ്റിലായി. ഉത്തര്‍പ്രദേശിലെ കുഷിനഗറിലാണ് സംഭവം. ഞായറാഴ്ച രാത്രിയാണ് 20-കാരികളായ നര്‍ത്തകികളെ തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്തത്. രണ്ട് യുവതികളേയും പോലീസാണ് രക്ഷപ്പെടുത്തിയത്.
വാടകവീട്ടിലാണ് യുവതികള്‍ താമസിച്ചിരുന്നത്. അജ്ഞാതരായ ഒരുസംഘം രണ്ട് എസ്.യു.വി. വാഹനങ്ങളിലായി ഞായറാഴ്ച രാത്രി ഈ വാടക വീട്ടിലേക്ക് എത്തി. തോക്ക് ചൂണ്ടിയാണ് യുവതികളെ ഇവര്‍ തട്ടിക്കൊണ്ടുപോയത്. അയല്‍വാസികള്‍ ബഹളം വെച്ചതോടെ ഇവര്‍ ആകാശത്തേക്ക് പലതവണ വെടിവെക്കുകയും ചെയ്തു.
യുവതികളെ തട്ടിക്കൊണ്ടുപോയ ഉടന്‍ നാട്ടുകാര്‍ കുഷിനഗര്‍ പോലീസിനെ വിവരം അറിയിച്ചു. വാഹനങ്ങളുടെ നമ്പര്‍ ഉള്‍പ്പെടെ പോലീസിന് ലഭിച്ചതോടെ തിരച്ചില്‍ ഊര്‍ജ്ജിതമായി. രണ്ട് മണിക്കൂറിനകം പെണ്‍കുട്ടികളെ പാര്‍പ്പിച്ചിരുന്ന വീട് പോലീസ് കണ്ടെത്തി. തുടര്‍ന്ന് സംഘത്തിലെ ആറ് പേരെ അറസ്റ്റ് ചെയ്യുകയും യുവതികളെ രക്ഷപ്പെടുത്തുകയുമായിരുന്നു.
നാഗേന്ദ്ര യാദവ്, അസാന്‍ സിങ്, കൃഷ് തിവാരി, അര്‍ഥക് സിങ്, അജീത് സിങ്, വിവേക് സേഠ് എന്നിവരെയാണ് അജീത് സിങ്ങിന്റെ വീട്ടില്‍ നിന്ന് പിടികൂടിയത്. ബാക്കി രണ്ട് പ്രതികളായ നിസാര്‍ അന്‍സാരിയേയും ആദിത്യ സഹാനിയേയും ചൊവ്വാഴ്ച മറ്റൊരു ഗ്രാമത്തില്‍നിന്നാണ് പിടികൂടിയത്. പോലീസിനെ കണ്ട് രക്ഷപ്പെടാന്‍ ശ്രമിച്ച ഇരുവരേയും കാലിന് വെടിവെച്ചാണ് പിടികൂടിയത്. ഇരുവര്‍ക്കും ക്രിമിനല്‍ പശ്ചാത്തലമുണ്ട്. എല്ലാ പ്രതികളും 30 വയസില്‍ താഴെ പ്രായമുള്ളവരാണെന്നും പോലീസ് പറഞ്ഞു.
കോടതിയില്‍ ഹാജരാക്കിയ പ്രതികളെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു. യുവതികളുടെ വൈദ്യപരിശോധന പൂര്‍ത്തിയായെന്നും ഇവരുടെ മൊഴി മജിസ്ട്രേറ്റ് രേഖപ്പെടുത്തുമെന്നും കുഷിനഗര്‍ എസ്.പി. സന്തോഷ് കുമാര്‍ മിശ്ര പറഞ്ഞു.
അജീത് സിങ്ങിന്റെ ജന്മദിനം ആഘോഷിക്കാനാണ് തങ്ങള്‍ ഒത്തുകൂടിയതെന്ന് ചോദ്യം ചെയ്യലിനിടെ പ്രതികള്‍ പറഞ്ഞു. മദ്യപിച്ചശേഷം നര്‍ത്തകസംഘത്തെ വിളിച്ച് നൃത്തപരിപാടി നടത്താന്‍ പ്രതികള്‍ തീരുമാനിച്ചു. ഇതിനായി യുവതികളുടെ വീട്ടിലെത്തിയപ്പോള്‍ രാത്രി വൈകിയ സമയത്ത് വരാന്‍ അവര്‍ വിസമ്മതിച്ചു. തുടര്‍ന്നാണ് പ്രതികള്‍ തോക്ക് ചൂണ്ടി യുവതികളെ തട്ടിക്കൊണ്ടുപോയത്.’ -എസ്.പി. പറഞ്ഞു. പ്രതികള്‍ സഞ്ചരിച്ച എസ്.യു.വികളും പോലീസ് പിടിച്ചെടുത്തിട്ടുണ്ട്.
55 1 minute read