BREAKING NEWSKERALA

ന്യൂനപക്ഷ സ്‌കോളര്‍ഷിപ്പ്: സ്വാഗതം ചെയ്ത് സതീശന്‍, എതിര്‍ത്ത് ലീഗ്

കോഴിക്കോട്: ന്യൂനപക്ഷ സ്‌കോളര്‍ഷിപ്പിന് നേരത്തെയുണ്ടായിരുന്ന അനുപാതം മാറ്റി ജനസംഖ്യാടിസ്ഥാനത്തിലാക്കിയ സര്‍ക്കാര്‍ നടപടിയെ സ്വാഗതം ചെയ്ത് പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍. സര്‍ക്കാര്‍ തീരുമാനത്തെ ഭാഗികമായി ഞങ്ങള്‍ സ്വാഗതം ചെയ്യുന്നുവെന്ന് സതീശന്‍ പറഞ്ഞു. യുഡിഎഫ് മുന്നോട്ടുവെച്ച നിര്‍ദേശങ്ങളില്‍ ഭൂരിപക്ഷവും അംഗീകരിക്കപ്പെട്ടു. യുഡിഎഫ് ഒറ്റക്കെട്ടയാണ് നിലപാടടെടുത്തതെന്നും അദ്ദേഹം വ്യക്മതാക്കി.
അതേ സമയം മുസ്ലിം ലീഗിന്റെ പരാതി സര്‍ക്കാര്‍ കേള്‍ക്കണമെന്ന് പറഞ്ഞ സതീശന്‍ ഇക്കാര്യം യുഡിഎഫ് ചര്‍ച്ച ചെയ്യുമെന്നും പറഞ്ഞു. വളരെ സങ്കീര്‍ണ്ണമായ വിഷയമാണിത്. ഇത് സംബന്ധിച്ച് താന്‍ ഇക്കാര്യം പഠിച്ചിട്ടുണ്ട്. പി.കെ.കുഞ്ഞാലിക്കുട്ടിയുമായി സംസാരിച്ച ശേഷമാണ് നിലപാട് പറഞ്ഞത് സതീശന്‍ പറഞ്ഞു.
എന്നാല്‍ സര്‍ക്കാര്‍ നടപടിക്കെതിരെ സമരപ്രഖ്യാപനവുമായി ഇറങ്ങിയ മുസ്ലിംലീഗ് സതീശന്റെ പ്രസ്താവനയോടെ വെട്ടിലായി. ഒരു സമുദായത്തിനും നഷ്ടമുണ്ടായിട്ടില്ലെന്ന് സതീശന്‍ കഴിഞ്ഞ ദിവസം പറഞ്ഞതാണ് ലീഗിനെ ചൊടിപ്പിച്ചത്. ഇക്കാര്യത്തില്‍ വ്യക്തത വരുത്തണമെന്ന് ലീഗ് കോണ്‍ഗ്രസ് നേതൃത്വത്തോട് ആവശ്യപ്പെട്ടു. യുഡിഎഫ് കൂട്ടായി ആലോചിച്ചെടുത്ത നിലപാടാണിതെന്ന് കൂടി സതീശന്‍ പറഞ്ഞതോടെ ലീഗ് കൂടുതല്‍ പ്രതിരോധത്തിലായി.
ഏതെങ്കിലും സമുദായത്തിന് നഷ്ടമുണ്ടായോ എന്ന് ഇന്ന് മാധ്യമങ്ങള്‍ ചോദിച്ചപ്പോള്‍ സതീശന്റെ മറുപടി ഇങ്ങനെയായിരുന്നു. ‘എക്‌സ്‌ക്ലൂസീവായിട്ട് മുസ്ലിം സമുദായത്തിലെ പിന്നാക്കക്കാര്‍ക്ക് കിട്ടിയിരുന്ന ഒരു പദ്ധതിയുണ്ടായിരുന്നു അതില്ലാതായി. അതാണ് മുസ്ലിം ലീഗ് ഉയര്‍ത്തുന്ന പ്രധാന പ്രശ്‌നം. അവരുടെ പരാതി പരിഗണിക്കണമെന്നാണ് ഞാന്‍ പറഞ്ഞത്. ഹൈക്കോടതി വിധിയുടെ പശ്ചാത്തലത്തില്‍ കൂടിയാണ് ഇതിനകത്ത് തീരുമാനമെടുക്കുന്നത്. രണ്ട് സമുദായങ്ങള്‍ തമ്മില്‍ ഒരു കാരണവശാലും സംഘര്‍ഷമുണ്ടാകാന്‍ പാടില്ല. അത്തരത്തിലുള്ള പൊതു നിലപാടാണ് എടുക്കുന്നത്’.
സര്‍ക്കാര്‍ നിലപാട് സ്വാഗതം ചെയ്യില്ലെന്ന് പി.കെ.കുഞ്ഞാലിക്കുട്ടി പ്രതികരിച്ചു. സച്ചാര്‍ കമ്മിറ്റി റിപ്പോര്‍ട്ട് മുസ്ലിം വിഭാഗത്തിനാണ്. മറ്റ് വിഭാഗങ്ങള്‍ക്ക് വേറെ സ്‌കീം വരണമെന്നും അദ്ദേഹം പ്രതികരിച്ചു. സതീശന്റെ നിലപാടല്ല ഇപ്പോഴത്തെ ഇവിടുത്തെ പ്രശ്‌നമെന്നായരുന്നു ഇതുമായി ബന്ധപ്പെട്ട ചോദ്യത്തിന് കുഞ്ഞാലിക്കുട്ടിയുടെ മറുപടി.
ന്യൂനപക്ഷ സ്‌കോളര്‍ഷിപ് സംബന്ധിച്ച് കേരള സര്‍ക്കാര്‍ തീരുമാനം തികച്ചും വഞ്ചനപരവും യോജിക്കാന്‍ കഴിയാത്തതുമാണെന്നാണ് മുസ്ലിം ലീഗ് നേതാവും എംപിമായ ഇ.ടി.മുഹമ്മദ് ബഷീര്‍ പറഞ്ഞത്.
മുസ്ലിം ന്യൂനപക്ഷത്തിന്റെ പിന്നോക്ക അവസ്ഥയുടെ കാര്യ കാരണങ്ങള്‍ പരിശോധിക്കാന്‍ വേണ്ടി നിയോഗിച്ച സച്ചാര്‍ കമ്മിറ്റി റിപ്പോര്‍ട്ടും അതിന്റെ അടിസ്ഥാനത്തില്‍ വന്നിട്ടുള്ള പാലോളി കമ്മിറ്റി റിപ്പോര്‍ട്ടുമെല്ലാം കൃത്യമായി മുസ്ലിം വിദ്യാര്‍ത്ഥികള്‍ക്ക് നല്‍കേണ്ട സ്‌കോളര്‍ഷിപ് പദ്ധതി എന്ന നിലയില്‍ കൊണ്ടു വന്ന ആ പദ്ധതിയില്‍ 80:20 അനുപാതം കൊണ്ട് വന്നത് തന്നെ തെറ്റായിരുന്നു. ആ തെറ്റ് വരുത്തിയത് സര്‍ക്കാരാണ്. സര്‍ക്കാര്‍ തീരുമാനത്തിന്റെ ഫലമായി കോടതിയില്‍ വന്ന സമയത്ത് കോടതി അത് ദുര്‍ബലപെടുത്തി. ഇപ്പോള്‍ ഗവണ്മെന്റ് കൊണ്ടുവന്നതിന്റെ അനന്തര ഫലം എന്ന് പറയുന്നത് സച്ചാര്‍ കമ്മിറ്റി റിപ്പോര്‍ട്ട് പ്രകാരമുള്ള ഒരു സ്‌കോളര്‍ഷിപ്പ് നാട്ടില്‍ ഇല്ല എന്നുള്ളതാണ്.
മുസ്ലിം ന്യൂനപക്ഷത്തിന്റെ വിദ്യാഭ്യാസ പിന്നോക്ക അവസ്ഥ പരിഹരിക്കാന്‍ വേണ്ടി കൊണ്ടുവന്ന ഒരു പദ്ധതി തന്നെ വേണ്ടന്ന് വെച്ച് 80:20 അനുപാതത്തെ വീണ്ടും വിഭജിച്ച് ഈ മുസ്ലിം ന്യൂനപക്ഷ വിഭാഗത്തെ അവതാളത്തില്‍ ആക്കുന്ന നടപടിയാണ് ഗവണ്മെന്റ് എടുത്തിട്ടുള്ളത്. ഇതില്‍ ഗവണ്മെന്റിന്റെ ദുഷ്ടാലക്കുണ്ട്. എല്ലാവര്‍ക്കും വിഭജിച്ചുകൊടുത്ത് ചിലരെ സന്തോഷിപ്പിക്കാനും ചിലരെ ദ്രോഹിക്കാനുമുള്ള സര്‍ക്കാരിന്റെ ഒരു കുബുദ്ധി കൂടി ഇക്കാര്യത്തില്‍ ഉണ്ട്. ഞങ്ങള്‍ക്ക് ഇതിനോട് യോജിക്കാന്‍ കഴിയില്ല. ഗവണ്മെന്റ് എടുത്ത തീരുമാനത്തിനോട് ഞങ്ങള്‍ക്ക് ശക്തമായ പ്രതിഷേധം ഉണ്ട്. തുടര്‍ നടപടികള്‍ ഞങ്ങള്‍ ഗൗരവമായി ആലോചിക്കുമെന്നും അദ്ദേഹം ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker