കൊച്ചി: സിനിമയിലെ സാങ്കേതിക പ്രവര്‍ത്തകരുടെ സംഘടനയായ ‘ഫെഫ്ക’യില്‍നിന്ന് സംവിധായകന്‍ ആഷിക് അബു രാജിവച്ചു. കാപട്യം നിറഞ്ഞവരാണ് ‘ഫെഫ്ക’യുടെ നേതൃത്വത്തിലുള്ളതെന്ന് ആരോപിച്ചാണ് ആഷിക് അബുവിന്റെ രാജി. ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിന്റെ പശ്ചാത്തലത്തില്‍ ഫെഫ്ക ജനറല്‍ സെക്രട്ടറി ബി. ഉണ്ണികൃഷ്ണനെതിരേ ശക്തമായ വിമര്‍ശനവുമായി ആഷിക് അബു രംഗത്ത് വന്നിരുന്നു. ഉണ്ണികൃഷ്ണന്റെ നിശബ്ദത സംഘടനയുടെ നിശബ്ദതയായി കാണരുത്. ഫെഫ്കയുടെ മൗനം ചര്‍ച്ച ചെയ്യപ്പെട്ടുവെന്നും ആഷിക് അബു ആരോപിച്ചിരുന്നു. വേട്ടക്കാരുടെ കൂടെയാണ് ഈ സംഘങ്ങള്‍ എന്ന് തെളിയിക്കുന്നുവെന്നും ആഷിക് അബു കൂട്ടിച്ചേര്‍ത്തു.
സംഘടനയുടെ മൗനം ചര്‍ച്ചയായതോടെയാണ് ഇപ്പോള്‍ വിശദീകരണ കുറിപ്പ് പുറത്തുവിട്ടിട്ടുള്ളത്. സുരക്ഷിതമായിടത്ത് നിന്നുകൊണ്ട് ഗൗരവകരമായ വിഷയങ്ങളെപ്പറ്റിയൊന്നും പറയാതെ മനഃപൂര്‍വം ശ്രദ്ധ തിരിക്കാനുള്ള ശ്രമാണ് ഈ വിശദീകരണം. നയരൂപീകരണവും അടിസ്ഥാനസൗകര്യവുമാണ് പ്രധാന പ്രശ്നമെന്ന് വരുത്തിത്തീര്‍ക്കാനുള്ള വ്യാജപ്രതീതി സൃഷ്ടിക്കാനാണ് ഫെഫ്കയുടെ നേതൃത്വത്തിലുള്ളവര്‍ സ്വീകരിച്ചിരിക്കുന്നത്.
2017-ല്‍ കേട്ടുകേള്‍വിയില്ലാത്ത തരത്തിലൊരു അക്രമസംഭവം മലയാള സിനിമാമേഖലയില്‍ സംഭവിച്ചു. തൊഴിലാളി സംഘടനയുടെ നേതാവ് എന്ന് നിലയില്‍ ബി. ഉണ്ണികൃഷ്ണന്‍ നടത്തിയിട്ടുള്ള ഇടപെടലുകള്‍ നമ്മുടെ മുന്നിലുണ്ട്. ചെറിയ കാര്യങ്ങളില്‍പോലും പരസ്യപ്രതികരണത്തിനെത്തുകയും മാധ്യമങ്ങളെ അഭിമുഖീകരിക്കുകയും ചെയ്യുന്ന ഇദ്ദേഹം ഈ വിഷയത്തില്‍ നിശബ്ദനാണ്. ഈ രൂപത്തിലുള്ള അരാഷ്ട്രീയ നിലപാടുകള്‍ എടുക്കുകയും പ്രബല ശക്തികള്‍ക്കൊപ്പം നില്‍ക്കുകയും ചെയ്തിട്ടുള്ള ഉണ്ണികൃഷ്ണന്റെ നിശബ്ദത 21 സംഘടനകളുള്ള വലിയൊരു സമൂഹത്തെ ഉള്‍ക്കൊള്ളുന്ന ഫെഫ്കയുടെ നിശബ്ദതയായി കാണരുത്.
ഫെഫ്കയുടെ നിശബ്ദതയെക്കുറിച്ചുള്ള വിമര്‍ശനങ്ങള്‍ ഉള്‍ക്കൊള്ളുമ്പോഴും ധീരമായ സത്യസന്ധതയുടെ വ്യാജപ്രതീതി സൃഷ്ടിക്കുന്നവര്‍ക്കെതിരെ ഫെഫ്കയുടെ വാര്‍ത്താക്കുറിപ്പില്‍ ചൂണ്ടിക്കാട്ടുന്നതിനെതിരെയും ആഷിഖ് വിമര്‍ശനം ഉന്നയിച്ചു. ‘ബി. ഉണ്ണികൃഷ്ണന്‍ ഒളിച്ചിരുന്ന എഴുതുകയല്ല വേണ്ടത്. ഇക്കാര്യം പൊതുസമൂഹത്തോട് പറയണം. ആരാണ് ഇവിടെ വ്യാജമായിട്ട് പ്രതീതി സൃഷ്ടിക്കുന്നതെന്ന്, ആരാണ് വ്യാജമായി ഇടതുപക്ഷക്കാരനായി ഇരിക്കുന്നതെന്നും വരുംദിവസങ്ങളില്‍ കാണാം. ബി. ഉണ്ണികൃഷ്ണന്റേത് കുറ്റകരമായ മൗനമാണ്. പത്രക്കുറിപ്പിലൂടെ ഒളിയമ്പുകളെയ്യുന്നതല്ല മര്യാദ. ഒരു തൊഴിലാളി സംഘടനയുടെ പ്രസക്തി വലുതാണ്. അവരാണ് അനിതിയ്‌ക്കെതിരേ പോരാടേണ്ടത്. പലപ്പോഴും ആരോണോ കുറ്റം ചെയ്യുന്നത്, അവര്‍ക്കൊപ്പം നിന്നുകൊണ്ട് തൊഴിലാളികളെ തെറ്റദ്ധരിപ്പിക്കുകയാണ്. വേട്ടക്കാരുടെ കൂടെയാണ് ഈ സംഘങ്ങള്‍ എന്ന് തെളിയിക്കുന്നു. സമാനതകളില്ലാത്ത ഒരു സംഭവമാണ് ഇവിടെ നടക്കുന്നത്. എല്ലാ ഭാഗത്ത് നിന്നും ഇടപെടലുകള്‍ നടക്കുന്നു. ഈ കുറ്റകരമായ മൗനം ഒന്നേ പറയുന്നുള്ളൂ. ഈ സംഘം വേട്ടക്കാര്‍ക്കൊപ്പമാണെന്ന്.
വിനയന്‍ ഉന്നയിച്ചിരിക്കുന്നത് തികച്ചും ന്യായമായ കാര്യമാണ്. പല സംഘടനകളും പിഴ അടച്ചതാണ്. 2002 മുതല്‍ ഞാന്‍ സിനിമ ജീവിതം തുടങ്ങിയതാണ്. ഈ പറയുന്ന കാര്യത്തിനൊക്കെ സാക്ഷിയുമാണ്. എന്തുകൊണ്ടാണ് മാക്ട പിളര്‍ന്നതെന്നും അത് എന്തിനാണ് പിളര്‍ത്തിയതെന്നും അറിയാം’, ആഷിക് അബു ആരോപിച്ചു.
58 1 minute read