ന്യൂഡല്‍ഹി: വിവാദങ്ങള്‍ക്കിടെ ബി.ജെ.പി. സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന് ഡല്‍ഹിയിലെത്തി. രണ്ട് ദിവസം ഡല്‍ഹിയില്‍ തങ്ങുന്ന സുരേന്ദ്രന് കേന്ദ്ര നേതാക്കള്‍, കേന്ദ്രമന്ത്രിമാര്‍ എന്നിവരുമായി കൂടിക്കാഴ്ച നടത്തും. എന്നാല്‍ സംസ്ഥാന അധ്യക്ഷന്‍ എന്ന നിലയില്‍ ചില പാര്‍ട്ടി പരിപാടികളുമായി ഡല്‍ഹിയില്‍ എത്തിയതാണെന്നും തന്നെ നേതൃത്വം വിളിപ്പിച്ചതല്ലെന്നും സുരേന്ദ്രന് പറഞ്ഞു. സി.കെ. ജാനുവിന് പണം നല്‍കിയെന്ന ആരോപണം കണ്ണൂരില്‍ സി.പി.എം. നേതാവ് പി. ജയരാജനും പ്രസീതയും തമ്മില്‍ നടത്തിയ കൂടിക്കാഴ്ചയ്ക്കുശേഷം ഉണ്ടാക്കിയ സി.പി.എം. ഗൂഢാലോചനയാണെന്നും സുരേന്ദ്രന് ആരോപിച്ചു.
തിരഞ്ഞെടുപ്പ് പരാജയം, പണമിടപാട് വിവാദം എന്നീ വിഷയങ്ങളെച്ചൊല്ലി സംസ്ഥാന ബി.ജെ.പി. ആരോപണങ്ങളുടെ നിഴലില്‍ നില്‍ക്കുമ്പോഴാണ് സംസ്ഥാന അധ്യക്ഷന്‍ ഡല്‍ഹിയിലെത്തിയത്. വിവാദ വിഷയങ്ങളില്‍ കേന്ദ്ര നേതൃത്വം വിവിധതലങ്ങളില്‍ അന്വേഷണം നടത്തിവരികയാണ്. ഇക്കാര്യത്തില്‍ ഔദ്യോഗിക വിഭാഗത്തിന്റെ വിശദീകരണം നല്‍കാനാണ് സുരേന്ദ്രന് ഡല്‍ഹിയില്‍ എത്തിയിരിക്കുന്നതെന്നാണ് സൂചന. കേന്ദ്രത്തില്‍ വി. മുരളീധരന് കെ. സുരേന്ദ്രന് പക്ഷത്തോട് അനുഭാവം കാട്ടുന്ന നേതാക്കളെ നേരില്‍ കണ്ട് വിശദീകരിക്കാനാണ് ശ്രമം. സംഘടനാ ചുമതലയുള്ള ജനറല്‍ സെക്രട്ടറി ബി.എല്‍. സന്തോഷ് മുംബൈയിലായതിനാല്‍ ബുധനാഴ്ച അദ്ദേഹത്തെ കാണാനായില്ല. കേന്ദ്രമന്ത്രി വി. മുരളീധരനും ചര്‍ച്ചകളില്‍ പങ്കെടുക്കുന്നുണ്ട്.
വിവാദങ്ങള്‍ മാധ്യമസൃഷ്ടിയാണെന്നും ഡല്‍ഹിയിലേക്കുള്ള തന്റെ വരവിന് ഇത്തരം വിഷയങ്ങളുമായി യാതൊരു ബന്ധവുമില്ലെന്നും സുരേന്ദ്രന് ന്യായീകരിച്ചു. സി.കെ. ജാനുവിന് പണം നല്‍കിയെന്ന ആരോപണം സി.പി.എം. ഗൂഢാലോചനയാണ്. കണ്ണൂരില്‍ സി.പി.എം. നേതാവ് പി. ജയരാജനും പ്രസീതയും കൂടിക്കാഴ്ച നടത്തി ഉണ്ടാക്കിയ ഗൂഢാലോചനയാണിത്. ഇവര്‍ കണ്ണൂരില്‍ വെച്ച് കണ്ടതിന് തന്റെ കൈയില്‍ വ്യക്തമായ തെളിവുണ്ടെന്നും സുരേന്ദ്രന് മാതൃഭൂമിയോട് പറഞ്ഞു. ജാനുവിന് പണം കൊടുത്തതതായി പ്രസീത കണ്ടിട്ടില്ല. പണം തന്നതായി ജാനുവും പറഞ്ഞിട്ടില്ല. അപ്പോള്‍ വെറുതെ ഒരു കേസ് സൃഷ്ടിക്കുകയാണ്. എന്‍.ഡി.എ.യുടെ ഘടകക്ഷി നേതാവായ ജാനുവിന് താമസിക്കാന്‍ ബി.ജെ.പി. മുറി എടുത്തുകൊടുത്തതില്‍ എന്ത് തെറ്റാണുള്ളതെന്നും അതില്‍ എന്ത് വാര്‍ത്താ പ്രാധാന്യമാണുള്ളതെന്നും സുരേന്ദ്രന് ചോദിച്ചു.
സി.പി.എം. ഉയര്‍ത്തുന്ന പണവിവാദത്തെ മുട്ടില്‍ മരംമുറി കേസ് ഉയര്‍ത്തി പ്രതിരോധിക്കാനും ബി.ജെ.പി. ആലോചിക്കുന്നുണ്ട്. വിഷയത്തില്‍ കേന്ദ്ര വനം മന്ത്രാലയത്തെ ഇടപെടുവിക്കാനാണ് ശ്രമം.