BREAKING NEWSKERALA

ന്യൂനപക്ഷ സ്‌കോളര്‍ഷിപ്പ് തുക 23.51 കോടിയാക്കി ഉയര്‍ത്തി

തിരുവനന്തപുരം: ന്യൂനപക്ഷ ക്ഷേമ ഡയറക്ടറേറ്റ് എട്ട് സ്‌കോളര്‍ഷിപ്പുകളാണു നല്‍കുന്നത്. ഇതിനായി 17.31 കോടിരൂപയാണ് ഇതുവരെ ചെലവഴിച്ചിരുന്നത്. ഇത് 23.51 കോടിയായി സര്‍ക്കാര്‍ ഉയര്‍ത്തി. സി.എച്ച്. മുഹമ്മദ് കോയ സ്‌കോളര്‍ഷിപ്പാണ് ഇതില്‍ പ്രധാനം.
80:20 അനുപാതത്തില്‍ നല്‍കിയിരുന്നപ്പോള്‍ ആറരക്കോടിയോളം രൂപ മുസ്‌ലിം വിദ്യാര്‍ഥികള്‍ക്കും ഒന്നരക്കോടിയോളം ക്രൈസ്തവ വിഭാഗത്തിനുമാണ് ലഭിച്ചിരുന്നത്. മുസ്‌ലിം വിഭാഗത്തിനുള്ള ഈ വിഹിതം കുറയാതിരിക്കാനായി സി.എച്ച്. സ്‌കോളര്‍ഷിപ്പ് എട്ടുകോടിയില്‍നിന്ന് പത്തുകോടിയായി സര്‍ക്കാര്‍ ഉയര്‍ത്തി. ഇതനുസരിച്ച് മുസ്‌ലിം വിദ്യാര്‍ഥികള്‍ക്ക് ആറരക്കോടി രൂപതന്നെ ലഭിക്കും. ക്രൈസ്തവ വിഭാഗത്തിനുള്ള വിഹിതം ഒന്നരക്കോടിയില്‍നിന്ന് നാലരക്കോടിയായി ഉയരും.
മുസ്‌ലിം വിഭാഗത്തിന്റെ പിന്നാക്കാവസ്ഥയെക്കുറിച്ചു മാത്രമാണ് നിലവില്‍ പഠനം നടത്തിയിട്ടുള്ളത്. ക്രൈസ്തവ വിഭാഗത്തിന്റെ പ്രശ്‌നങ്ങള്‍ പഠിക്കാന്‍ ജെ.ബി. കോശി അധ്യക്ഷനായ സമിതിയെ സര്‍ക്കാര്‍ നിയോഗിച്ചിട്ടുണ്ട്. ഈ സമിതിയുടെ റിപ്പോര്‍ട്ട് വരുന്നതുവരെ ന്യൂനപക്ഷ സ്‌കോളര്‍ഷിപ്പ് ഇതേ രീതിയില്‍ തുടരാനാണ് സര്‍ക്കാര്‍ തീരുമാനം. റിപ്പോര്‍ട്ടിലെ ശുപാര്‍ശയ്ക്കനുസരിച്ചായിരിക്കാം മാറ്റം പരിഗണിക്കുക.
സച്ചാര്‍ കമ്മിഷന്‍ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ കേരളത്തിലെ മുസ്‌ലിം വിഭാഗങ്ങളുടെ പിന്നാക്കാവസ്ഥ പഠിക്കാന്‍ 2007ല്‍ അന്നത്തെ എല്‍.ഡി.എഫ്. സര്‍ക്കാര്‍ പാലോളി മുഹമ്മദ് കുട്ടി അധ്യക്ഷനായ സമിതിയെ നിയോഗിച്ചു. ഈ സമിതി നല്‍കിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് മുസ്‌ലിം വിഭാഗത്തിലെ വിദ്യാര്‍ഥികള്‍ക്കായി സ്‌കോളര്‍ഷിപ്പ് നല്‍കാന്‍ തീരുമാനിച്ചത്. ഇതില്‍ മുസ്‌ലിം പെണ്‍കുട്ടികള്‍ക്കായിരുന്നു മുന്‍ഗണന.
സ്‌കോളര്‍ഷിപ്പില്‍ 20 ശതമാനം 2011 ഫെബ്രുവരിയില്‍ ഇടതുസര്‍ക്കാര്‍ ക്രൈസ്തവ വിഭാഗങ്ങള്‍ക്കുകൂടി ബാധകമാക്കി. പിന്നീടുവന്ന യു.ഡി.എഫ്. സര്‍ക്കാരും ഇത് തുടര്‍ന്നു. ക്രൈസ്തവര്‍ക്ക് 20 ശതമാനം നിശ്ചയിച്ചത് ജനസംഖ്യാനുപാതികമായല്ലെന്ന് 2021 മേയില്‍ ഹൈക്കോടതി വിധിച്ചു. ഇതിന്റെ അടിസ്ഥാനത്തിലാണ് ന്യൂനപക്ഷ സ്‌കോളര്‍ഷിപ്പ് ഘടന സര്‍ക്കാര്‍ ഇപ്പോള്‍ പുതുക്കിയത്.

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker