BREAKINGKERALA

നേതാക്കളുടെ കണ്ണിലെ കരട്, ഒരുവര്‍ഷം തികയുംമുന്‍പേ പടിയിറക്കം; ‘സത്യത്തിനും നീതിക്കുംവേണ്ടി നിലകൊള്ളും’

മലപ്പുറം: സത്യത്തിനും നീതിക്കുംവേണ്ടി ഇനിയും പോരാട്ടം തുടരുമെന്ന് മുന്‍ മലപ്പുറം ജില്ലാ പോലീസ് മേധാവി എസ്. ശശിധരന്‍. ഒരു കൊല്ലത്തില്‍ത്താഴെയാണ് മലപ്പുറത്ത് ഉണ്ടായിരുന്നത്. ഇക്കാലത്ത് മുന്‍പെന്നത്തെയുംപോലെ സത്യസന്ധമായും ആത്മാര്‍ത്ഥമായും പ്രവര്‍ത്തിക്കാന്‍ സാധിച്ചുവെന്നും അദ്ദേഹം വ്യക്തമാക്കി.
2008-ല്‍ മലപ്പുറത്ത് അഡ്മിനിസ്ട്രേഷന്‍ ഡിവൈ.എസ്.പി.യായി ചുമതലവഹിച്ചിട്ടുള്ള എസ്. ശശിധരന്‍ 2023 നവംബര്‍ 22-നാണ് ജില്ലാ പോലീസ് മേധാവിയായി ചുമതലയേറ്റത്. വിവാദത്തില്‍പ്പെട്ട എസ്. സുജിത്ദാസ് സ്ഥലംമാറിപ്പോയ ഒഴിവിലായിരുന്നു അത്. എസ്.പി.യായി ചുമതലയേറ്റതുമുതല്‍ ശശിധരന്‍ ജില്ലയിലെ രാഷ്ട്രീയ നേതാക്കളുടെ കണ്ണിലെ കരടായി.
കഴിഞ്ഞവര്‍ഷം പോലീസ് ഓഫീസേഴ്സ് അസോസിയേഷന്റെ ഉദ്ഘാടനച്ചടങ്ങില്‍ മന്ത്രി വി. അബ്ദുറഹ്‌മാന്‍ അദ്ദേഹത്തെ കടുത്തഭാഷയില്‍ വിമര്‍ശിച്ചു. കേസുകളുടെ എണ്ണംകൂട്ടാന്‍ അനാവശ്യമായി കേസുകളെടുക്കുന്നുവെന്നായിരുന്നു ആരോപണം. ഈവര്‍ഷത്തെ പോലീസ് അസോസിയേഷന്‍ ഉദ്ഘാടനച്ചടങ്ങില്‍ പി.വി. അന്‍വര്‍ എം.എല്‍.എ.യും ശശിധരനെ വേദിയിലിരുത്തി അവഹേളിച്ചു. അദ്ദേഹവും കേസുകളുടെ എണ്ണത്തില്‍ത്തന്നെയാണ് ഊന്നിയത്. സുജിത്ദാസിന്റെ കാലത്തുനടന്ന ഒരു കയര്‍മോഷണത്തിന്റെ പ്രതികളെ പിടികൂടിയില്ലെന്ന ആരോപണവും അന്‍വര്‍ ഉന്നയിച്ചു.
സുജിത് ദാസിന്റെ കാലത്ത് ജില്ലയിലെ പെറ്റിക്കേസുകളുടെ എണ്ണംകൂട്ടാന്‍ കര്‍ശനനിര്‍ദേശം നല്‍കിയതിന്റെ പേരില്‍ പോലീസുകാര്‍ ജനങ്ങളോട് വേട്ടക്കാരെപ്പോലെയാണ് പെരുമാറിയിരുന്നതെന്ന് വലിയ ആരോപണമുണ്ടായിരുന്നു. മുസ്ലിംലീഗ് പലതവണ ഇതിനെതിരേ പ്രതിഷേധവും സംഘടിപ്പിച്ചു. ശശിധരനും പഴയ കണക്കിനെ മറികടക്കാന്‍ ശ്രമിക്കുന്നുവെന്ന് പോലീസുകാരില്‍നിന്നുതന്നെ പരാതിയുയര്‍ന്നു. അതുകൊണ്ടുതന്നെ അന്‍വറിന്റെ അധിക്ഷേപത്തില്‍ പോലീസുകാര്‍ ഉള്ളുകൊണ്ട് സന്തോഷിക്കുകയാണു ചെയ്തത്. ?.
കാലിക്കറ്റ് സര്‍വകലാശാലയില്‍ എസ്.എഫ്.ഐ. ഗവര്‍ണര്‍ക്കെതിരേ നടത്തിയ പ്രക്ഷോഭത്തില്‍ സര്‍വകലാശാലയ്ക്കുള്ളില്‍ ബാനര്‍ കെട്ടിയതില്‍ ഗവര്‍ണര്‍ കടുത്തഭാഷയില്‍ എസ്.പി.യെ ശകാരിച്ചത് വാര്‍ത്തയായിരുന്നു. ഈ സംഭവത്തില്‍ എസ്.പി.ക്ക് ഒന്നും ചെയ്യാനുണ്ടായിരുന്നില്ലെങ്കിലും പഴികേട്ടത് അദ്ദേഹമായിരുന്നു. സുജിത് ദാസിന്റെ കാലത്ത് ക്യാമ്പ് ഓഫീസില്‍നിന്ന് മരം മുറിച്ചുകടത്തിയെന്ന പരാതിയില്‍ നടപടിയെടുക്കാത്തതിന്റെ കുറ്റവും അദ്ദേഹത്തിന്റെ തലയിലായി. ഏറ്റവുമൊടുവില്‍ 2009-ല്‍ പാനായിക്കുളം എന്‍.ഐ.എ. കേസിലെ പ്രതി നിസാമിന് ജാമ്യം അനുവദിച്ചതിന്റെ പേരില്‍ ശശിധരന്‍ തന്നെ സസ്പെന്‍ഡ് ചെയ്യാന്‍ ശ്രമിച്ചെന്ന് റിട്ട. മുന്‍സിഫ് മജിസ്ട്രേറ്റ് എം. താഹയും ആരോപണമുന്നയിച്ചു. ഇതിന്റെയൊക്കെ അവസാനമാണ് ഈ ഉത്തരവിറങ്ങിയത്.

ഡിവൈ.എസ്.പി.മാരുടെ മാറ്റം ഇങ്ങനെ
: മലപ്പുറം ജില്ലാ സ്‌പെഷ്യല്‍ ബ്രാഞ്ച് ഡിവൈ.എസ്.പി. പി. അബ്ദുള്‍ ബഷീറിനെ തൃശ്ശൂര്‍ റൂറല്‍ സ്‌പെഷ്യല്‍ ബ്രാഞ്ചിലേക്ക് മാറ്റി. മലപ്പുറം ഡിവൈ.എസ്.പി. എ. പ്രേംജിത്തിനെ തൃശ്ശൂര്‍ എസ്.എസ്.ബി.യിലേക്കും പെരിന്തല്‍മണ്ണ ഡിവൈ.എസ്.പി. സജു കെ. എബ്രഹാമിനെ കൊച്ചി സിറ്റി ട്രാഫിക്കിലേക്കും തിരൂര്‍ ഡിവൈ.എസ്.പി. കെ.എം. ബിജുവിനെ ഗുരുവായൂരിലേക്കും കൊണ്ടോട്ടി ഡിവൈ.എസ്.പി. പി. ഷിബുവിനെ തൃശ്ശൂര്‍ വിജിലന്‍സിലേക്കും മാറ്റി. നിലമ്പൂര്‍ ഡിവൈ.എസ്.പി. പി.കെ. സന്തോഷിനെ പാലക്കാട് ക്രൈംബ്രാഞ്ചിലേക്കും താനൂര്‍ ഡിവൈ.എസ്.പി. വി.വി. ബെന്നിയെ കോഴിക്കോട് റൂറല്‍ ജില്ലാ സി-ബ്രാഞ്ചിലേക്കും മലപ്പുറം എസ്.എസ്.ബി. ഡിവൈ.എസ്.പി. മൂസ വള്ളക്കാടനെ പാലക്കാട് എസ്.എസ്.ബി.യിലേക്കുമാണ് മാറ്റിയത്.
പാലക്കാട് എസ്.എസ്.ബി.യിലെ കെ.എം. പ്രവീണ്‍കുമാറിനെ മലപ്പുറം ജില്ലാ എസ്.ബി.യില്‍ നിയമിച്ചു. ഗുരുവായൂര്‍ ഡിവൈ.എസ്.പി ടി.എസ്. സിനോജിനെ മലപ്പുറത്തും തൃശ്ശൂര്‍ റൂറല്‍ എസ്.ബി.യില്‍ നിന്ന് ടി.കെ. ഷൈജുവിനെ പെരിന്തല്‍മണ്ണയിലും നിയമിച്ചു.
തൃശ്ശൂര്‍ എസ്.എസ്.ബി. ഡിവൈ.എസ്.പി ഇ. ബാലകൃഷ്ണനെ തിരൂരിലേക്ക് മാറ്റി. തൃശ്ശൂര്‍ വിജിലന്‍സിലെ കെ.സി. സേതുവിനെ കൊണ്ടോട്ടിയിലും കോഴിക്കോട് റൂറല്‍ സി-ബ്രാഞ്ചിലെ ജി. ബാലചന്ദ്രനെ നിലമ്പൂരിലും മാറ്റി നിയമിച്ചു. കൊച്ചി ട്രാഫിക്കിലെ പയസ് ജോര്‍ജിനെ താനൂരിലും പാലക്കാട് ക്രൈംബ്രാഞ്ചിലെ എം.യു. ബാലകൃഷ്ണനെ മലപ്പുറം എസ്.എസ്.ബി.യിലും നിയമിച്ചിട്ടുണ്ട്.

Related Articles

Back to top button