മഴക്കെടുതിയില്‍ രാജ്യത്തെ നടുക്കിയ വയനാട് ഉരുള്‍പൊട്ടലില്‍ രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നതിനിടയിലും കേരളത്തില്‍ മഴ ഭീതി ഒഴിയുന്നില്ല. സംസ്ഥാനത്ത് തിങ്കളാഴ്ച വരെ ഒറ്റപ്പെട്ട ഇടങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. മധ്യ കേരളതീരം മുതല്‍ തെക്കന്‍ ഗുജറാത്ത് തീരം വരെ ന്യൂനമര്‍ദ പാത്തി നിലനില്‍ക്കുന്നുണ്ടെന്നും കാലാവസ്ഥാ കേന്ദ്രം മുന്നറിയിപ്പ് നല്‍കുന്നു.
വടക്കന്‍ പടിഞ്ഞാറന്‍ ജാര്‍ഖണ്ഡിന് മുകളിലെ തീവ്ര ന്യൂന മര്‍ദം തെക്കന്‍ ബീഹാറിനും വടക്ക് പടിഞ്ഞാറന്‍ ജാര്‍ഖണ്ഡിന് മുകളില്‍ അതി തീവ്രന്യൂനമര്‍ദമായി ശക്തി പ്രാപിച്ചു. ഈ അതിതീവ്ര ന്യൂനമര്‍ദം അടുത്ത 48 മണിക്കൂറിനുള്ളില്‍ തെക്ക് പടിഞ്ഞാറന്‍ ബിഹാര്‍, തെക്ക് കിഴക്കന്‍ ഉത്തര്‍പ്രദേശ്, കിഴക്കന്‍ മധ്യ പ്രദേശ്, വഴി സഞ്ചരിച്ചേക്കുമെന്നും മുന്നറയിപ്പ് പറയുന്നു. ഇതിന് പുറമെ പടിഞ്ഞാറന്‍ രാജസ്ഥാന് മുകളില്‍ മറ്റൊരു ന്യൂന മര്‍ദവും രൂപംകൊണ്ടിട്ടുണ്ട്. ഇവയെല്ലാം വരും ദിവസങ്ങളില്‍ മഴ സജീവമാക്കുമെന്നും മുന്നറിയിപ്പുകള്‍ പറയുന്നു.