ന്യൂഡല്‍ഹി: ഇറാന്റെ പരമോന്നത നേതാവ് അയത്തൊള്ള അലി ഖമേനിയുടെ പ്രസ്താവനക്കെതിരെ ഇന്ത്യ. ഇന്ത്യയിലെയും മ്യാന്മറിലെയും ഗാസയിലെയും മുസ്ലിങ്ങള്‍ അനുഭവിക്കുന്ന വേദനകള്‍ നിരാകരിച്ചാല്‍ നമുക്ക് സ്വയം മുസ്ലിങ്ങളാണ് നമ്മളെന്ന് കരുതാന്‍ കഴിയില്ലെന്ന അയത്തൊള്ളയുടെ പ്രതികരണത്തിലാണ് ഇന്ത്യ അതിരൂക്ഷ വിമര്‍ശനം ഉന്നയിച്ചത്. നബിദിനത്തില്‍ ഇറാനില്‍ നടത്തിയ പ്രസംഗത്തിലായിരുന്നു അയത്തൊള്ള അലി ഖമേനിയുടെ പരാമര്‍ശം.
അയത്തൊള്ളയുടെ പരാമര്‍ശം തെറ്റിദ്ധരിക്കപ്പെട്ടതും അസ്വീകാര്യവുമാണെന്ന് ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം വിമര്‍ശിച്ചു. ഇന്ത്യയിലെ ന്യൂനപക്ഷങ്ങളുടെ അവസ്ഥയില്‍ വിമര്‍ശനം ഉന്നയിക്കുന്ന മറ്റ് രാഷ്ട്രങ്ങള്‍ ആദ്യം സ്വന്തം രാജ്യത്ത് നടക്കുന്ന മനുഷ്യാവകാശ ലംഘനങ്ങളെ കുറിച്ച് പരിശോധിച്ച ശേഷം വേണം പ്രതികരിക്കാനെന്നും വിദേശകാര്യ മന്ത്രാലയം ഓര്‍മ്മിപ്പിച്ചു.
മഹ്‌സ അമിനിയുടെ രണ്ടാം ചരമ വാര്‍ഷികത്തില്‍ ഇറാനില്‍ ആയിരക്കണക്കിന് സ്ത്രീകള്‍ ഹിജാബ് ധരിക്കാതെ തെരുവിലിറങ്ങിയ ദിവസമാണ് അയത്തൊള്ള അലി ഖമേനി ഇന്ത്യക്കെതിരെ വിമര്‍ശനം ഉന്നയിച്ചത്. ഇറാനിലെ സദാചാര പൊലീസ് കസ്റ്റഡിയിലെടുത്ത മഹ്‌സ അമിനിയെന്ന 22കാരി 2022 സെപ്തംബര്‍ 16 നാണ് മരിച്ചത്. ഹിജാബ് ധരിക്കാത്തതിന് കസ്റ്റഡിയിലെടുക്കപ്പെട്ട ഈ യുവതി ക്രൂര മര്‍ദ്ദനത്തിന് ഇരയായാണ് മരിച്ചത്.
ശക്തമായ ഉഭയകക്ഷി ബന്ധം വച്ചുപുലര്‍ത്തുന്ന ഇന്ത്യയുമായി ഇറാന്റെ പരമോന്നത നേതാവ് ഇത്തരമൊരു നിലപാട് പൊടുന്നനെ സ്വീകരിച്ചത് എന്താണെന്ന് ചോദ്യം ഉയരുന്നുണ്ട്. സമീപ കാലത്തൊന്നും ഇന്ത്യയും ഇറാനും ഭിന്നാഭിപ്രായങ്ങളിലേക്ക് പോയിട്ടില്ല. ചബഹാര്‍ തുറമുഖവുമായി ബന്ധപ്പെട്ട കരാറടക്കം ഒപ്പിട്ടത് ഈയടുത്തായതിനാല്‍ ഇരു രാജ്യങ്ങളും തമ്മില്‍ ബന്ധം ശക്തമായിരുന്നു.
ഇക്കഴിഞ്ഞ മെയ് മാസത്തില്‍ ഉപരാഷ്ട്രപതി ജഗ്ദീപ് ധന്‍കര്‍ ഇറാന്‍ സന്ദര്‍ശിച്ചിരുന്നു. മുന്‍ പ്രസിഡന്റ് ഇബ്രാഹിം റെയ്സിയുടെ മരണാനന്തര ചടങ്ങില്‍ പങ്കെടുത്ത് ഇന്ത്യയുടെ ആദരവും അറിയിച്ചിരുന്നു. പിന്നീട് ജൂലൈ മാസത്തില്‍ ഇറാന്റെ പുതിയ പ്രസിഡന്റ് മസൂദ് പെസെഷ്‌കിയാന്റെ സ്ഥാനാരോഹണ ചടങ്ങില്‍ കേന്ദ്ര മന്ത്രി നിതിന്‍ ഗഡ്കരിയും നേരിട്ട് പങ്കെടുത്തിരുന്നു.
60 1 minute read