BREAKING NEWSKERALALATEST

‘നേതാക്കള്‍ പരസ്പരം പുകഴ്ത്തിക്കോളൂ,പ്രവര്‍ത്തകര്‍ അംഗീകരിക്കില്ല’; കെപിസിസി രാഷ്ട്രീയകാര്യസമിതിയില്‍ നേതാക്കള്‍ക്ക് രൂക്ഷ വിമര്‍ശനം

തിരുവനന്തപുരം : തദ്ദേശ തെരഞ്ഞെടുപ്പിലെ കോണ്‍ഗ്രസിന്റെ തോല്‍വി വിലയിരുത്താന്‍ ചേര്‍ന്ന കെപിസിസി രാഷ്ട്രീയകാര്യസമിതിയില്‍ നേതാക്കള്‍ക്ക് രൂക്ഷ വിമര്‍ശനം. കുത്തഴിഞ്ഞ സംഘടനാ സംവിധാനവും കാലഹരണപ്പെട്ട നേതൃത്വവുമാണ് കോണ്‍ഗ്രസിനുള്ളതെന്നും വിമര്‍ശനം ഉയര്‍ന്നു. വി ഡി സതീശന്‍, കെ മുരളീധരന്‍, കെ സുധാകരന്‍, ഷാനിമോള്‍ ഉസ്മാന്‍, ബെന്നി ബഹനാന്‍, പി ജെ കുര്യന്‍ പി സി ചാക്കോ,പിസി വിഷ്ണുനാഥ് തുടങ്ങിയവര്‍ നേതൃത്വത്തെ കടന്നാക്രമിച്ചു.

നേതാക്കള്‍ പരസ്പരം പുകഴ്ത്തിക്കോളൂ. എന്നാല്‍ പ്രവര്‍ത്തകര്‍ അംഗീകരിക്കില്ല. ജനം ചോദ്യം ചെയ്യുന്ന സാഹചര്യം വന്നേക്കാം. അരോചകമായ വാര്‍ത്താസമ്മേളനം അല്ലാതെ കെപിസിസി എന്തു ചെയ്തു എന്നും ഷാനിമോള്‍ ഉസ്മാന്‍ ചോദിച്ചു. ഗ്രൂപ്പ് വീതം വെപ്പിനിടയില്‍ സംഘടനയുടെ കാര്യം എല്ലാവരും മറന്നു. താന്‍ കോവിഡ് ബാധിച്ച് ഒരു മാസത്തോലം ആശുപത്രിയില്‍ കഴിഞ്ഞപ്പോള്‍ കെപിസിസി പ്രസിഡന്റ് വിളിച്ചുപോലും ചോദിച്ചില്ലെന്ന് ഷാനിമോള്‍ പറഞ്ഞു.

ഇത്തരത്തിലാണ് പ്രവര്‍ത്തനമെങ്കില്‍ ആറുമാസം കഴിഞ്ഞ് നിയമസഭാ തോല്‍വി ചര്‍ച്ച ചെയ്യാനും ഇതുപോലെ യോഗം കൂടാമെന്ന് വിഡി സതീശന്‍ പരിഹസിച്ചു. എല്ലാദിവസവും പത്രസമ്മേളനം നടത്തിയതുകൊണ്ട് വോട്ടു കിട്ടില്ല. കണക്കും ന്യായീകരണങ്ങളും നിരത്തുന്ന നേതൃത്വത്തിനു കെപിസിസി ആസ്ഥാനമിരിക്കുന്ന മണ്ഡലം കമ്മിറ്റിയില്‍ എങ്കിലും അതു പറഞ്ഞു ഫലിപ്പിക്കാന്‍ കഴിയുമോ? തോറ്റെന്നു സമ്മതിക്കാന്‍ എങ്കിലും തയാറാകുമോ? കിറ്റ് കൊടുത്തതു കൊണ്ടാണ് യുഡിഎഫ് തോറ്റതെങ്കില്‍ ചില ജില്ലകളില്‍ മാത്രം ജയിക്കുമോ? വി ഡി സതീശന്‍ ചോദിച്ചു.

തദ്ദേശ തെരഞ്ഞെടുപ്പില്‍ 10 പഞ്ചായത്തുകള്‍ അധികം കിട്ടിയെന്ന മുല്ലപ്പള്ളിയുടെ പ്രസ്താവനയ്ക്ക്, അടുത്ത നിയമസഭാ തെരഞ്ഞെടുപ്പിലും 10 സീറ്റുകള്‍ കൂടുതല്‍ കിട്ടിയാല്‍ മതിയോ എന്നായിരുന്നു പി സി വിഷ്ണുനാഥ് ചോദിച്ചത്. സ്ഥാനാര്‍ഥികളെ സാമ്പത്തികമായി സഹായിക്കാന്‍ കഴിഞ്ഞോ? പോസ്റ്റര്‍ അടിച്ചു കൊടുക്കാനെങ്കിലും പറ്റിയോ? ബിജെപിയും സിപിഎമ്മും സാമൂഹിക മാധ്യമങ്ങളെ മികച്ച രീതിയില്‍ ഉപയോഗപ്പെടുത്തിയപ്പോള്‍ കോണ്‍ഗ്രസ് എന്തുചെയ്തുവെന്ന് വിഷ്ണുനാഥ് ചോദിച്ചു.

വെല്‍ഫെയര്‍ പാര്‍ട്ടി ബന്ധം സംബന്ധിച്ച തര്‍ക്കത്തിനിടെ, ഭൂരിപക്ഷ വോട്ടുകള്‍ ബിജെപി കൊണ്ടുപോയി. ന്യൂനപക്ഷ വോട്ടുകളാകട്ടെ ഇടതുപക്ഷവും കൈക്കലാക്കി. ഇത് തടയാനാകണം. മധ്യകേരളത്തിലും മധ്യതിരുവിതാകൂറിലും കോണ്‍ഗ്രസിന്റേയും യുഡിഎഫിന്റേയും പരമ്പരാഗത വോട്ടില്‍ അതിശക്തമായ ചോര്‍ച്ചയുണ്ടായത് ഗുരുതരമാണ്. ശക്തികേന്ദ്രങ്ങളിലെ വോട്ടുകള്‍ തിരിച്ചുപിടിക്കാന്‍ നടപടി വേണമെന്നും നേതാക്കള്‍ ആവശ്യപ്പെട്ടു. തിരുത്തല്‍ നടപടികള്‍ നിയമസഭ തെരഞ്ഞെടുപ്പിന് മുമ്പ് വേണമെന്നും ആവശ്യമുയര്‍ന്നു.

തോല്‍വി വിലയിരുത്താനായി രണ്ടു ദിവസത്തെ സമ്പൂര്‍ണ നേതൃയോഗം ചേരാന്‍ രാഷ്ട്രീയകാര്യസമിതി യോഗം തീരുമാനിച്ചു. ജനുവരി 7, 8 തീയതികളിലായിരിക്കും യോഗം. നാളെ കെപിസിസി ഭാരവാഹിയോഗം അടിയന്തരമായി ചേരും. ജില്ലയുടെ ചുമതലയുള്ള ജനറല്‍ സെക്രട്ടറിമാര്‍ റിപ്പോര്‍ട്ട് നല്‍കണം. 140 നിയോജക മണ്ഡലങ്ങള്‍ക്കും സെക്രട്ടറിമാര്‍ക്കു ചുമതല കൈമാറാനും തീരുമാനിച്ചിട്ടുണ്ട്.

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker