BREAKING NEWSLATESTNATIONAL

നോക്കിയ ഫോണ്‍ മുഴുവനോടെ വിഴുങ്ങി; യുവാവിന് അടിയന്തര ശസ്ത്രക്രിയ

പ്രിസ്റ്റിന: എറിഞ്ഞാലും ചവിട്ടിയാലും വിമാനത്തില്‍ നിന്നു താഴെ പോയാലും പൊട്ടാത്ത നോക്കിയയുടെ പഴയ ഫോണ്‍ ഏറെ പ്രശസ്തമാണ്. വര്‍ഷങ്ങള്‍ കഴിഞ്ഞാലും നശിക്കാതെ ചിരഞ്ജീവിയായി നിലനില്‍ക്കുന്ന ഫോണിനെപ്പറ്റി ട്രോളുകളും കുറച്ചൊന്നുമല്ല. എന്നാല്‍ ഏതാനും ദിവസം മുന്‍പ ഒരു 33 വയസുള്ള യുവാവ് ചെയ്തത് കുറച്ചു കൂടി കടന്ന കൈയ്യാണ്. ഇരുപത് വര്‍ഷത്തോളം പഴക്കമുള്ള ഫോണ്‍ ഇയാള്‍ മുഴുവനോടെ വിഴുങ്ങുകയായിരുന്നു.
കൊസോവോയിലെ പ്രിസ്റ്റിനയിലാണ് സംഭവം നടന്നത്. നോക്കിയ കമ്പനി നിര്‍മിക്കുന്ന പഴയ 3310 മോഡല്‍ ഫോണാണ് യുവാവ് വിഴുങ്ങിയത്. ഉടന്‍ തന്നെ ഇയാളെ ആശുപത്രിയിലെത്തിക്കുകയും അടിയന്തര ശസ്ത്രക്രിയ നടത്തി വയറ്റില്‍ കുടുങ്ങിയ ഫോണ്‍ പുറത്തെടുക്കുകയായിരുന്നു. ഡോ. സ്‌കെന്‍ഡര്‍ ടെലാകുവാണ് ശസ്ത്രക്രിയ നടത്തി ഫോണ്‍ പുറത്തെടുത്തതെന്നാണ് യുകെ മാധ്യമമായ മിറര്‍ റിപ്പോര്‍ട്ട് ചെയ്തത്.
ചെറിയ ബട്ടണുകള്‍ നാണയങ്ങള്‍ തുടങ്ങിയവ ആളുകള്‍ അറിയാതെയോ മനഃപൂര്‍വമോ വിഴുങ്ങുന്നത് അപൂര്‍വമല്ല. ചില വസ്തുക്കള്‍ വയറ്റില്‍ വെച്ചു തന്നെ ദഹിച്ചു പോകുകയോ മറ്റു ചിലത് മലത്തോടൊപ്പം പുറത്തെത്തുകയോ ചെയ്യും. സ്‌കാനിങിലൂടെ യുവാവിന്റെ വയറ്റില്‍ കുടുങ്ങിയ ഫോണ്‍ ഡോക്ടര്‍മാര്‍ക്ക് കണ്ടെത്താന്‍ കഴിഞ്ഞു. എന്നാല്‍ വലുപ്പമേറിയ ഫോണ്‍ ദഹി്ച്ചു പോകാന്‍ ഇടയില്ലാത്തതിനാല്‍ ഉടന്‍ തന്നെ ശസ്ത്രക്രിയ നടത്താന്‍ തീരുമാനിക്കുകയായിരുന്നു. കൂടാതെ ഫോണിന്റെ ബാറ്ററിയിലെ രാസവസ്തുക്കള്‍ രോഗിയുടെ ജീവനു ഭീഷണിയായേക്കുമെന്നും ഡോക്ടര്‍മാര്‍ മനസിലാക്കി.
തുടര്‍ന്ന് വയര്‍ തുറന്നു നടത്തിയ ശസ്ത്രക്രിയയിലൂടെ ഫോണ്‍ പുറത്തെടുക്കുകയായിരുന്നു. മൂന്ന് കഷണങ്ങളാക്കിയാണ് ഫോണ്‍ പുറത്തെടുത്തത്. ഇതിന്റെ ചിത്രങ്ങളും ഡോക്ടര്‍ സ്‌കെന്‍ഡര്‍ ടെലാകു ഫേസ്ബുക്കിലൂടെ പങ്കുവെച്ചു. കൂടാതെ യുവാവിന്റെ വയറ്റില്‍ ഫോണ്‍ കിടക്കുന്നതിന്റെ എക്‌സ്‌റേ ദൃശ്യങ്ങളും പുറത്തു വിട്ടിട്ടുണ്ട്. കുറച്ചധികം സമയം വയറ്റിനുള്ളില്‍ കിടന്നിട്ടും ഫോണിനു പ്രത്യക്ഷത്തില്‍ വലിയ പരിക്കൊന്നുമില്ലെന്നാണ് സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ച ചിത്രങ്ങളില്‍ നിന്ന് മനസ്സിലാകുന്നത്. എന്നാല്‍ ഈ ഫോണ്‍ നിലവില്‍ പ്രവര്‍ത്തനക്ഷമമാണോ എന്ന കാര്യത്തില്‍ വ്യക്തതയില്ല.
‘എന്തോ വസ്തു വിഴുങ്ങിയ ഒരു രോഗിയെ ആശുപത്രിയിലെത്തിച്ചിട്ടുണ്ടെന്ന് എനിക്ക് വിവരം കിട്ടി. തുടര്‍ന്ന് സ്‌കാന്‍ ചെയ്തപ്പോള്‍ ഫോണ്‍ വയറ്റിനുള്ളില്‍ മൂന്ന് കഷണങ്ങളായി കിടക്കുകയാണെന്ന് മനസ്സിലാക്കി. ഈ മൂന്ന് കഷണങ്ങളില്‍ ബാറ്ററിയായിരുന്നു ഏറെ ആശങ്കപ്പെടുത്തിയത്. ഇത് വയറ്റിനുള്ളില്‍ കിടന്ന് പൊട്ടിത്തെറിക്കാന്‍ സാധ്യതയുണ്ടായിരുന്നു.’ ഡോക്ടര്‍ കൊസോവോയിലെ പ്രാദേശിക മാധ്യമങ്ങളോടു പറഞ്ഞു.
അതേസമയം, വയറുവേദന അനുഭവപ്പെട്ടതിനെ തുടര്‍ന്ന് യുവാവ് തന്നെ ആശുപത്രിയിലെത്തുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍. എന്നാല്‍ ഇയാള്‍ എന്തിനാണ് ഫോണ്‍ വിഴുങ്ങിയതെന്ന് വെളിപ്പെടുത്തിയില്ലെന്ന് ഡോക്ടര്‍ പറഞ്ഞു. രണ്ട് മണിക്കൂറോളം നീണ്ട ശസ്ത്രക്രിയയിലൂടെയാണ് ഫോണ്‍ പുറത്തെടുക്കാന്‍ ആരോഗ്യപ്രവര്‍ത്തകര്‍ക്ക് കഴിഞ്ഞത്. യുവാവിന്റെ വയറ്റില്‍ നിന്ന് ഫോണ്‍ കണ്ടത്തുന്നതിന്റെയും പുറത്തെടുക്കുന്നതിന്റെയും ദൃശ്യങ്ങളും ഇതിനോടകം പുറത്തെത്തിയിട്ടുണ്ട്.
അതേസമയം, ആളുകള്‍ മൊബൈല്‍ ഫോണ്‍ വിഴുങ്ങുന്നത് ഇത് ആദ്യസംഭവമല്ല. 2014ല്‍ ഒരാള്‍ എയര്‍പോഡ് വിഴുങ്ങിയ വാര്‍ത്തയും വലിയ മാധ്യമശ്രദ്ധ നേടിയിരുന്നു. 2016ല്‍ ഫോണ്‍ വിഴുങ്ങിയതിനെ തുടര്‍ന്ന് കലശലായ ഛര്‍ദ്ദില്‍ അനുഭവപ്പെട്ട 29കാരന്റെ ജീവന്‍ രക്ഷിച്ചതും ശസ്ത്രക്രിയയിലൂടെയായിരുന്നു.
**

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker