തിരുവനന്തപുരം- മലയാളത്തിന്റെ അഭിനയപ്രതിഭ നെടുമുടി വേണു (73) ഓര്‍മയായി. ഇന്ത്യന്‍ സിനിമയിലെ തന്നെ പ്രതിഭാധനന്മാരായ അഭിനേതാക്കളില്‍ ഒരാളായി കണക്കാക്കപ്പെടുന്ന വേണു നാടകങ്ങളിലും അഞ്ഞൂറിലേറെ സിനിമകളിലും അഭിനയിച്ചിട്ടുണ്ട്. നായകനും വില്ലനും സ്വഭാവനടനുമൊക്കെയായി തിരശ്ശീലയില്‍ നിറഞ്ഞ വേണു കാരക്ടര്‍ റോളുകളും തമാശ വേഷങ്ങളും ഉള്‍പ്പെടെയെല്ലാം ഗംഭീരമായി അവതരിപ്പിച്ചു. അനന്യമായ അഭിനയ ശൈലിയും പ്രതിഭയും കൊണ്ട് ഇന്ത്യന്‍ സിനിമയിലെ തന്നെ എണ്ണംപറഞ്ഞ നടന്മാരിലൊരാളാകാന്‍ വേണുവിനു കഴിഞ്ഞു. ദേശീയ ചലച്ചിത്ര പുരസ്കാരം മൂന്നു വട്ടവും സംസ്ഥാന ചലച്ചിത്ര പുരസ്കാരം ആറുവട്ടവും ലഭിച്ചു. ഏതാനും ചിത്രങ്ങളുടെ രചനയും നിര്‍വഹിച്ചിട്ടുണ്ട്. ഭാര്യ: ടി.ആര്. സുശീല. മക്കള്‍: ഉണ്ണി ഗോപാല്‍, കണ്ണന് ഗോപാല്‍.
ആലപ്പുഴ ജില്ലയിലെ നെടുമുടിയില്‍ അധ്യാപകരായിരുന്ന പി.കെ.കേശവന്‍പിള്ളയുടെയും കുഞ്ഞിക്കുട്ടിയമ്മയുടെയും മകനായി 1948 മേയ് 22 നാണ് കെ. വേണുഗോപാല്‍ എന്നു വേണു ജനിച്ചത്. നെടുമുടി എന്‍എസ്എസ് ഹയര്‍ സെക്കന്‍ഡറി സ്കൂള്‍, ചമ്പക്കുളം സെന്റ് മേരീസ് ഹയര്‍ സെക്കന്‍ഡറി സ്കൂള്‍, ആലപ്പുഴ എസ്ഡി കോളജ് എന്നിവിടങ്ങളില്‍നിന്ന് വിദ്യാഭ്യാസം. കോളജ് പഠനകാലത്തുതന്നെ സാംസ്കാരിക, കലാ പ്രവര്‍ത്തനങ്ങളില്‍ സജീവമായിരുന്നു. കുറച്ചുകാലം പാരലല്‍ കോളജ് അധ്യാപകനായി പ്രവര്‍ത്തിച്ചിട്ടുണ്ട്. കോളജിലെ സഹപാഠിയായിരുന്ന സംവിധായകന് ഫാസിലുമായി ചേര്‍ന്ന് മിമിക്രിയും നാടകങ്ങളും അവതരിപ്പിച്ചാണ് കലാരംഗത്തു സജീവമായത്.
കോളജ് കാലത്ത് തോപ്പില്‍ ഭാസിയുടെ ‘ഒരു സുന്ദരിയുടെ കഥ’ എന്ന സിനിമയില്‍ മുഖം കാണിച്ചിരുന്നു. അക്കാലത്ത് കാവാലം നാരായണപ്പണിക്കരെ പരിചയപ്പെട്ട വേണു അദ്ദേഹത്തിന്റെ നാടകസംഘത്തില്‍ അംഗമായി. അങ്ങനെയാണ് ഭരത് ഗോപി അടക്കമുള്ളവരുമായി അടുപ്പമുണ്ടായത്. ജവഹര്‍ ബാലഭവനില്‍ കുറച്ചുകാലം നാടകാധ്യാപകനായും ജോലി ചെയ്തു. പിന്നീട് തിരുവനന്തപുരത്തേക്ക് തട്ടകം മാറ്റി. അവനവന് കടമ്പ അടക്കമുള്ള കാവാലത്തിന്റെ പ്രശസ്ത നാടകങ്ങളില്‍ അഭിനയിച്ചത് അവിടെവച്ചാണ്. അക്കാലത്ത് കലാകൗമുദിയില്‍ പത്രപ്രവര്‍ത്തകനായും ജോലിനോക്കി.
അരവിന്ദന്, പത്മരാജന്, ഭരതന്, ജോണ്‍ ഏബ്രഹാം തുടങ്ങിയവരുമായി സൗഹൃദത്തിലായ വേണു 1978 ല്‍ അരവിന്ദന്റെ ‘തമ്പി’ലൂടെയാണ് ചലച്ചിത്രജീവിതം തുടങ്ങിയത്. പിന്നാലെ വന്ന ഭരതന്റെ ആരവവും തകരയും വേണുവിനെ അഭിനേതാവ് എന്ന നിലയില്‍ പ്രശസ്തനാക്കി. മലയാളത്തിലെ മികച്ച സംവിധായകരുടെ ചിത്രങ്ങളിലെല്ലാം മികച്ച കഥാപാത്രങ്ങളെ അവതരിപ്പിച്ചു. തിരുവനന്തപുരം ദൂരദര്‍ശന്റെ തുടക്കകാലത്ത് ശ്രദ്ധേയങ്ങളായ പരമ്പരകളിലും അഭിനയിച്ചു. വേണു സംവിധാനം ചെയ്ത കൈരളീവിലാസം ലോഡ്ജ് എന്ന പരമ്പര വളരെ ശ്രദ്ധിക്കപ്പെട്ടിരുന്നു.
ചാമരം, ഒരിടത്തൊരു ഫയല്വാന്, കള്ളന് പലിത്രന്‍, വിടപറയുംമുമ്പേ, യവനിക, എനിക്കു വിശക്കുന്നു, അച്ചുവേട്ടന്റെ വീട്, അപ്പുണ്ണി, ഗുരുജി ഒരു വാക്ക്, പഞ്ചവടിപ്പാലം, അരപ്പെട്ട കെട്ടിയ ഗ്രാമത്തില്‍, മിന്നാമിനുങ്ങിന്റെ നുറുങ്ങുവെട്ടം, ഹിസ് ഹൈനസ് അബ്ദുള്ള, ഭരതം, ഈ തണുത്ത വെളുപ്പാന്‍കാലത്ത്, സൈറ, മാര്‍ഗം തുടങ്ങിയവയാണ് പ്രധാന ചിത്രങ്ങള്‍. ഇന്ത്യന്‍, അന്യന് എന്നീ തമിഴ് ചിത്രങ്ങളിലും അഭിനയിച്ചിട്ടുണ്ട്. കാറ്റത്തെ കിളിക്കൂട്, ഒരു കഥ ഒരു നുണക്കഥ, സവിധം, തീര്‍ത്ഥം, അമ്പട ഞാനേ തുടങ്ങിയ സിനിമകളുടെ രചയിതാവാണ്. പൂരം എന്ന ചിത്രം സംവിധാനം ചെയ്തു.